തൃശൂർ - കുന്നംകുളത്ത് കൊലക്കേസ് പ്രതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആനായ്ക്കൽ പനങ്ങാട്ട് അമി മകൻ പ്രതീഷ് (50) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാൾ വീട്ടിൽവച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. തുടർന്ന് ജയിലിലായ പ്രതീഷ് 90 ദിവസത്തിനുശേഷം പുറത്തിറങ്ങി.
ജാമ്യത്തിലായിരുന്ന ഇയാൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് പറയുന്നു. കൊലപാതകം നടത്തിയ വീടിന്റെയടുത്ത് ചേട്ടന്റെ വീട്ടിലായിരുന്നു പ്രതീഷ് താമസിച്ചിരുന്നത്. കേസ് അടുത്തദിവസം വിചാരണക്കെടുക്കാനിരിക്കുകയിരുന്നു. ഇതിനിടെയാണ് ഇന്നലെ പുലർച്ചെ പ്രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.