റിയാദിൽ കുഴൽപണ ഇടപാട് സംഘം അറസ്റ്റിൽ

റിയാദ്- ബംഗ്ലാദേശുകാരായ നാലംഗ കുഴൽപണ ഇടപാട് സംഘത്തെ സുരക്ഷാ വകുപ്പുകൾ റിയാദിൽനിന്ന് അറസ്റ്റ് ചെയ്തു. നിയമ വിരുദ്ധമായ രീതിയിൽ ആളുകളിൽനിന്ന് പണം ശേഖരിച്ച് വിദേശത്തേക്ക് കടത്തുന്നത് പതിവാക്കിയ സംഘം ദക്ഷിണ റിയാദിലെ ദീറ ഡിസ്ട്രിക്ടിലെ ഫഌറ്റ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. 2,09,000 ലേറെ റിയാലും ആളുകളിൽനിന്ന് സ്വീകരിച്ച പണത്തിന്റെ കണക്കുകൾ രേഖപ്പെടുത്തിയ നോട്ടുപുസ്തകങ്ങളും പ്രതികളുടെ പക്കൽ കണ്ടെത്തി. 
കുഴൽപണ ഇടപാട് സംഘത്തെ കുറിച്ച് സുരക്ഷാ വകുപ്പുകൾക്ക് വിവരം ലഭിക്കുകയായിരുന്നു. രഹസ്യാന്വേഷണത്തിലൂടെയും നിരീക്ഷണത്തിലൂടെയും നിജസ്ഥിതി ഉറപ്പുവരുത്തിയ ശേഷമാണ് സംഘത്തിന്റെ താവളം സുരക്ഷാ വകുപ്പുകൾ കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തത്. ബംഗ്ലാദേശുകാരുടെ ഫഌറ്റിൽ നടത്തിയ റെയ്ഡിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. 

Latest News