Sorry, you need to enable JavaScript to visit this website.

ഇഖാമ പുതുക്കാൻ ആശ്രിതരുടെ ലെവി പൂർണമായും അടക്കണം

റിയാദ്- വിദേശ തൊഴിലാളികളുടെ ഇഖാമകൾ പുതുക്കാൻ ആശ്രിതരുടെ ലെവി പൂർണമായും അടക്കമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഉപയോക്താക്കളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം ജവാസാത്ത് വ്യക്തമാക്കിയത്. കൊറോണ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി വിദേശ തൊഴിലാളികളുടെ ഇഖാമകൾ ലെവിയില്ലാത്ത മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചു നൽകാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നേരത്തെ നിർദേശിച്ചിരുന്നു. 


ഇതുപ്രകാരം വിദേശ തൊഴിലാളിയുടെയും കുടുംബാംഗങ്ങളുടെയും ഇഖാമകളുടെ കാലാവധി മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചു നൽകി. ഇവരുടെ ഇഖാമ കാലാവധി ദുൽഖഅ്ദ 27 ന് അവസാനിക്കും. ഇഖാമകൾ പുതുക്കുമ്പോൾ ഒരു വർഷത്തെയാണോ, അതല്ല, ഒരു വർഷവും മൂന്നു മാസത്തെയും ലെവിയാണോ അടക്കേണ്ടതെന്ന് ആരാഞ്ഞും വിദേശ തൊഴിലാളികളുടെ ഇഖാമകൾ സൗജന്യമായി മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചു നൽകാനാണ് രാജകൽപന അനുശാസിച്ചിരുന്നതെന്ന് കാര്യം ഉണർത്തിയും ഉപയോക്താവ് നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ആശ്രിതരുടെ ഇഖാമ പുതുക്കാൻ ഒരു വർഷവും മൂന്നു മാസത്തെയും ലെവി പൂർണമായും അടക്കണമെന്ന് ജവാസാത്ത് വ്യക്തമാക്കിയത്. 


രാജകൽപന പ്രകാരമുള്ള മൂന്നു മാസത്തെ ലെവി ഇളവ് ആനുകൂല്യം വിദേശ തൊഴിലാളികൾക്ക് മാത്രമാണ് ലഭിക്കുകയെന്നും ആശ്രിതർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും ജവാസാത്ത് സൂചിപ്പിച്ചു. മാർച്ച് 20 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ഇഖാമ കാലാവധി അവസാനിച്ച വിദേശികൾക്കാണ് മൂന്നു മാസത്തേക്ക് ലെവി ഇളവ് നൽകിയത്. ലെവിയില്ലാതെ ഇവരുടെ ഇഖാമ മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചു നൽകുകയായിരുന്നു. ഇതോടൊപ്പം ആശ്രിതരുടെയും ഇഖാമാ കാലാവധി കൂടി ദീർഘിപ്പിച്ചു നൽകിയില്ലെങ്കിലും ഇനി പുതുക്കുമ്പോൾ മൂന്നു മാസത്തെ കുടിശ്ശിക അടക്കം ആശ്രിതരുടെ ലെവി അടക്കൽ നിർബന്ധമാണെന്നാണ് ജവാസാത്ത് വ്യക്തമാക്കിയിരിക്കുന്നത്. 

Latest News