Sorry, you need to enable JavaScript to visit this website.

വനാവകാശനിയമം അട്ടിമറിക്കുന്നതിനെതിരെ ദളിത് - ആദിവാസി സംഘടനകൾ 

ഒരു സമൂഹത്തിന്റെ ശാക്തീകരണം/വികസനം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ അളവുകോൽ, അവിടുത്തെ ആദിവാസി ദലിതുകളടങ്ങുന്ന പാർശ്വവൽകൃത സമൂഹത്തിന്റെ ഭൂവധികാരം, ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ വളർച്ച എത്രത്തോളം സാധ്യമായി എന്നതിനെ ആശ്രയിച്ചായിരിക്കും അടയാളപ്പെടുത്തുക, അഥവാ അടയാളപ്പെടുത്തേണ്ടത്. ഇക്കാര്യത്തിൽ കേരളത്തിന്റെ അവസ്ഥ വളരെ മോശമാണ്. വികസന സൂചികയുടെ കാര്യത്തിൽ കേരളം ലോകത്തെ വികസിത രാജ്യങ്ങൾക്കൊപ്പമാണെന്നു പയുമ്പോഴും പട്ടിക ജാതി - പട്ടികവിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ,  തോട്ടം തൊഴിലാളികൾ തുടങ്ങിയ സാമൂഹ്യ വിഭാഗങ്ങളുടെ ജീവിതാവസ്ഥ മുഖ്യധാരാ സൂചികകളിൽ നിന്നും ഏറെ താഴെയാണ്. ഈ അവസ്ഥ പരിഹരിക്കാനായി നരവധി നടപടികളെടുക്കുന്നതായി മാറിമാറി വരുന്ന സർക്കാരുകൾ അവകാശപ്പെടാറുണ്ട്. എന്നാലവയെല്ലാം അട്ടിമറിക്കപ്പെടാറുമുണ്ട്. വനാവകാശനിയമം  ആദിവാസികളോട് കാണിച്ച ചരിത്രപരമായ അനീതിക്കുള്ള പ്രായശ്ചിത്തമായാണ് വനാവകാശനിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതെന്ന് നിയമത്തിന്റെ മുഖവുര തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യം കിട്ടി നാളിതുവരെയായിട്ടും പരമ്പരാഗതമായി െകെമാറിവന്ന ഭൂമി കൈവശം വയ്ക്കുന്നതിനും അതിലെ ചെറുകിട വിഭവങ്ങൾ ജീവസന്ധാരണത്തിനായി ശേഖരിക്കുന്നതിനും സ്വതന്ത്രമായി വിപണനം ചെയ്യുന്നതിനും അതിലൂടെ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള അധികാരം ആദിവാസി ജനതയ്ക്കും അവരുടെ ജനാധിപത്യ സംവിധാനമായ ഊരുസഭകൾ/ ഊരുകൂട്ടങ്ങൾക്ക് നൽകുന്നതാണ് ഈ നിയമം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സാമാന്യം ഭേദമായി ഈ നിയമം നടപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേരളം വളരെ പുറകിലാണ്. നടപ്പാക്കിയ സ്ഥലങ്ങളിൽ തന്നെ അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. അതിനെതിരെ ആദിവാസി സംഘടനകൾ നിരന്തരമായി പ്രക്ഷോഭം നടത്തുകയും ചെയ്യുന്നു. അതിപ്പോഴും തുടരുകയാണ്.
2006-ൽ പാർലമെൻറ് പാസ്സാക്കിയ ആദിവാസിവനാവകാശ നിയമമനുസരിച്ച് ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിൽ ആദിവാസികൾക്കുള്ള വനാവകാശം റദ്ദാക്കിയതിനെതിരെ ജൂലൈ-1ന് 'ദളിത്-ആദിവാസി-സ്ത്രീ-പൗരാവകാശ കൂട്ടായ്മ' സമരരംഗത്തിറങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്. സംസ്ഥാനതലത്തിൽ 35000-ത്തോളം വ്യക്തിഗത വനാവകാശ ക്ലെയിമുകളിൽ 15,758 എണ്ണം ഈ ജില്ലകളിലാണ് (ഇടുക്കി-11,201, എറണാകുളം-1,553, കോട്ടയം- 1,704, പത്തനംതിട്ട-1,130). എന്നാൽ റവന്യൂ വകുപ്പിന്റെ ജൂൺ-2-ലെ ഉത്തരവിലൂടെ ഈ 4 ജില്ലകളിൽ ആദിവാസികൾക്കുള്ള വനാവകാശം റദ്ദാക്കുകയും കേരള ഭൂപതിവ് ചട്ടത്തിൻറെ 2(ഇ) വകുപ്പ് അനുസരിച്ച് 'സർക്കാർ ഭൂമി'യായി കണക്കാക്കി ആദിവാസികൾക്കും മറ്റുള്ളവർക്കും പട്ടയം നൽകുകയും ചെയ്യാൻ പോകുന്നു.ആദിവാസികളുടെ വനാവകാശമുള്ള ഭൂമി റവന്യൂ ഭൂമിയാകുന്നതോടെ, ആദിവാസികൾക്കുള്ള വനവിഭവങ്ങളുടെ മേലുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെടും. ആദിവാസി ഊരുകൂട്ടങ്ങൾ എന്ന നിലയിൽ ഗ്രാമസഭകൾക്ക്- വനത്തിലുള്ള എല്ലാ സാമൂഹികാവകാശങ്ങളും റദ്ദാക്കപ്പെടും. 
20,000 ഏക്കർ ഭൂമിയിലാണ് നാല് ജില്ലകളിലായി വനാവകാശ കമ്മിറ്റി വഴി ആദിവാസികൾ അവകാശവാദം ഉന്നയിച്ചിരുന്നത്. ഇതിൽ 10,000 ഏക്കറോളം മാത്രമെ വനാവകാശ നിയമമനുസരിച്ച് നിലവിൽ കൈവശാവകാശ രേഖ നൽകിയിട്ടുള്ളൂ. പകുതി വനം വകുപ്പ് തടഞ്ഞുവച്ചിരിക്കുകയാണ്. വനാവകാശ നിയമം റദ്ദാക്കുന്നതോടെ ഈ ഭൂമിക്ക് ഇനി അവകാശം ഉന്നയിക്കാനാകില്ല. കൈവശരേഖ നൽകുന്നതോടെ ഇപ്പോഴുള്ള ഭൂമി ആദിവാസികൾക്കും കയ്യേറ്റക്കാരായ അനാദിവാസികൾക്കും പതിച്ചു നൽകും. ആദിവാസി ഊര് ഭൂമിയിൽ നിരവധി കയ്യേറ്റങ്ങൾ ഇപ്പോൾ തന്നെ നിലവിലുണ്ട്. പട്ടയം നൽകുമ്പോൾ കയ്യേറ്റക്കാർക്കും നൽകും ഫലത്തിൽ. ഭൂമിയുടെ ക്രയവിക്രയം തീരുമാനിക്കുന്നത് ശക്തരായ റിയൽ എസ്റ്റേറ്റുകാരും, ക്വാറിമാഫിയകളും, കുടിയേറ്റക്കാരും, രാഷ്ട്രീയ പ്രമാണിമാരുമായിരിക്കുമെന്ന് ഈ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. അതോടെ  സാമൂഹിക വനാവകാശം നഷ്ടപ്പെടും. 
ആദിവാസി വിഷയത്തിൽ പാർലമെൻറ് പാസ്സാക്കിയ ഒരു നിയമത്തെ ദുർബ്ബലപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. എന്നിട്ടും സർക്കാർ നടപടിയുമായി മുന്നോട്ടുപോകുകയാണ്. തുടക്കത്തിൽ ഈ നാലുജില്ലകളിൽ നടപ്പാക്കുന്ന ഈ നയം പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കമെന്നു വ്യക്തം. തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് തടസ്സം നിൽക്കുന്നത് ഊര് കൂട്ടമാണെന്നതിൻ ഊര് കൂട്ടത്തിന്റെ വനാവകാശം  റദ്ദാക്കുന്നത് പദ്ധതി നടപ്പാക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്. കോവിഡ് മഹാമാരി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ദുരിതം കണക്കിലെടുത്തെങ്കിലും ദളിത്-ആദിവാസി-പാർശ്വവൽകൃതരോട് സഹാനുഭൂതിയുള്ള സമീപനം സർക്കാരിൽ നിന്നുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇതോടെ അട്ടിമറിക്കപ്പെടുന്നത്. പക്ഷെ കോവിഡ് കാലത്തെ പ്രതിസന്ധി മുതലാക്കി, ഭൂമാഫിയാരാഷ്ട്രീയം വിപുലീകരിക്കാനും ദളിത്-ആദിവാസി-പാർശ്വവൽകൃത വിഭാഗങ്ങളെ തുടച്ചുനീക്കാനുമുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ഈ സംഘടനകൾ ആരോപിക്കുന്നു. ചെറുവള്ളി എസ്റ്റേറ്റ് നിയമവിരുദ്ധമായി പണം കെട്ടിവെച്ച് ഏറെറടുക്കാനുള്ള നീക്കം മറ്റൊരു ഉദാഹരണം. ചെറുവള്ളി വിമാനത്താവള പദ്ധതി ഉപേക്ഷി്ക്കുക, സുഭിക്ഷം കാർഷിക പദ്ധതിയിൽ എസ്.സി/എസ്.ടി ഘടകപദ്ധതി നടപ്പാക്കുക, സംവരണ സംരക്ഷണ പദ്ധതികളുടെ അട്ടിമറിയിൽ നിന്നും പിൻമാറുക, ക്രീമിലെയർ നയം റദ്ദാക്കുക, ഓൺലൈൻ വിദ്യാഭ്യാസത്തിൻറെ പേരിൽ സാർവ്വത്രിക വിദ്യാഭ്യാസം തകർക്കുന്ന നയത്തിൽ നിന്നും പിൻമാറുകസാമ്പത്തികമായി തകർന്ന ദുർബ്ബലർക്ക് അതിജീവിക്കാൻ സാമ്പത്തിക പാക്കേജ് നടപ്പാക്കുക, എസ്.സി/എസ്.ടി ദുർബ്ബല വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ നിന്നും പരിരക്ഷ നൽകുക. തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ദളിത് - ആദിവാസി സംഘടനകൾ സമരരംഗത്തിറങ്ങുന്നത്. 

Latest News