Sorry, you need to enable JavaScript to visit this website.

കോവിഡ് മുൻനിര പോരാളികളുമായി സംവദിച്ച് രാഹുൽ ഗാന്ധി

ന്യൂദൽഹി- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരിച്ച ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡോക്‌ടേഴ്‌സ് ദിനത്തിൽ ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുമുള്ള ഇന്ത്യൻ നഴ്‌സുമാരുമായി സംവദിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിച്ച രാഹുൽ അവരുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷിച്ചു. അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിൽ കോവിഡ് പ്രതിസന്ധിയെ എങ്ങനെ മറികടക്കാം എന്ന് നഴ്‌സുമാർ ചർച്ചയിൽ വിശദീകരിച്ചു.
ദൽഹി എയിംസിൽ നിന്നും കോഴിക്കോട് സ്വദേശി വിപിൻ കൃഷ്ണൻ, ന്യൂസിലന്റിൽ നിന്നും തൃശൂർ നടവരമ്പ് സ്വദേശി അനു രാഗ്‌നാഥ്, ഓസ്േ്രടലിയയിൽ നിന്നും നരേന്ദ്ര സിങ്, ബ്രിട്ടണിൽ നിന്നും ആലപ്പുഴ രാമങ്കരി സ്വദേശി ഷെർലിമോൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറന്നതിലുള്ള പരിഭവമായിരുന്നു ദൽഹി എയിംസിൽ ജോലിചെയ്യുന്ന മലയാളിയായ വിപിൻ കൃഷ്ണക്ക് പറയാനുണ്ടായിരുന്നത്. ഭാര്യക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നെന്നും തങ്ങൾ രണ്ടു പേരും ഇപ്പോഴും ക്വാറന്റീനിൽ തുടരുകയാണെന്നും വിപിൻ പറഞ്ഞു.

പ്രധാനമന്ത്രി ജസീന്ത ആർഡന്റെ നടപടികൾ കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടുന്നതിൽ നിർണായകമായെന്ന് ന്യൂസിലൻഡിൽ ജോലിചെയ്യുന്ന അനു രാഗ്‌നാഥ് അഭിപ്രായപ്പെട്ടു. അവരുടെ കഠിന പ്രവർത്തനവും ശക്തമായ നിലപാടുമാണ് നിയന്ത്രണം സാധ്യമാക്കിയത് അനു കൂട്ടിച്ചേർത്തു. ആളുകൾ മരിച്ചു വീഴാൻ തുടങ്ങിയപ്പോഴാണ് ഇത് ഒരു സാധാരണ പനിയല്ലെന്ന ഗൗരവം ലോകം മുഴുവൻ ഉൾക്കൊണ്ടതെന്ന് നരേന്ദ്ര സിങ് ചൂണ്ടിക്കാട്ടി.
സ്വകാര്യ ആശുപത്രികൾ ശമ്പളം കുറക്കുന്നത്, ആവശ്യത്തിന് മെഡിക്കൽ കിറ്റുകൾ ലഭിക്കാത്തത് തുടങ്ങിയ കാര്യങ്ങളെല്ലാം നഴ്‌സുമാർ രാഹുലുമായി പങ്കുവെച്ചു.

 

Latest News