തിരുവനന്തപുരം- കോവിഡ് പ്രതിസന്ധി മൂലം വിദേശത്ത്‌നിന്ന് എത്തിയ 1,43,147 പ്രവാസികളിൽ 74,849 പേരും തൊഴിൽ നഷ്ടപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിസാ കാലാവധി തീർന്ന 46,257 പേരെത്തി. കേരളം ഇന്നലെ വരെ 1543 ഫ്‌ളൈറ്റുകൾക്കാണ് അനുമതിപത്രം നൽകിയിട്ടുള്ളത്. കൂടുതൽ വിമാനങ്ങൾക്കായി അനുമതിപത്രം ലഭിക്കുന്നുണ്ട്. ആർക്കും നിഷേധിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മെയ് ഏഴിനുശേഷം ഇന്നലെ വരെ 870 വിമാനങ്ങളും 3 കപ്പലുകളും വിദേശങ്ങളിൽനിന്ന് വന്നിട്ടുണ്ട്. 600 ചാർട്ടേർഡ് ഫ്‌ളൈറ്റുകളാണ്. ഏറ്റവും കൂടുതൽ വിമാനങ്ങൾ വന്നത് യുഎഇയിൽ നിന്നാണ്. 446 വിമാനങ്ങളിലായി 73,212 പേരാണ് വന്നത്. കോഴിക്കോട്ട് 222ഉം കൊച്ചിയിൽ 201ഉം കണ്ണൂരിൽ 104 ഉം തിരുവനന്തപുരത്ത് 67ഉം വിമാനങ്ങളെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.






