നജ്റാൻ- വാണിജ്യ വഞ്ചനാ കേസിൽ നജ്റാൻ ക്രിമിനൽ കോടതി ഇന്ത്യക്കാരന് പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. നജ്റാനിൽ പ്രവർത്തിക്കുന്ന ലാന്റ്മാർക്ക് അൽഅറേബ്യ കമ്പനി ശാഖയിലെ കമ്പനി പ്രതിനിധിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സുബ്രഹ്മണ്യനാണ് ശിക്ഷ. ഇന്ത്യക്കാരനു പുറമെ കമ്പനി ശാഖക്കും പിഴ ചുമത്തിയിട്ടുണ്ട്. ഫർണിച്ചറും റെഡിമെയ്ഡ് വസ്ത്രങ്ങളും അത്തറുകളും വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഓഫർ വ്യവസ്ഥകൾ ലംഘിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുകയായിരുന്നു. സ്ഥാപനത്തിന്റെയും ഇന്ത്യക്കാരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യാനും കോടതി വിധിച്ചു.
വ്യാജ ഓഫറുകൾ പ്രഖ്യാപിച്ച് കബളിപ്പിക്കുന്ന സ്ഥാപനങ്ങളെയും മറ്റു വാണിജ്യ നിയമ ലംഘനങ്ങളെയും കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറിൽ കംപ്ലയിന്റ്സ് സെന്ററിൽ ബന്ധപ്പെട്ടോ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ അറിയിക്കണമെന്ന് മന്ത്രാലയം ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.






