ന്യൂദൽഹി- കോവിഡ് ഭീതി നിലനിൽക്കുന്ന സഹചര്യത്തിൽ ഇന്ത്യയിലെ 80 കോടി പാവപ്പെട്ടവർക്ക് നവംബർ വരെ സൗജന്യഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്തോട് നടത്തിയ പ്രഭാഷണത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്.അടുത്ത മാസങ്ങളിൽ രാജ്യത്ത് വിവിധ ഉത്സവങ്ങൾ വരാനുണ്ടെന്നും ഈ സഹചര്യത്തിൽ പാവപ്പെട്ടവർക്ക് മാസം അഞ്ചു കിലോ അരിയും ഒരു കിലോ ദാലും നൽകും. നവബർ വരെ ഇത് വിതരണം ചെയ്യും. കോവിഡിനെ തുരത്താൻ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ആരും നിയമത്തിന് അതീതരല്ലെന്നും മോഡി പറഞ്ഞു. തുറന്നിടലിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് രാജ്യം. തണുപ്പിന്റെ കൂടി സമയമാണ് വരാൻ പോകുന്നത്. ജലദോഷവും പനിയും ചുമയും വർധിക്കാൻ സാധ്യതയുണ്ടെന്നും എല്ലാവരും അവനവനെ സംരക്ഷിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.
കോവിഡ് ഭീതി രാജ്യത്തിന് മുകളിൽ ഇപ്പോഴുമുണ്ട്. അൺലോക്കിന്റെ പുതിയ ഘട്ടത്തിലും അതീവജാഗ്രത വേണം. കോവിഡ് മരണങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ ഗുരുതരാവസ്ഥയില്ല. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നും മോഡി വ്യക്തമാക്കി. നിയമങ്ങൾ ലംഘിക്കുന്നവരെ ശിക്ഷിക്കേണ്ടി വരും. പ്രധാനമന്ത്രി പോലും നിയമത്തിന് അതീതമല്ലെന്നും മോഡി വ്യക്തമാക്കി.
സാമൂഹിക അകലം പാലിക്കൽ നിർബന്ധമാണ്. രോഗങ്ങളുടെ കാലത്തേക്ക് കൂടിയാണ് ഇന്ത്യ പ്രവേശിക്കുന്നത്. ലോക്ഡൗൺ കാലത്ത് ജനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചിട്ടുണ്ടെന്നും മോഡി പറഞ്ഞു. മോഡിയുടെ പ്രസംഗം തുടരുകയാണ്..






