Sorry, you need to enable JavaScript to visit this website.

വെൽഫെയർ പാർട്ടി മതമൗലികവാദ സംഘം; ലീഗുമായുള്ള കൂട്ടുകെട്ട് സമതുലിതാവസ്ഥ തകർക്കും-സമസ്ത

കോഴിക്കോട്- ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നീക്കത്തെ ശക്തമായി എതിർത്ത് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം രംഗത്ത്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം.

മതരാഷ്ട്രീയ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഇസ്ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണെന്നാണ് ജമാഅത്ത് വിശ്വസിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കാനുള്ള ലീഗ് നീക്കം സ്വയം കുളം തോണ്ടുന്നത് സമാനമാണ്. തീവ്രവാദികൾക്ക് മുഖ്യധാരയിലേക്ക് വരാൻ ലീഗ് കളമൊരുക്കുകയാണെന്നും ഉമർ ഫൈസി മുക്കം ലേഖനത്തിൽ വ്യക്തമാക്കുന്നു.

'ജമാഅത്തെ ഇസ്ലാമി അന്തർദേശീയ മാനമുള്ള മത, രാഷ്ട്രീയ സംഘടനയാണ്. ഇസ്ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണ് എന്ന് വ്യാജമായി പ്രചരിപ്പിച്ചവരാണവർ. ഇസ്ലാം ഒരു സമ്പൂർണ, സമഗ്ര പ്രത്യയശാസ്ത്രം എന്ന നിലയ്ക്ക് രാഷ്ട്രീയം അതിന്റെ പരിധിക്ക് പുറത്തല്ല. അടിസ്ഥാന തത്ത്വശാസ്ത്രം ദുർവ്യാഖ്യാനം ചെയ്തു മതമൗലികരാഷ്ട്രവാദം ഉയർത്തിക്കൊണ്ടുവന്നു വിശുദ്ധ ഇസ്ലാമിന്റെ സൗന്ദര്യം നഷ്ടപ്പെടുത്താൻ ഇക്കൂട്ടർ ശ്രമിച്ചിട്ടുണ്ട്. ഭരണവും രാഷ്ട്രീയവും ലക്ഷ്യമാക്കുന്ന, ഇതര വിശ്വാസപ്രമാണങ്ങളോട് സഹിഷ്ണുത കാണിക്കാത്ത, വംശീയ, വർഗീയ ആശയങ്ങൾ പ്രതിനിധാനം ചെയ്യുന്ന തീവ്രരാഷ്ട്രീയ സംഘടനയാണ് ഇസ്ലാമെന്ന് വരുത്തിത്തീർക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിച്ചത്.

'വിശുദ്ധ ഇസ്ലാമിന്റെ മിതവാദ സമീപനങ്ങൾക്ക് ചെവിയും ബുദ്ധിയും കൊടുക്കാതെ ഭരണാന്ധത ബാധിച്ച ആശയ ദാരിദ്ര്യമാണ് ജമാഅത്തെ ഇസ്ലാമിയുടെ സഞ്ചിയിലുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടന എസ്.ഐ.ഒയുടെ ആശയ അടിവേര് സിയോണിസത്തിലാണെന്ന് ദീർഘദൃഷ്ടിയുള്ള പണ്ഡിതൻ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ കോഴിക്കോട് നഗരത്തിൽ ഒരു മഹാ സമ്മേളനത്തിൽ പരസ്യമായി മുന്നറിയിപ്പു നൽകിയിരുന്നു. ഇസ്ലാമിന്റെ സൗന്ദര്യ ആവിഷ്‌കാരം അസാധ്യമാക്കുകയും മുസ്ലിംകളെ ഇരകളാക്കി ഒരുക്കിനിർത്തി, സാമ്രാജ്യത്വശക്തികൾക്ക് വേട്ടയാടി നശിപ്പിക്കാൻ പാകപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. രാഷ്ട്രീയ ഭൂമികയുടെ സാധ്യതകളും സാവധാനം ഇവർ ഇല്ലാതാക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ചട്ടുകമാണ് വെൽഫെയർ പാർട്ടി. അവരുമായി നടത്തുന്ന ഏത് നീക്കുപോക്കുകളും സ്വയം കുളംതോണ്ടുന്നതിന് തുല്യമാണ്. മധ്യപൗരസ്ത്യ ദേശത്ത് ഉയർന്നുവന്ന രാഷ്ട്രീയ അസ്ഥിരതയും തീവ്രവാദ ഗ്രൂപ്പുകളും ഇത്തരം മതരാഷ്ട്രീയ സംഘടനകളുടെ സംഭാവനയാണ്. ഐ.എസ് എന്നത് അടിസ്ഥാനപരമായി മതസംഘനടയല്ല. രാഷ്ട്രീയ സംഘടനയാണ്. പക്ഷെ അവർ ഉയർത്തിയ വെല്ലുവിളി ഇസ്്‌ലാമിന്റെ ചുമലിൽ വന്നു ചേർന്നു. സാമ്രാജ്യശക്തികൾക്ക് ഇസ്്‌ലാമിനെയും മുസ്ലിംകളെയും വേട്ടയാടൻ ഐ.എസിനെ ഉപകരണമാക്കി. ലോകത്ത് ഇസ്ലാമിക ജാഗരണവും പൊതുബോധവും തടയുന്നതിന് വേണ്ടി സിയോണിസ്റ്റ് ബൗദ്ധിക മൂശയിൽ ഉരുത്തിരിഞ്ഞ ആശയം സാമ്രാജ്യശക്തികൾ അവരുടെ മാധ്യമ സ്വാധീനത്തിന്റെ ഫലമായി നടപ്പിലാക്കി.
വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കാനുള്ള നീക്കം കേരളത്തിന്റെ രാഷ്ട്രീയ സമതുലിതാവസ്ഥകളെ അലോസരപ്പെടുത്തുന്നതാണ്. മുസ്ലിം ലീഗ് പോലെ പൊതുസമൂഹത്തിന് സ്വീകാര്യതയുള്ള ഒരു സംഘടന ഇത്തരമൊരു നീക്കത്തിന് മുതിരരുത്.-ഉമര്‍ ഫൈസി ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

 

Latest News