കൊണ്ടോട്ടി- ഗൾഫിൽനിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരെ കൂട്ടത്തോടെ കോവിഡ് പരിശോധനക്കയച്ചത് പ്രവാസികളെ ദുരിതത്തിലാക്കി. രാത്രി 8.30 ഓടെ ഖത്തറിൽനിന്ന് ഇൻഡിഗോ വിമാനത്തിലും രാത്രി 12 മണിക്ക് റിയാദിൽ നിന്ന് ഫ്‌ളൈ നാസ് വിമാനത്തിലും കരിപ്പൂരിലെത്തിയ 80 ലധികം യാത്രക്കാരെയാണ് കോവിഡ് പരിശോധനക്ക് കുമ്മിണിപ്പറമ്പിലെ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തെത്തിച്ചത്.
കരിപ്പൂരിൽ നടത്തിയ ശരീരോഷ്മാവ് അടക്കമുളള പരിശോധനയിൽ പോസിറ്റീവ് എന്നു പറഞ്ഞാണ് ഇവരെ കോവിഡ് ടെസ്റ്റിന് കൊണ്ടുവന്നത്. നാലു കെ.എസ്.ആർ.ടി.സി ബസ്സുകളിലാണ് യാത്രക്കാരെ രണ്ട് കിലോമീറ്റർ അകലെയുളള കുമ്മിണിപ്പറമ്പ് പരിശോധന കേന്ദ്രത്തിലേക്ക് എത്തിച്ചത്. എന്നാൽ രാത്രിയിൽ തുടങ്ങിയ പരിശോധന രാവിലേയും കഴിഞ്ഞിരുന്നില്ല.മതിയായ വെളളവും ഭക്ഷണങ്ങളൊന്നും ലഭിച്ചില്ലെന്ന് യാത്രക്കാർ പറഞ്ഞു.
യാത്രക്കാരുടെ സ്രവം എടുത്തുളള കോവിഡ് പരിശോധനയാണ് ഇവിടെ നടത്തുന്നത്. ആരോഗ്യ വകുപ്പിന് സംശയം തോന്നുന്നവരെ മാത്രമാണ് ഇത്തരത്തിൽ പരിശോധനക്ക് വിധേയമാക്കുന്നത്. രണ്ടു വിമാനങ്ങളിൽ എത്തിയ യാത്രക്കാരെ കൂട്ടത്തോടെ പരിശോധനക്ക് വിധേയമക്കുന്നതും ഇതാദ്യമായാണ്. എന്നാൽ പരിശോധനക്ക് ഏറെ സമയമെടുക്കുന്നതും ,മതിയായ ജീവനക്കാരില്ലാത്തതുമാണ് യാത്രക്കാരെ വലച്ചത്. ഉറക്കമൊഴിച്ച് മണിക്കൂറുകൾ കാത്ത് നിന്ന യാത്രക്കാർ പ്രതിഷോധമുയർത്തി. എന്നാൽ സംശയമുളളവരെ പരിശോധന നടത്തി റിസൽട്ട് ലഭിച്ചാൽ മാത്രമെ ക്വാറന്റൈനിലേക്ക് മാറ്റാൻ കഴിയുകയുളളവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.






