ലോക്ക്ഡൗണ്‍ തുടരുന്നു; ജെഇഇ,നീറ്റ് പരീക്ഷകള്‍ നീട്ടിവെക്കണമെന്ന് കേന്ദ്രത്തിന് രക്ഷിതാക്കളുടെ കത്ത് 


ന്യൂദല്‍ഹി- ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ജെഇഇ,നീറ്റ് പരീക്ഷകളുടെ നടത്തിപ്പില്‍ അനിശ്ചാതവസ്ഥ തുടരുന്നു. ജെഇഇ,നീറ്റ് പരീക്ഷകള്‍  നീട്ടിവെക്കുന്നത് സംബന്ധിച്ച് കേന്ദ്ര എച്ച്ആര്‍ഡി മന്ത്രി ഇതുവരെ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര,നാഗാലാന്റ്,ജാര്‍ഖണ്ഡ്,പശ്ചിമബംഗാള്‍,തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രണ്ട് പരീക്ഷകളും നീട്ടിവെക്കണമെന്ന് സോഷ്യല്‍മീഡിയയില്‍ ആവശ്യമുയരുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് 2 മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മെട്രോ സര്‍വീസുകള്‍ക്കും ഇതില്‍ പൂര്‍ണമായും അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ജെഇഇ,നീറ്റ് പരീക്ഷകള്‍ നടന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വന്‍വെല്ലുവിളിയായിരിക്കുമെന്നാണ് കരുതുന്നത്. പരീക്ഷകള്‍ മാറ്റിവെച്ചില്ലെങ്കില്‍ ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ ജൂലൈ 23വരെയാണ് നടക്കുക. നീറ്റ് പരീക്ഷ ജൂലൈ 26നാണ് നിശ്ചയിച്ചിട്ടുള്ളത്.

ഈ രണ്ട് പരീക്ഷകളും നീട്ടിവെക്കുമോ എന്ന കാര്യത്തില്‍ അന്തിമ നിലപാട് പ്രഖ്യാപിക്കേണ്ടത് മാനവവിഭവശേഷി വകുപ്പ് മന്ത്രിയാണ്. സിബിഎസ്‌സി,ഐസിഎസ്‌സി ബോര്‍ഡുകള്‍ നിലവില്‍ പത്താംക്ലാസ് ,പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയിട്ടുണ്ട്. ദേശീയ തലത്തിലുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷ നീറ്റ് 2020 മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ട് രക്ഷാകര്‍തൃ അസോസിയേഷന്‍ ഓഫ് ഇന്ത്യ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്  കത്ത് അയച്ചിട്ടുണ്ട്.

Latest News