Sorry, you need to enable JavaScript to visit this website.

കുതിച്ചുയരുന്ന ഇന്ധനവിലയുടെ കാണാപ്പുറങ്ങൾ

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറയുമ്പോഴും ഇന്ത്യയിൽ  ഇന്ധനവില കുത്തനെ ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി തുടർച്ചയായി വില ഉയർത്തിക്കൊണ്ട് സാധാരണ ജനജീവിതം അനിശ്ചിതത്വത്തിൽ ആക്കുകയാണ് മോഡി സർക്കാർ.
യാതൊരു ഗൃഹപാഠവും ചെയ്യാത്തവർ നടപ്പിലാക്കിയ വികൃതമായ സാമ്പത്തിക നയങ്ങൾകൊണ്ട് തകർന്നു തരിപ്പണമായ ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ അവസ്ഥയിലേക്കാണ് കൊറോണ കൂടി കടന്നുവരുന്നത്. ലോക്ക്ഡൗണോടുകൂടി  പൂർണമായി നിലച്ചുപോയ  ചെറുകിട ഇടത്തരം കച്ചവടങ്ങളെയും ജനങ്ങളെയും പൂർവ്വസ്ഥിതിയിലേക്ക് കൈപിടിച്ചുയർത്താൻ ബാധ്യതയുള്ള ഒരു സർക്കാരാണ് തുടർച്ചയായി പെട്രോൾ ഡീസൽ വില കുത്തനെ ഉയർത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ 40 ഡോളറിൽ താഴെ മാത്രം നിന്നിരുന്ന ക്രൂഡ് ഓയിൽ വില  2004 മുതലാണ് ഉയരാൻ തുടങ്ങുന്നത്. ഒരുവേള ബാരൽ ഒന്നിന് 141 ഡോളറിൽ എത്തിയ ക്രൂഡ് വില 2014 നിടക്ക് 60 ഡോളറിൽ താഴെവന്നത് ഏതാനും മാസങ്ങൾ മാത്രം.
വൻതുകകൾ  സബ്‌സിഡിയായി അനുവദിച്ചുകൊണ്ടായിരുന്നു യുപിഎ സർക്കാർ ക്രൂഡ്ഓയിൽ വിലവർദ്ധനവിന് ആനുപാതികമായി ഇന്ത്യൻ വിപണിയിൽ ഇന്ധനവില ഉയരാതെ  പിടിച്ചുനിർത്തിയിരുന്നത്.  വിപണിയുടെ 90% കയ്യാളിയിരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈ ഇനത്തിൽ വരുന്ന വൻനഷ്ടം നികത്താൻ കൂടിയായിരുന്നു ഇത്തരത്തിൽ വലിയ തുക സബ്‌സിഡിയായി നൽകിയിരുന്നത്. അതുമൂലം കേന്ദ്രസർക്കാരിന് പ്രതിദിനം 333 കോടി രൂപ നിരക്കിൽ അധിക ബാധ്യത ഉണ്ടായിക്കൊണ്ടിരുന്നു. സർക്കാർ ഖജനാവിനുണ്ടാകുന്ന വൻസാമ്പത്തിക ബാധ്യതയിൽ നിന്നും അൽപ്പം രക്ഷ തേടിയാണ് പെട്രോളിനെ നോൺ റെഗുലേറ്ററി ഐറ്റമായി പ്രഖ്യാപിച്ചതും വിലനിയന്ത്രണാവകാശം പെട്രോളിയം കമ്പനികളുടെ ഒരു കൺസോർഷ്യത്തിനു നിബന്ധനകൾക്ക് വിധേയമായി വിട്ടു നൽകുകയും ചെയ്തത്.
പൊതുഗതാഗത സംവിധാനങ്ങൾ, ചരക്ക് കടത്തുമേഖല,  മൽസ്യബന്ധനബോട്ടുകൾ, കാർഷിക ആവശ്യത്തിനുള്ള ട്രാക്ടർ, മോട്ടോർപമ്പ് തുടങ്ങിയ അവശ്യ മേഖലകളിൽ ഉപയോഗിച്ചിരുന്ന ഡീസൽ, ഗാർഹിക ആവശ്യത്തിനുള്ള മണ്ണെണ്ണ, പാചകവാതകം തുടങ്ങി സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പെട്രോളിയം ഉത്പന്നങ്ങളെ റെഗുലേറ്ററി ഇനത്തിലുൾപ്പെടുത്തി അവയുടെ വിലനിർണയ അവകാശം കേന്ദ്രം നിലനിർത്തി. അതുമൂലം ഉണ്ടാകുന്ന നഷ്ടം നികത്താൻ നിരുപാധികം സബ്‌സിഡികൾ അനുവദിക്കുകയും ചെയ്തു.
എണ്ണക്കമ്പനികൾക്ക്  വിലനിർണയാവകാശം  തീറെഴുതി കൊടുത്തത് കോൺഗ്രസാണെന്ന് പറഞ്ഞു നടക്കുന്ന സിപിഎം അടക്കമുള്ള ഇടതുപക്ഷം ആ  തീരുമാനം എടുക്കാനുണ്ടായ ഈ യാഥാർഥ്യത്തെകുറിച്ച്  ജനങ്ങളോട് മനപ്പൂർവം  പറയുന്നില്ല. അതല്ലെങ്കിലും ഉദാരവൽക്കരണം, നവലിബറൽ കാഴ്ചപ്പാടുകൾ, കോർപ്പറേറ്റ് പ്രീണനം തുടങ്ങിയ സ്ഥിരം പല്ലവികളിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ബദൽ സാമ്പത്തിക നയം മുന്നോട്ട് വെക്കാൻ ഇടതുപക്ഷ ബുദ്ധിജീവികൾക്ക് കഴിഞ്ഞിട്ടില്ലല്ലോ. മാത്രവുമല്ല  തങ്ങളുടെ രാഷ്ട്രീയനിലനിൽപിന് വേണ്ടി കോൺഗ്രസിനെ നഖശിഖാന്തം എതിർക്കുക എന്നതിലുപരിയായി പ്രായോഗികമായി എന്തെങ്കിലും ആശയങ്ങൾ മുന്നോട്ട് വെക്കാൻ ആ പാർട്ടി ഇനിയും വളർന്നിട്ടില്ല എന്ന് സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠം മാത്രം അറിയുന്ന എല്ലാവർക്കും അറിയാം.
മൻമോഹൻസിംഗ് സർക്കാർ കൊണ്ടുവന്ന നിബന്ധനയിൽ  എത്രതന്നെ അടിയന്തര സാഹചര്യമാണെങ്കിലും   15 ദിവസത്തിൽ ഒരിക്കൽ മാത്രമേ പെട്രോൾ വില വർധിപ്പിക്കാൻ  കമ്പനികൾക്ക് അധികാരമുണ്ടായിരുന്നുള്ളു എന്നും വിലവർധിപ്പിക്കാനുള്ള കാരണം മുൻകൂറായി  പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക ബോഡിയിൽ എണ്ണക്കമ്പനികളുടെ കൂട്ടായ്മ (കൺസോർഷ്യം) ബോധിപ്പിച്ച് അനുമതി നേടിയിരിക്കണം എന്നും വ്യവസ്ഥകൾ ഉണ്ടായിരുന്നു.
ഡീസൽ തുടങ്ങിയവ റെഗുലേറ്റഡ് ഗണത്തിലുള്ളവയുടെ മേലുള്ള സബ്‌സിഡികൾ  എടുത്ത് കളഞ്ഞു പെട്രോൾ ഡീസൽ വിലകളിലുള്ള അന്തരം കുറയ്ക്കണമെന്ന സമ്മർദ്ദം അന്നും ഉണ്ടായിരുന്നു. മാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം കയ്യടക്കിവെച്ച 90% വരുന്ന റീട്ടെയിൽ  എണ്ണവിപണിയിലേക്ക്  സ്വകാര്യ കുത്തകകൾക്ക് എത്തിച്ചേരുന്നതിനു സബ്‌സിഡികൾ തടസ്സവുമായിരുന്നു. കൂടാതെ വിലനിർണ്ണയ സമിതിയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വാധീനം സ്വകാര്യ എണ്ണക്കമ്പനികൾക്ക് പ്രതിബന്ധമായിരുന്നു.
എന്നാൽ ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്നുകൊണ്ടിരിക്കെ, ബാരലിന് 79  ഡോളറിൽ എത്തിനിൽക്കുമ്പോഴാണ് 2014 നവംബറിൽ ബിജെപി സർക്കാർ ഡീസലും, മണ്ണെണ്ണയും, പാചകവാതകവും അടക്കമുള്ള മുഴുവൻ ഇന്ധനങ്ങളുടെയും വിലനിർണ്ണയാവകാശം മുൻപ് നിശ്ചയിച്ച ഉപാധികളെല്ലാം റദ്ദ്‌ചെയ്തുകൊണ്ട് കമ്പനികൾക്ക് നൽകിയത്.
നോട്ടുനിരോധനവും, വികലമായ ജിഎസ്ടിയും  ഇന്ത്യൻ വിപണിയിലുണ്ടാക്കിയ തകർച്ച മൂലം  2018 മുതൽ ഡീസലിന്റെയും പെട്രോളിന്റെയും ഉപഭോഗം ഗണ്യമായി കുറച്ചു. കൂടാതെ  കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രത്യാഘാതം കഴിഞ്ഞ 10 വർഷത്തിലെ ഏറ്റവും കുറവ് ഉപഭോഗമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിനിടയിലാണ് ഭാരത് പെട്രോളിയം പോലുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾ മോഡി സർക്കാർ സ്വകാര്യവത്കരിച്ചുകൊണ്ടിരിക്കുന്നത്. ഈ നടപടി പൂർത്തിയാകുന്നതോടുകൂടി എണ്ണവിപണിയുടെ നിയന്ത്രണം പൂർണമായും സ്വകാര്യകമ്പനികൾക്ക് അധീനതയിലാകും.
കൂടാതെ സാമ്പത്തിക ഭദ്രത തകർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പെട്രോളിയം ഉൽപന്നങ്ങളിൽനിന്നുള്ള വരുമാനമാണ് സർക്കാരിന്റെ ജീവവായു. അതുകൊണ്ടുതന്നെ സർക്കാരിനുണ്ടാകുന്ന സാമ്പത്തിക തകർച്ച മറികടക്കാൻ സാധാരണക്കാരായ ജനങ്ങളുടെ മേൽ അധിക ഭാരമേൽപ്പിച്ചുകൊണ്ട്  ഈ കൊള്ളക്ക് കൂട്ടുനിൽക്കുന്നു.  
2014ൽ മൻമോഹൻ സർക്കാരിന്റെ കാലത്ത് 16% ഉണ്ടായിരുന്ന നികുതി ഇന്ന് 69% ആണ്. ബിജെപി സർക്കാർ  അധികാരത്തിൽ വരുമ്പോൾ ഒരു ലിറ്റർ പെട്രോളിന് കേന്ദ്രനികുതി 9.48 രൂപയ്‌യായിരുന്നു. എന്നാലിന്ന് അത് വർധിപ്പിച്ചുകൊണ്ട് 32.92 രൂപയാണ്. അതുപോലെ ഡീസലിന്റെ കേന്ദ്രനികുതി 3.5 രൂപയിൽ നിന്നും 31.81 രൂപയാക്കിയിരിക്കുന്നു. ഇതിനെല്ലാം ആനുപാതികമായി സംസ്ഥാന നികുതിയും കൂടുന്നു എന്നകാര്യം കൂടി നാം ഓർക്കണം. കേരളം നികുതിയിനത്തിൽ പെട്രോളിന് 30.37% (19.48രൂപ)  ഡീസലിന് 23.81% (15.33 രൂപ) ഈടാക്കുന്നു.
പെട്രോളിൻറെ മാത്രം വിലനിർണായാവകാശം വിട്ട് കൊടുക്കുന്ന തീരുമാനത്തിലേക്കെത്താൻ മൻമോഹൻ സിംഗ് സർക്കാരിന് 6 വർഷം വേണ്ടിവന്നെങ്കിൽ ഭരണത്തിൽ കയറി 6 മാസംകൊണ്ടാണ് മോഡി സർക്കാർ ഡീസൽ, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയ നിയന്ത്രിത (റെഗുലേറ്റഡ്) ഉത്പന്നങ്ങളെ അനിയന്ത്രിത (നോൺ റെഗുലേറ്റഡ്) ഗണത്തിലേക്ക് മാറ്റി അവയുടെ വിലനിയന്ത്രണാവകാശം പൂർണമായും എണ്ണക്കമ്പനികൾക്ക് വിട്ട് കൊടുത്തത്.
നിയന്ത്രണമില്ലാതെ കേന്ദ്രനികുതി കൂട്ടിക്കൊണ്ട് മോഡി സർക്കാർ ജനങ്ങളിൽ നിന്നും പിഴിഞ്ഞെടുത്തത് 18 ലക്ഷം കോടി രൂപയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഇന്ധനനികുതി(69%) നൽകുന്ന രാജ്യം ഇന്ത്യയാവുമ്പോൾ ഏറ്റവും കുറവ് കോർപ്പറേറ്റ് നികുതി (15%) നൽകുന്ന രാജ്യവും നമ്മുടെ ഇന്ത്യ തന്നെയാണ്. മോഡി സർക്കാർ ഭരണകാലത്ത് മാത്രമായി മുകേഷ് അംബാനി തന്റെ സ്വത്ത് രണ്ടിരട്ടിയാക്കി വർധിപ്പിച്ചതിന് പിന്നിലെ സാമ്പത്തിക ശാസ്ത്രം ഇതുകൂടിയാണ്.
ഫലത്തിൽ അന്താരാഷ്ട്ര ഓയിൽ വിപണിയിൽ വരുന്ന വിലയിടിവുകൾക്ക് ആനുപാതികമായ യാതൊരു ഇളവുകളും ലഭ്യമല്ലാത്ത  ഒരു ജനവിഭാഗമായി  ഇന്ത്യക്കാർ മാറപ്പെട്ടു.
ഇക്കാലമത്രയും കുത്തനെയുള്ള  വിലവർധനവിനു കുടപിടിച്ച മോഡി 2017ൽ ഗുജറാത്ത് തെരെഞ്ഞെടുപ്പുകാലത്ത്  മാത്രമാണ് പെട്രോളിനും ഡീസലിനും യഥാക്രമം 2രൂപ, 1.50 രൂപ വീതം കുറക്കുകയുണ്ടായത്. യു പി എ ഭരണകാലമായ  2008 ജൂലൈയിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഏറ്റവും ഉയർന്നുനിന്നപ്പോൾ ( ബാരലിന് 140 ഡോളർ) പെട്രോൾ ഡീസൽ  വില യഥാക്രമം 50.5,  38.8 രൂപ ആയിരുന്നുവെങ്കിൽ ലോകത്ത് എണ്ണവില ഏറ്റവും കുറഞ്ഞിരിക്കുന്ന 2020 മാർച്ച് മെയ് മാസങ്ങളിൽ ഏകദേശം 80 ശതമാനം വിലവർദ്ധനവ് നടപ്പിലാക്കി ബിജെപി സർക്കാർ ജീവശ്വാസത്തിനുവേണ്ടി നെട്ടോട്ടമോടുന്ന  ഇന്ത്യൻ ജനതയുടെ കഴുത്ത് ഞെരിച്ചുകൊല്ലുന്ന കാഴ്ചയാണ്  നാം കാണുന്നത്.
പട്ടിണികിടക്കുന്ന ജനകോടികൾക്ക്  ആദ്യം വിശപ്പ് മാറ്റാൻ  ധാന്യങ്ങളും പിന്നീട് വിപണി സജീവമാക്കാൻ  കൈകളിൽ നേരിട്ട് പണവും എത്തിക്കണം എന്ന് രാഹുൽ ഗാന്ധിയെപ്പോലുള്ളവർ പറയുകയും രഘുറാം രാജൻ  അഭിജിത് ബാനർജി തുടങ്ങിയ  ലോകം ആദരിച്ച സാമ്പത്തിക ശാസ്ത്രജ്ഞർ അത് ശരിവെക്കുകയും ചെയ്യുമ്പോഴാണ്  ഒരുനേരം വിശപ്പടക്കാൻ മീനെത്തിച്ചു നൽകുകയല്ല മറിച്ച് ആളുകൾക്ക് കടലിൽ പോയി മീൻ പിടിക്കാൻ പഠിപ്പിക്കുന്നതിലാണ് ഞാൻ ശ്രദ്ധ കൊടുക്കുന്നത് എന്ന് ഉപമ  പറഞ്ഞു കേന്ദ്രധനകാര്യമന്ത്രി സ്വയം ഇളിഭ്യയാകുന്ന ഇന്ത്യൻ യാഥാർഥ്യം ഇതിനോട് ചേർത്തുവെക്കാതെ വയ്യ!!

 

Latest News