ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് താജ് മഹല്‍ പുറത്ത്; അയോധ്യയിലെ ക്ഷേത്രം അകത്ത്

ലക്‌നൗ- ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ഏറ്റവും പുതിയ പട്ടികയില്‍ നിന്ന് ലോകാത്ഭുതങ്ങളിലൊന്നായ  താജ് മഹല്‍ പുറത്ത്. പുതുതായി ഇറക്കിയ ബുക്കലെറ്റില്‍ താജ് മഹലിനെ കുറിച്ച് പരാമര്‍ശം പോലുമില്ല. അതേസമയം മഥുരയിലേയും അയോധ്യയിലേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിലേയും ക്ഷേത്രങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
 
പട്ടിക പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. സര്‍ക്കാരിന്റെ കരുതിക്കൂട്ടിയുള്ള നീക്കമായാണ് ഇത് വ്യാപകമായി ആരോപിക്കപ്പെട്ടത്. പലകോണുകളില്‍ നിന്നും ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തില്‍ വിവാദം കത്തുമെന്നായതോടെ വിശദീകരണവുമായി സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ടൂറിസം വികസനത്തിനു വേണ്ടി ലോക ബാങ്കില്‍ നിന്നെടുത്ത 350 കോടിയുടെ വായ്പയില്‍ 150 കോടി രൂപയും താജ്മഹലിനും പരിസപ്രദേശങ്ങള്‍ക്കും വേണ്ടിയാണ് നീക്കിവച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.
താജ് മഹലിനെതിരായ ബിജെപി സര്‍ക്കാരിന്റെ നീക്കം നേരത്തേയും ചര്‍ച്ചയായതാമ്. വിദേസ പ്രതിനിധികള്‍ക്ക് താജ്മഹലിന്റെ പ്രതിരൂപം സമ്മാനമായി നല്‍കുന്ന പാരമ്പര്യം അവസാനിപ്പിക്കണമെന്നും താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നുമുള്ള വിമര്‍ശനം നേരത്തെ മുഖ്യമന്ത്രി ആദിത്യനാഥ് തന്നെ ഉന്നയിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് വിദേശ സന്ദര്‍ശകരെ ഓരോ വര്‍ഷവും ആകര്‍ഷിക്കുന്ന ചരിത്ര സ്മാരകമാണ് താജ്മഹല്‍.
 

Latest News