അമേരിക്കയിലെ ഭീകരാക്രമണം; മരണം അൻപത് കവിഞ്ഞു

ലാസ് വേഗാസ് - ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രമെന്നറിയപ്പെടുന്ന അമേരിക്കയിലെ ലാസ് വേഗാസിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അൻപത് കവിഞ്ഞു. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. ലാസ് വേഗാസിൽ നടക്കുന്ന സംഗീതോത്സവത്തിനിടെയാണ് അക്രമണമുണ്ടായത്. മാൻഡലെ ബേ കാസിനോയിലാണ് ആക്രമണമുണ്ടായത്. കാസിനോയുടെ 32-ാം നിലയിലാണ് അക്രമണമുണ്ടായത്. ഇവിടേക്ക് തോക്കുമായെത്തിയ അക്രമി കണ്ണിൽ കണ്ടവരുടെ നേരെയെല്ലാം വെടിവെക്കുകയായിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെപ്പ് അക്രമണമാണ് ഇത്. കഴിഞ്ഞവർഷം ഓർലാൻഡോയിലെ നിശാക്ലബ്ബിൽ അക്രമി നടത്തിയ വെടിവെപ്പിൽ 49 പേർ കൊല്ലപ്പെട്ടിരുന്നു. 

അക്രമികളിൽ ഒരാളെ പോലീസ് വെടിവെച്ചുവീഴ്ത്തിയിട്ടുണ്ട്. 64-കാരനായ സ്റ്റീഫൻ പഡോക് എന്നയാളാണ് അക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാൾ ഈ മേഖലയിൽതന്നെ താമസിക്കുന്നയാളാണ്. വെടിവെപ്പ് നടത്താനുള്ള ഇയാളുടെ ചേതോവികാരം എന്താണെന്ന് അറിവായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾക്ക് ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടോ എന്ന കാര്യവും അറിവായിട്ടില്ല. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭാര്യ എന്ന് സംശയിക്കുന്ന മരിലോ ഡാൻലേക്ക് വേണ്ടി തെരച്ചിൽ തുടങ്ങി. ഇവരെ പിടികൂടിയതായും റിപ്പോർട്ടുണ്ട്. 

കൂടുതൽ അക്രമികളുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ എട്ടരയോടെയാണ് അക്രമണമുണ്ടായത്. ഭയചകിതരായ ആളുകൾ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും എയർപോർട്ടുകളിലും തങ്ങുകയാണെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തെ തുടർന്ന് ലാസ് വാഗസിലേക്കുള്ള ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ലാസ് വാഗസിലെ നിരവധി ഹോട്ടലുകളിൽ വെള്ളിയാഴ്ച്ച മുതൽ സംഗീതോത്സവം നടന്നുവരികയാണ്.
 

Latest News