Sorry, you need to enable JavaScript to visit this website.
Friday , August   14, 2020
Friday , August   14, 2020

മിസിസിപ്പിയിലെ ആർച്ചും എബ്രഹാം ലിങ്കനും

എബ്രഹാം ലിങ്കൻ
എബ്രഹാം ലിങ്കൻ താമസിച്ചിരുന്ന 120 വർഷം പഴക്കമുള്ള വീട്. 
ഹസ്സൻ തിക്കോടി
അമേരിക്കയിലെ പഴയ കാല വാഹനങ്ങൾ.
ലേഖകൻ മ്യൂസിയത്തിനകത്ത്
മിസ്സിസിപ്പി  പാർക്ക് 
മിസ്സിസിപ്പി നദി. 
അപ്പർ മിസ്സിസിപ്പി നദി 

ഏഴാം കടലിനക്കരെ -1  

അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ നദിയാണ് മിസ്സിസിപ്പി. 1541ൽ ഹെർണസടോ ഡി സൊടോ എന്ന യൂറോപ്യൻ നാവികനാണ് ഈ നദി കണ്ടെത്തിയത്. അമേരിക്കയിലെ കച്ചവടവുമായി ബന്ധപ്പെട്ട ചരിത്രമാണ് മിസ്സിസിപ്പിയുടെത്. ഇരുപത്തിഅഞ്ചു ഡാമുകൾ ഉള്ള ഈ നദിയിൽ  നിന്നാണ് മിസൂരി നിവാസികൾക്ക് കുടിവെള്ളവും കറന്റും  ലഭിക്കുന്നത്. ഈ നദിക്കരയിലാണ് 'ഗെയിറ്റ് വേ  ഓഫ് ആർച്ച്'.  630 അടി ഉയരവും അത്രതന്നെ അടി വീതിയുമുള്ള അതിമനോഹരമായ ഈ സ്മാരകസൗധം അമേരിക്കയിലെത്തുന്ന സന്ദർശകരെ ആകർഷിക്കും വിധത്തിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ആർച്ചിന്റെ ഏറ്റവും ഉയരത്തിൽ  എത്തിച്ചേരാൻ  8 മിനി റെയിൽ കാബിനുകൾ   പ്രവർത്തിക്കുന്നു. ഒരേ സമയം 40 പേരെ വഹിച്ചുകൊണ്ട് 630 അടി ഉയരത്തിൽ  എത്തിച്ചേരാൻ  മൂന്നു മിനുട്ടു സമയം എടുക്കും. മുകളിലത്തെ ഗാലറിയിൽ നിന്നും സാൻലൂയിസിന്റെ  ആകാശകാഴ്ചകൾ  ആസ്വദിക്കുന്നതോടൊപ്പം ശാന്തമായി ഒഴുകുന്ന മിസ്സിസിപ്പിനദിയുടെ ദൂരക്കാഴ്ചകളും  നിരീക്ഷിക്കാം. 886 ടൺ ഉരുക്കിൽ  സമചതുരാകൃതിയിൽ അഞ്ചു വർഷം  കൊണ്ടാണ് ഇതിന്റെ നിർമ്മാണം നടന്നത്. 


ഒരു ജീവൻ പോലും നഷ്ടപ്പെടുത്താതെ അതിസൂക്ഷ്മമായായിരുന്നു സ്മാരക സൗധത്തിന്റെ പണി. മൂന്നു ലക്ഷംപേർ  ഓരോ വർഷവും  സൗധം കാണാൻ  എത്തുന്നു. മിസ്സിസിപ്പിയിൽ നിന്നും ശക്തിയായി വീശുന്ന തണുത്ത കാറ്റിൽ  വിറങ്ങലിച്ചാണ് ഞാൻ  നീണ്ട നിരയിൽ  നിന്നിരുന്നത്. താഴെനിന്നും ഉയരത്തിലേക്ക് നോക്കുമ്പോൾ ആകാശത്തിൽ  വരച്ച ഒരു മഴവിൽ  പോലെ ആർച്ച് കാണാം. അതിനകത്ത് കാഴ്ചകൾ ഏറെയാണ്. രണ്ടു വലിയ തിയേറ്റർ, വിസ്താരമേറിയ ഗിഫ്റ്റ് ഷോപ്പ്, അത്രതന്നെ വിശാലമായ ഭക്ഷണശാല എല്ലാം അടിത്തട്ടിൽ ഒരുക്കിയിട്ടുണ്ട്. അടിത്തട്ടിൽ  നിന്നാണ് റെയിൽ കാബിനിൽ  കയറുക. ഇത് ഈ നാട്ടിന്റെ മറ്റൊരു വിസ്മയമാണ്.
 


അടിമകളുടെ എബ്രഹാം ലിങ്കൻ 
അമേരിക്കയുടെ കരുത്തനായ ഭരണാധികാരികളിൽ  ഏറ്റവും ആദരിക്കപ്പെടുന്നതും അറിയപ്പെട്ടിരുന്നതും എബ്രഹാം ലിങ്കനായിരുന്നു. അേേദ്ദഹം ചെറുപ്പത്തിൽ  കളിച്ചു നടന്ന ആ പഴയ വീട്ടിൽ  കയറിയപ്പോൾ കൂടെയുള്ള ഗൈഡ് പറഞ്ഞു. 'ഈ വീടിന്റെ മട്ടും രൂപയും പഴയതു തന്നെയാണ്' നൂറ്റിഇരുപതു വർഷം  പഴക്കമുള്ള വീട്ടിൽ കയറുമ്പോൾ  അയാൾ  ഓർമപ്പെടുത്തി 'ഏറെ സൂക്ഷിക്കണം, ഇനിയും ഒരുപാട് തലമുറകൾക്ക്  കാണാനും പഠിക്കാനുമുള്ളതാണ് ഈ വീട്. കിടപ്പറയും, അടുക്കളയും, മറ്റു മുറികളും അവിടെ ഉപയോഗിച്ച വീട്ടു സാമാനങ്ങളും അതേപടി നിലനിർത്തിയിരിക്കുന്നു. ഗോവണികൾ പഴക്കം കൊണ്ട് ഇളകിയിരുന്നു. വക്കീൽ പണി പഠിക്കും വരെ അബ്രഹാം ലിങ്കൻ ഇവിടെയാണ് ജീവിച്ചത്. വീട്ടിൽ നിന്നിറങ്ങി ഞാൻ  നേരെ പോയത് എബ്രഹാം ലിങ്കൻ സ്മാരക ലൈബ്രറിയിലേക്കാണ്. അവിടെയാണ് അദ്ദേഹത്തിന്റെ  മരണം വരെയുള്ള ഓർമ്മകൾ  അയവിറക്കുന്ന രേഖാചിത്രങ്ങൾ  വെച്ചിരിക്കുന്നത്. ഭാര്യയുമൊത്ത് ഒപെര കണ്ടുകൊണ്ടിരിക്കുമ്പോൾ പുറകിൽ  നിന്നും ഏതോ അജ്ഞാതൻ ലിങ്കന്റെ തലയ്ക്കു വെടിവെക്കുന്നതുവരെയുള്ള ചിത്രങ്ങൾ നടന്നു കണ്ടു. തൊട്ടടുത്ത് എബ്രഹാം ലിങ്കന്റെ  ജീവചരിത്രം കുറിക്കുന്ന ഒരു ഹ്രസ്വചിത്രവും കാണാം. ഓരോ അരമണിക്കൂറിലും ഷോ ഉണ്ടായിരിക്കും. ലോക ചരിത്രത്തിന്റെ ഭാഗമായിമാറിയ ഹ്രസ്വ ചിത്രത്തിൽ ഒരു യുഗപുരുഷന്റെ ജീവിതഗാഥയിൽ ഒരുപാടു പഠിക്കാനുണ്ട്. ലോകത്തിലെ പല എഴുത്തുകാരും എബ്രഹാംലിങ്കനെ കുറിച്ച് പുസ്തകങ്ങളും നോവലുകളും എഴുതിയിട്ടുണ്ട്.  


എന്തിനായിരുന്നു അബ്രഹാം ലിങ്കനെ വെടിവെച്ചുകൊന്നത്? എന്റെ  മനസ്സ് അറിയാതെ ചോദിച്ചുപോയി. 1750 ആയപ്പോഴേക്കും ഇംഗ്ലീഷ് കോളനികളിൽ ആകെ ജനസംഖ്യ പതിനഞ്ചു ലക്ഷം ആയിരുന്നു. അതിൽ തന്നെ മൂന്നു ലക്ഷം പേർ അടിമപ്പണിക്ക് ആഫ്രിക്കയിൽനിന്ന് കൊണ്ടുവന്ന നീഗ്രോകൾ ആയിരുന്നു. അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലായിരുന്നു ഇത്. വടക്കുള്ള സംസ്ഥാനങ്ങൾ അടിമപ്പണിക്ക് എതിരായിരുന്നെങ്കിൽ കൃഷി മുഖ്യ തൊഴിലാക്കിയിരുന്ന തെക്കൻ പ്രദേശങ്ങൾ അടിമപ്പണി ഒരു അനിവാര്യതയായി കണക്കാക്കി. ഈ തർക്കം ആഭ്യന്തര കലാപമായി. 1861ൽ ഏഴ് വടക്കൻ സംസ്ഥാനങ്ങൾ അമേരിക്കയിൽനിന്നും വിട്ടുപോന്നു. ഇത് ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. ഈ യുദ്ധത്തിനിടയിലാണ് എബ്രഹാം ലിങ്കൺ ചരിത്രപ്രസിദ്ധമായ 'അടിമത്ത വിമോചന പ്രഖ്യാപനം' നടത്തിയത്. ഫെഡറൽ സ്വഭാവത്തെപ്പറ്റിയുള്ള ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചാണ് ആഭ്യന്തരയുദ്ധം അവസാനിക്കുന്നത്. ഏതായാലും സംസ്ഥാനങ്ങളേക്കാൾ ഫെഡറൽ ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പ്രാധാന്യമേറി. 
അമേരിക്കൻ ഐക്യനാടുകളുടെ 16ാമത്തെ പ്രസിഡന്റായ എബ്രഹാം ലിങ്കൺ ഓർമിക്കപ്പെടുന്നത് അടിമത്ത സമ്പ്രദായം നിരോധിച്ചതിലൂടെയാണ്. തോൽവികളിൽ നിന്നും തിരിച്ചടികളിൽ നിന്നും തളരാതെ ഊർജം നേടിക്കൊണ്ടു ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായി മാറി അദ്ദേഹം.


അമേരിക്കൻ ഐക്യനാടുകളുടെ 16ാം പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കൺ. (ഫെബ്രുവരി 12, 1809 ഏപ്രിൽ 15, 1865). അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു എബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്നു അദ്ദേഹം. 1860 ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്നു ലിങ്കൺ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അഭിഭാഷകൻ, ഇല്ലിനോയി സംസ്ഥാനത്തിൽ നിയമസഭാ സാമാജികൻ, അമേരിക്കൻ കോൺഗ്രസിലെ അധോമണ്ഡലമായ ഹൗസ് ഓഫ് റെപ്രസെന്റ്‌റേറ്റീവ്‌സ് അംഗം, പോസ്റ്റ്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തര യുദ്ധം, വിഘടനവാദ നിലപാടുകൾ പുലർത്തിയിരുന്ന അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ തോൽവി എന്നിവകൊണ്ട് സംഭവബഹുലമായിരുന്നു പ്രസിഡൻസി കാലഘട്ടം. പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ് 1863ലെ വിമോചന വിളംബരം.  അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി ഈ വിമോചന വിളംബരം.


പതിനാറാം നൂറ്റാണ്ടിൽ തന്നെ അമേരിക്കയിൽ  അടിമക്കച്ചവടം നടന്നിരുന്നു. പുകയില കച്ചവടക്കാരുടെ തൊഴിലാളികളായി ആഫ്രിക്കയിൽനിന്നാണ് ആദ്യം അടിമകളെ കൊണ്ടുവന്നത്. അതിരൂക്ഷമായി അടിമകളെ വേദനിപ്പിക്കുന്ന, അവരെ ചൂഷണം ചെയ്യുന്ന  കാലഘട്ടത്തിൽ അടിമകളുടെ മോചനത്തിനും അവരുടെ സ്വാതന്ത്ര്യത്തിനും വേണ്ടി പടപൊരുതിയ അമേരിക്കയിലെ ആദ്യത്തെ പ്രസിഡണ്ടായിരുന്നു എബ്രഹാം ലിങ്കൻ. 1862ൽ അദ്ദേഹം അതിപ്രധാനമായ ആ പ്രഖ്യാപനം നടത്തിയത്.  നൂറ്റാണ്ടുകളോളം നിലനിന്ന അടിമപ്പണി അവസാനിപ്പിച്ചു കൊണ്ടായിരുന്നു. അതിനും എത്രയോ മുമ്പ് 1842ൽ കെന്റുക്കിയിലെ മേരി ടോട എന്ന അടിമ പെൺകുട്ടിയെ കല്യാണം കഴിച്ചു സമൂഹത്തിനു മാതൃകയായി മാറിയെങ്കിലും അധികാരത്തിൽ വരുന്നത് വരെ അടിമസമ്പ്രദായം മാറ്റുവാൻ അദ്ദേഹത്തിനായില്ല. 


സ്മാരകത്തിൽനിന്ന് പുറത്തിറങ്ങിയപ്പോൾ  മനസ്സു വല്ലാതെ വേദനിച്ചതു അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരെ കുറിച്ചോർത്താണ്. സ്വന്തം നാട്ടിൽ നിന്നും ചെറുപ്പത്തിൽ  മരണപ്പെട്ട ആദ്യപുത്രന്റെ  വിയോഗം ആ മഹദ് വ്യക്തിയുടെ ജീവിതത്തെ അധികമൊന്നും ബാധിച്ചിരുന്നില്ല.  പക്ഷെ പ്രസിഡന്റ് ആയ ശേഷം വൈറ്റ്ഹൗസിൽ വെച്ച് രണ്ടാമത്തെ മകൻ ടൈഫോയ്ഡ് പിടിപെട്ടു മരിച്ചത് ലിങ്കൻ-മേരി കുടുംബത്തിനു താങ്ങാനാവാത്ത ദുഃഖമായി. തുടർന്ന്   കണ്മുമ്പിൽ  വെച്ച് ഒരു തീവ്രവാദി  സ്വന്തം ഭർത്താവിനെ വെടിവെക്കുന്നത് നേരിൽ കാണാനിടയായതോടെ  മേരി ടോട തളർന്നുപോയി. നൃത്തം അഭ്യസിച്ച മനോഹരമായ അവരുടെ ചിത്രം മറ്റൊരു സ്മാരകശിലയായി ആ മ്യൂസിയത്തിലുണ്ട്.  മരപ്പണിക്കാരനായി ജനിച്ച എബ്രഹാം ലിങ്കൺ അമേരിക്കയുടെ പതിനാറാമത് പ്രസിഡന്റ് ആയതു കഠിനാധ്വാനത്തിലൂടെ ആയിരുന്നു. അടിമപ്പണി പാടെ നിഷ്‌കാസനം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും സ്വന്തം ജീവിതനുഭവങ്ങളിൽ നിന്നു തന്നെയാണ്.       (തുടരും)

 

Latest News