കാട്മണ്ഡു- നേപ്പാളിലെ ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ടു. ഒലിയുടെ മുന്‍ വിശ്വസ്തനായ ബാം ദേവ് ഗൗതം, പാര്‍ട്ടി ഉപ ചെയര്‍മാന്‍ പ്രചണ്ഡ, മറ്റ് നേതാക്കളായ മാധവ് നേപ്പാള്‍, ജല നാഥ് ഖനാല്‍ തുടങ്ങിയ നേതാക്കളാണ് രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. ഇതോടെ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
പാര്‍ട്ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് രാജി ആവശ്യം ഉയര്‍ന്നത്. സര്‍ക്കാരിനെ മുന്നോട്ടു നയിക്കുന്നതില്‍ ഒലി പരാജയമാണെന്നു സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ നിലപാടെടുത്തു.
തന്നെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് കെ.പി. ശര്‍മ ഒലി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍നിന്ന് രാജി ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയല്ല താനാണ് ഒലിയുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പ്രചണ്ഡ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനവും പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും ഒലി ഒഴിയണമെന്നാണ് പ്രചണ്ഡ ആവശ്യപ്പെട്ടിരിക്കുന്നത്.