ബംഗളുരു- കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്നതിന്റെ വീഡിയോ പുറത്തായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറാണ് വീഡിയോ പുറത്തുവിട്ടത്. മനുഷ്യത്വരഹിതവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ കാര്യങ്ങളാണിതെന്ന് ശിവകുമാര്‍ ആരോപിച്ചു.
കര്‍ണാടകയിലെ ബെല്ലാരിയില്‍ പിപിഇ കിറ്റുകള്‍ ധരിച്ച ചിലര്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഒരു വലിയ കുഴിയിലേക്ക് തള്ളുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. കര്‍ണാടക സര്‍ക്കാര്‍ കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്ന രീതി ഇതാണെന്നും ഡികെ ശിവകുമാര്‍ ആരോപിച്ചു.
വീഡിയോ പുറത്തായതോടെ വന്‍ വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും സര്‍ക്കാരിനെതിരെ ഉയരുന്നത്.ഇതേതുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.തിങ്കളാഴ്ച ബെല്ലാരിയില്‍ മാത്രം പന്ത്രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.






