Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് കോവിഡ് പരിശോധനക്കും ചികിത്സക്കും  സ്വകാര്യ ആശുപത്രികളിൽ സൗകര്യമൊരുക്കും

മലപ്പുറം- ജില്ലയിലെ തെരെഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ കോവിഡ് പരിശോധനക്കും ചികിത്സക്കും സൗകര്യമൊരുക്കാൻ കലക്ടറേറ്റിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഇതിനായി മതിയായ ലാബ് സൗകര്യമുൾപ്പെടെയുള്ള ആശുപത്രികളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിക്കും. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ എന്നിവർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. സ്പീക്കർ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗത്തിൽ പങ്കെടുത്തത്. 


സ്വകാര്യ ആശുപത്രികളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം ഒ.പി ഉൾപ്പെടെ പ്രവർത്തിക്കേണ്ടതെന്നു സ്പീക്കർ പറഞ്ഞു. ജില്ലയിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുമെന്നും അദ്ദേഹം ഓർമപ്പെടുത്തി. രോഗ വ്യാപനം തടയുന്നതിനു എല്ലാ വിഭാഗം ആളുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സ്പീക്കർ അഭ്യർഥിച്ചു. രോഗ വ്യാപന നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം രോഗ ബാധിതർക്ക് മികച്ച ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എടപ്പാൾ ആശുപത്രിയിലെ ഡോക്ടർക്കടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗർഭിണികളുൾപ്പടെയുള്ളവർക്കു പൊന്നാനിയിലെ മാതൃ-ശിശു ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആരോഗ്യ പ്രവർത്തകർക്കു രോഗബാധയുണ്ടായ എടപ്പാളിലെ രണ്ടു സ്വകാര്യ ആശുപത്രികളിലെയും മുഴുവൻ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. പിന്നീട് ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരിൽ നിന്നു റാന്റമായി പരിശോധന നടത്തും. 
ഇതിനായി പരിശോധനാ സൗകര്യങ്ങൾ വർധിപ്പിക്കും. ഇതിനുള്ള ഉപകരണങ്ങൾ ഉടൻ മലപ്പുറം ജില്ലയിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽപ്പെട്ട ആളുകളെ പരിശോധിക്കുന്നതിലൂടെ സമൂഹവ്യാപനമുണ്ടോയെന്നു കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


എടപ്പാൾ മേഖലയിൽ ആരോഗ്യ പ്രവർത്തകർക്കടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധ മുൻകൂട്ടി കണ്ടെത്തുന്നതിനു വിവിധ മേഖലകളിലുള്ള 1,500 പേരുടെ സ്രവ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചവരുമായി പ്രൈമറി, സെക്കന്ററി ഇടപെടലുകളുണ്ടായി 14 ദിവസം പൂർത്തിയാകാത്ത ആശാവർക്കർമാർ, കോവിഡ് വോളണ്ടിയർമാർ, പോലീസ്, കച്ചവടക്കാർ, ജനപ്രതിനിധികൾ എന്നിവരുടെ പരിശോധനയാണ് നടത്തുന്നത്. ഇതിനു പുറമെ വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും വന്നു വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ നിന്നും ഇവരുടെ വീട്ടുകാരിൽ നിന്നും തെരഞ്ഞെടുത്തവരുടെ സ്രവ/രക്ത സാമ്പിളുകൾ പരിശോധിക്കും. 


കോവിഡ് പരിശോധനയ്ക്കായി സാമ്പിൾ നൽകിയവർ ഫലം വരുന്നത് വരെ നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നും മന്ത്രി പറഞ്ഞു. ക്വാറന്റൈൻ ലംഘനം നടത്തുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കുമെന്നും മന്ത്രി അറിയിച്ചു. വിദേശത്തു നിന്നെത്തുന്നവർക്കായി നത്തുന്ന റാപ്പിഡ് ടെസ്റ്റിന്റെ ഫലം നെഗറ്റീവായതിന്റെ അടിസ്ഥാനത്തിൽ മാത്രം രോഗമില്ലെന്ന് കരുതരുത്. തുടർന്നുള്ള മറ്റു പരിശോധനകളിൽ ഫലം പോസിറ്റീവാകാനും സാധ്യതുണ്ട്. അതിനാൽ ക്വാറന്റൈൻ നിർദേശിക്കപ്പെട്ടിട്ടുള്ളവർ സർക്കരിന്റെ മാർഗ നിർദേശങ്ങൾ പൂർണമായും പാലിക്കണം.

 

Latest News