Sorry, you need to enable JavaScript to visit this website.

ജൂലൈ 28 മുതൽ റസ്റ്റോറന്റുകളിലും  കോഫി ഷോപ്പുകളിലും ഇ-പെയ്‌മെന്റ് നിർബന്ധം

 

  • മുഴുവൻ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ഓഗസ്റ്റ് 25 മുതൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കും

റിയാദ്- ജൂലൈ 28 മുതൽ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ഏതെങ്കിലും ഒരു ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാണെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അറിയിച്ചു. ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി അടുത്ത മാസം റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാക്കുമെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പറഞ്ഞു. ഇതിനകം ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കാത്ത മുഴുവൻ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ഓഗസ്റ്റ് 25 മുതൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കും. ഇതോടെ രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമായിരിക്കും. 


ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കുന്നത്. പണമിടപാടുകൾ കുറക്കാനും മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടിയാണിത്. 14 മാസത്തെ ഇടവേളയിൽ പടിപടിയായി രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കാൻ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അവസാന ഘട്ടങ്ങളാണ് ജൂലൈ 28 മുതലും ഓഗസ്റ്റ് 25 മുതലും നടപ്പാക്കുന്നത്. അഞ്ചാം ഘട്ടമായാണ് റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കുന്നത്. 


ബഖാലകളിലും മിനിമാർക്കറ്റുകളിലും കഴിഞ്ഞ മാസം മുതൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കിയിരുന്നു. ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾ അടപ്പിക്കുമെന്ന് വാണിജ്യ മന്ത്രാലയം മുറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി, വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം, ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം, ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി, സൗദി ഓൺലൈൻ പെയ്‌മെന്റ് നെറ്റ്‌വർക്ക് ആയ മദ എന്നിവ സഹകരിച്ചാണ് വ്യാപാര സ്ഥാപനങ്ങളിൽ ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കുന്നത്. 


ആദ്യ ഘട്ടത്തിൽ പെട്രോൾ ബങ്കുകളിലും ബങ്കുകളോട് ചേർന്ന സർവീസ് സെന്ററുകളിലും 2019 ജൂലൈ 14 മുതൽ ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കി. രണ്ടാം ഘട്ടത്തിൽ വീൽബാലൻസിംഗ്, പഞ്ചർ, സ്‌പെയർ പാർട്‌സ്, കാർ മെക്കാനിക്ക് തുടങ്ങി കാർ വർക്ക്‌ഷോപ്പുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥാപനങ്ങളിലും 2019 നവംബർ 14 മുതലും ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കി. മൂന്നാം ഘട്ടത്തിൽ സലൂണുകൾ, ലേഡീസ് സലൂണുകൾ, അലക്കുകടകൾ എന്നീ സ്ഥാപനങ്ങളിൽ 2020 ഏപ്രിൽ ഒന്നു മുതൽ ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കി. നാലാം ഘട്ടത്തിൽ ബഖാലകളിലും മിനിമാർക്കറ്റുകളിലും കഴിഞ്ഞ മാസം പത്തു മുതലും ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കി.


ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ ഏർപ്പെടുത്താൻ രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും പടിപടിയായി നിർബന്ധിക്കുന്ന പദ്ധതി കഴിഞ്ഞ വർഷം മുതലാണ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കാൻ തുടങ്ങിയത്. ആറു ഘട്ടങ്ങളായി രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കാനാണ് തീരുമാനം. 
 

Latest News