തിരുവനന്തപുരം- ഇ-ബസ് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തല ഉത്തരവാദപ്പെട്ട ഉയർന്ന പദവിയിലാണ് ഇരിക്കുന്നത്. അത് മനസ്സിലാക്കാൻ അദ്ദേഹം തയ്യാറാവണമെന്നും പിണറായി പറഞ്ഞു.
പത്രസമ്മേളനത്തിന്‍റെ പൂര്‍ണരൂപം:
ഇന്നലെ അദ്ദേഹം പറഞ്ഞത് 'ചീഫ് സെക്രട്ടറി കണ്ടെത്തിയതു കൊണ്ടാണ് ഇലക്ട്രിക് ബസ് നിർമാണ കരാറിലേക്ക് പോകാതിരുന്നത് എന്നാണ്'. അത് സമർത്ഥിക്കാൻ ഫയലിൻറെ ഒരു ഭാഗവും അദ്ദേഹം ഉയർത്തിക്കാട്ടുകയുണ്ടായി.
ഫയൽ പരിശോധിക്കുമ്പോൾ ഒരു ഭാഗം മാത്രം കാണുകയും അതിനുമുമ്പും പിമ്പുമുള്ളത് വിട്ടുപോവുകയും ചെയ്യുന്നത് അത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ ഫയൽ തനിയെ നടന്നു പോയതല്ല. അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രി അതിൽ ഇതിൽ ഒരു വാചകം എഴുതിയിട്ടുണ്ട്.'ചീഫ് സെക്രട്ടറി കാണുക' എന്നതാണ് ആണ് ആ വാചകം. അതായത് ഫയലിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് ചീഫ് സെക്രട്ടറി പരിശോധിച്ച് അതിൽ അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്.
അതിനർത്ഥം മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് പരിശോധിക്കാൻ ആവശ്യപ്പെടുകയും ചീഫ് സെക്രട്ടറിയുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു എന്നാണ്. ഇത് എന്തിനാണ് പ്രതിപക്ഷ നേതാവ് മറച്ചുവെച്ചത്? പ്രതിപക്ഷ നേതാവ് പറയുന്ന ഫയലിൽ ഒരു തവണ മാത്രമല്ല മുഖ്യമന്ത്രി ഇങ്ങനെയുള്ള പരിശോധനകളും അഭിപ്രായങ്ങളും ആവശ്യപ്പെട്ടത്. ഫയൽ അദ്ദേഹത്തിൻറെ കൈയിലുണ്ടല്ലൊ. ഒന്ന് മനസ്സിരുത്തി വായിച്ചുനോക്കണം.
കഴിഞ്ഞദിവസം ഞാനൊരു കാര്യം പറഞ്ഞിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പു വേണമെന്ന്. ഇപ്പോഴും പറയുന്നു ഉറപ്പു വേണം. അല്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് നമ്മുടെയാകെ വിലപ്പെട്ട സമയം പാഴാക്കാൻ ശ്രമിക്കരുത്.
തെറ്റായ കാര്യങ്ങൾ ഓരോ ദിവസം പറയുകയും അതിനു നിങ്ങൾ മറുപടി തേടുകയും ചെയ്യുന്നത് വൃഥാ വ്യായാമമാണ്. എന്നാൽ, ഒരുകാര്യം ഉറപ്പിച്ചു പറയാം. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും ഒരു തരത്തിലുമുള്ള തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ല, നടക്കുകയുമില്ല. ഏതെങ്കിലും ആക്ഷേപം കേട്ടതുകൊണ്ട് കേരളത്തിൻറെ ഭാവിക്ക് അനിവാര്യമായ പദ്ധതികൾ ഉപേക്ഷിക്കുവാനും പോകുന്നില്ല.
ഇലക്ട്രിക് ബസ് നിർമാണത്തിനുള്ള പദ്ധതി കേരളത്തിൽനിന്ന് പറിച്ചുകൊണ്ടുപോകാൻ ചില ശ്രമങ്ങൾ നടത്തുന്നതായി വിവരമുണ്ട്. അത്തരം ഒരു ശ്രമത്തിന് വളംവെച്ചുകൊടുക്കാൻ തയ്യാറാവരുത് എന്നാണ് പ്രതിപക്ഷ നേതാവിനോട് അഭ്യർത്ഥിക്കാനുള്ളത്.
ആദ്യമായി പറയാനുള്ളത് കേരളത്തെ വൈദ്യുത വാഹന നിർമാണത്തിൻറെ ഹബ്ബാക്കി മാറ്റുക എന്നതാണ് സർക്കാർ രൂപീകരിച്ച വൈദ്യുത വാഹന നയത്തിൻറെ പ്രധാന ലക്ഷ്യം എന്നതാണ്. അത് കുറേ വൈദ്യുതി ബസുകൾ ഉണ്ടാക്കുക എന്നതിലേക്ക് ചുരുക്കിക്കാണരുത്. വൈദ്യുതി ബസുകൾ ഉൾപ്പെടെയുള്ളവ നിരത്തിലിറക്കി പൊതുഗതാഗത സംവിധാനത്തെ പരിസ്ഥിതി സൗഹൃദമാക്കുക, വൈദ്യുത വാഹന നിർമാണ മേഖലയിലും അനുബന്ധ മേഖലകളിലും പുതിയ അവസരങ്ങൾ സൃഷ്ടിച്ച് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ തൊഴിൽ കണ്ടെത്താനുള്ള സാഹചര്യമൊരുക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
ഇതിനോടൊപ്പം ബാറ്ററി നിർമാണം അടക്കമുള്ള അനുബന്ധ വ്യവസായങ്ങളും സംസ്ഥാനത്തേക്കു വരും. വൈദ്യുത വാഹനനിർമാണം പുരോഗമിക്കുമ്പോൾ തന്നെ ഐടി, ബിടി, ആഗ്രോ വ്യവസായങ്ങളും വളരുകയാണ്. ഇങ്ങനെ വ്യവസായ മേഖലയെ പരസ്പരബന്ധിതവും കാലാനുസൃതവുമായ പുതിയ തലത്തിലേക്ക് ഉണർവുനൽകുക എന്നതാണ് സർക്കാരിൻറെ നയം. അതിനെ ചുരുക്കിക്കാണിക്കാനും വിവാദങ്ങളുയർത്തി തളർത്താനുമുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ജനവിരുദ്ധമാണ്.
കൺസൾട്ടൻസി സ്ഥാപനമായ പിഡബ്ല്യുസിക്കുമേൽ സെബി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പിഡബ്ല്യുസിയുടെ കാര്യം വിശദീകരിക്കേണ്ടത് അവർ തന്നെയാണ്. അതല്ലാതെ തന്നെ ചോദിക്കട്ടെ സെബിയുടെ നിരോധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? സത്യം ഗ്രൂപ്പ് കമ്പനികളുടെ ഓഡിറ്റിങ്ങിൽ പിഴവ് വരുത്തി എന്ന കാരണം പറഞ്ഞ് സെബി, െ്രെപസ് വാട്ടർഹൗസ് കൂപ്പർ ബംഗളൂരു എൽഎൽപി എന്ന സ്ഥാപനത്തിന് ഏർപ്പെടുത്തിയത് ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഡിറ്റിങ് നടത്തുന്നതിൽ നിന്നും രണ്ടുവർഷത്തേക്കുള്ള വിലക്കാണ്.
25.03.2019ന് നിക്‌സി എംപാനൽ ചെയ്തിട്ടുള്ള കമ്പനികളുടെ ലിസ്റ്റ് താഴെ പറയുന്നു:
1. ഡെലോയിറ്റ് ട്യൂഷ്യേ തൊമാത്സു ഇന്ത്യ
2. ഏൺസ്റ്റ് ആൻറ് യങ്
3. കെപിഎംജി
4. െ്രെപസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ്
5. വിപ്രോ ലിമിറ്റഡ്
കൺസൾട്ടൻസിക്ക് വിലക്ക് ഉണ്ടെങ്കിൽ നിക്‌സി അതു പറയില്ലേ? നിക്‌സി ഇങ്ങനെ പാനൽ തയ്യാറാക്കുമോ? വസ്തുതകളെ ഭാഗികമായി അവതരിപ്പിച്ചും യാഥാർത്ഥ്യങ്ങളെ തമസ്‌കരിച്ചും പൊതുമണ്ഡലത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനാകുമോ എന്ന ശ്രമമല്ലേ പ്രതിപക്ഷ നേതാവിൻറേത്?
അദ്ദേഹം ഉന്നയിച്ച മറ്റൊരു വിഷയം ഇലക്ട്രിക് ബസ് നിർമാണ രംഗത്തേക്ക് ഹെസ്സുമായി സർക്കാർ ചർച്ച നടത്തുന്നതിനെ സംബന്ധിച്ചാണ്. കേന്ദ്രസർക്കാരിൻറെ നയത്തിനനുസരിച്ചാണ് ഇവെഹിക്കിൾ പോളിസി സംസ്ഥാന സർക്കാർ രൂപപ്പെടുത്തുന്നത്. പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാർ ഇതിനുവേണ്ടി സത്വരമായ നടപടികൾ സ്വീകരിക്കും. അതിൽ ആർക്കും സംശയം വേണ്ട.
2018 മെയ് 15ന് സംസ്ഥാന ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ ഇ.വി. റോഡ്മാപ്പ് തയ്യാറാക്കാൻ ഒരു സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. 2018 ജൂൺ 18ന് സംസ്ഥാനതല എംപവേഡ് കമ്മിറ്റി യോഗം ചേർന്ന് കരട് വൈദ്യുത വാഹന നയം രൂപീകരിക്കാൻ തീരുമാനിച്ചു. ഇതിനെത്തുടർന്ന് ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 2018 ജൂൺ 27ൻറെ നീതി ആയോഗ് യോഗത്തിൽ പങ്കെടുത്തു. തുടർന്ന് ജൂലൈ 9ന് ഉദ്യോഗസ്ഥതല യോഗം ചേർന്നു.
2018 നവംബർ 30, ഡിസംബർ 21 എന്നീ തീയതികളിലെ ഗതാഗതവകുപ്പ് സെക്രട്ടറിയുടെ കുറിപ്പുകൾ പ്രകാരമാണ് ഹെസ് കമ്പനി കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് താൽപര്യം പ്രകടിപ്പിച്ചത് സർക്കാരിൻറെ മുന്നിൽ പരിഗണനയ്ക്കായി എത്തുന്നത്. അവരുടെ സംഘം കെഎസ്ആർടിസി, കേരള ഓട്ടോമൊബൈൽസ് എന്നീ സ്ഥാപനങ്ങൾ സന്ദർശിക്കുകയും വ്യവസായ, ഗതാഗത വകുപ്പ് സെക്രട്ടറിമാരുമായി ചർച്ച നടത്തുകയും ചെയ്തു. കേരളത്തിൽ ബസ് ബോഡി നിർമാണത്തിനായുള്ള ഒരു ജോയിൻറ് വെൻച്വർ യൂണിറ്റ് സ്ഥാപിച്ച് അസംബ്ലിങ് നടത്തുന്നതിനും താൽപര്യം ഹെസ്സ് അറിയിച്ചു. താൽപര്യമുള്ള മറ്റു കമ്പനികൾ ഉണ്ടോ എന്നറിയാൻ കെഎഎൽ താൽപര്യപത്രം ക്ഷണിച്ചിരുന്നു. മറ്റൊരു കമ്പനിയും മുന്നോട്ടുവരാത്ത സാഹചര്യത്തിൽ ഹെസ്സുമായി മുന്നോട്ടുപോകാനുള്ള നടപടിക്രമം ആരംഭിച്ചു. ഇതിനായി കരട് ധാരണാപത്രം സർക്കാരിൻറെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തു.
ഈ ഫയലിൻറെ ഭാഗമായി 2018 നവംബർ 30ന് സമർപ്പിച്ച കുറിപ്പിലാണ് മുഖ്യമന്ത്രി 'ചീഫ് സെക്രട്ടറി കാണുക' എന്ന് അഭിപ്രായപ്പെട്ടത്. 2018 ഡിസംബർ 21ന് സമർപ്പിക്കപ്പെട്ട ഫയലിൽ ഹെസ്സുമായുള്ള ധാരണാപത്രം നിയമവകുപ്പ് കാണണമെന്നും ധനകാര്യവകുപ്പിൻറെ അഭിപ്രായം തേടണമെന്നും നടപടി ത്വരിതപ്പെടുത്തണമെന്നുമാണ് മുഖ്യമന്ത്രി കുറിപ്പ് എഴുതിയത്. നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പുവരുത്താൻ മുഖ്യമന്ത്രിയുടെ വ്യക്തമായ നിർദ്ദേശമാണ് നൽകിയത് എന്നു സാരം.
അതു പ്രകാരമാണ് ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പും ഫയൽ പരിശോധിക്കുകയും അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്. എംഒയു ഒപ്പിടാൻ കേന്ദ്ര സർക്കാരിൻറെ വിദേശമന്ത്രാലയത്തിൻറെ അനുമതി കൂടി ആവശ്യമാണ്. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉദ്യോഗസ്ഥ തലത്തിൽ ഇതിന് അനുമതി തേടുകയും വിദേശമന്ത്രാലയം 2019 ജൂലൈ 22ന് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.
ഇതെല്ലാം എങ്ങനെയാണ് തെറ്റാവുന്നത്? ആരോടും അഭിപ്രായം തേടാതെ മുഖ്യമന്ത്രി അംഗീകരിക്കുന്നതാണോ ശരി? മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനനുസരിച്ച് വിവിധ വകുപ്പുകൾ അഭിപ്രായം രേഖപ്പെടുത്തുന്നതിൽ എന്ത് അസ്വാഭാവികതയാണുള്ളത്?
എംഒയു ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇപ്പോഴും പരിശോധനയിലാണുള്ളത്. എന്നാൽ, വൈദ്യുത വാഹന നയത്തിൽനിന്ന് പിന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നുമില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചു മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. അതിലാരും സംശയിക്കേണ്ടതില്ല. ബഹളംവെച്ച് ഒരു നിക്ഷേപക കമ്പനിയെ കേരളത്തിൽനിന്ന് പറിച്ചുകൊണ്ടുപോയി വേറെ എവിടെയെങ്കിലും നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്ന കുബുദ്ധികളുണ്ടെങ്കിൽ അവരുടെ അജണ്ടയ്ക്കു പിന്നാലെ പോകാൻ ഈ സർക്കാരിനെ കിട്ടില്ല.
നമ്മുടെ സംസ്ഥാനത്ത് നിക്ഷേപം നടത്താൻ ഒരു കമ്പനി താൽപര്യമെടുത്തു വന്നാൽ അതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് നിലപാട്. ഈ നിക്ഷേപത്തിൽ താൽപര്യമുള്ളവരെ തേടി കെഎഎൽ താൽപര്യപത്രം വിളിച്ചകാര്യം നേരത്തേ പറഞ്ഞല്ലൊ.
നടത്താൻ താൽപര്യമുള്ളവർ ആവശ്യമായ അംഗീകാരങ്ങൾ നേടിയാൽ അത് നടത്താൻ അനുവദിക്കുക എന്നുള്ളതാണ് നിക്ഷേപ സൗഹൃദ നയം. കഴമ്പില്ലാത്ത വിവാദങ്ങൾ ഉയർത്തി നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന നിക്ഷേപങ്ങളെ ഇവിടുന്ന് ഓടിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാൻ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഞങ്ങൾ യൂറോപ്പ് യാത്ര നടത്തിയത് 2019 മെയ് എട്ടു മുതലാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട സർക്കാരിലേക്ക് വരുന്നത് അതിനു മുമ്പത്തെ വർഷം, 2018 നവംബറിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.