Sorry, you need to enable JavaScript to visit this website.

യു.എ.ഇ നിവാസികൾക്കിടയിൽ  ഇ-ഷോപ്പിംഗ് ജനകീയമാകുന്നു


കൊറോണ വ്യാപനത്തിന് ശേഷം യു.എ.ഇ നിവാസികളിൽ ഭൂരിപക്ഷവും ഓൺലൈൻ ഷോപ്പിംഗിൽ വ്യാപൃതരാകുന്നതായി ഈയിടെ നടന്ന പഠനം സ്ഥിരീകരിക്കുന്നു. മാനവിക ചരിത്രത്തെ കോവിഡ് 19ന് മുമ്പും ശേഷവും എന്ന നിലയിൽ അടയാളപ്പെടുത്തിയ മഹാമാരി ജനങ്ങളുടെ ജീവിതശൈലിയെ എത്രമാത്രം സ്വാധീനിച്ചുവെന്നതിന്റെ നിദർശനമാണിതെന്ന് പറയാം. ജനങ്ങളിൽ പ്രത്യേകിച്ച് നഗരവാസികളിൽ 68 ശതമാനത്തിലേറെയും ഷോപ്പുകളിൽ കയറിയിറങ്ങി സാധനങ്ങൾ വാങ്ങുന്ന രീതി അവസാനിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. 


ദുബായ് പോലീസ്, ദുബായ് ഇക്കോണമി, ഫിനാൻഷ്യൽ സർവീസസ് എന്നിവർ നിയോഗിച്ച സമിതിയാണ് ഇതു സംബന്ധിച്ച് സർവേ നടത്തിയത്. നിലവിൽ 49 ശതമാനം പേർ ഓൺലൈനിലൂടെ കൂടുതലായി ഷോപ്പിംഗ് നടത്തുന്നതായും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.  ഓൺലൈൻ പർച്ചേയ്‌സുകൾക്കായി കാമ്പയിൻ ആരംഭിക്കാൻ മൂന്ന് വകുപ്പുകളും നേരത്തെ യോഗം ചേർന്നിരുന്നു. ആളുകൾ സ്റ്റോറുകളിൽ ഷോപ്പിംഗ് നടത്തുമ്പോൾ 71 ശതമാനം പേർ പണമടച്ചുള്ള ഡിജിറ്റൽ പേയ്‌മെന്റുകളും 54 ശതമാനം പേർ കോൺടാക്റ്റ്ലെസ് കാർഡുകളുമാണ് ഉപയോഗിക്കുന്നത്. മൊബൈൽ വാലറ്റുകൾ ഉപയോഗിച്ച് 46 ശതമാനം പേർ പർച്ചേയ്‌സ് നടത്തുന്നുണ്ട്.
ഷോപ്പിംഗിനായി കോൺടാക്റ്റ്ലെസ് പേയ്‌മെന്റ് തുടരുമെന്ന് സർവേയിൽ പങ്കെടുത്ത 43 ശതമാനം പേരും, കാർഡോ ഡിജിറ്റൽ വാലറ്റോ വഴിയോ ഓൺലൈൻ പെയ്‌മെന്റ് തുടരുമെന്ന് 48 ശതമാനം പേരും വ്യക്തമാക്കി. '


ഡിജിറ്റൽ വാണിജ്യത്തിന് മുൻഗണന നൽകി അതിനെ കൂടുതൽ ആശ്രയിക്കുന്ന രീതിയിൽ ഷോപ്പിംഗ് നടത്തുകയും പണമടക്കുകയും ചെയ്യുന്ന രീതിയിലേക്ക് ഉപയോക്താക്കളെ കോവിഡ് മാറ്റിയിരിക്കുന്നു'- മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും വിസാ കാർഡ് മേധാവി നീൽ ഫെർണാണ്ടസ് പറഞ്ഞു.
പകർച്ചവ്യാധി മൂലം ഉപഭോകതൃ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. ഓൺലൈൻ ഷിഫ്റ്റ്, ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഉപയോഗം എന്നിവ ഇതിന് ഉദാഹരണമാണ്. 


കോവിഡിന് ശേഷവും ഇത് തുടരാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്. രോഗ വ്യാപന ഭീതിക്കിടെ, സുരക്ഷിതമായ ഷോപ്പിംഗ് ഉറപ്പാക്കുന്നതിന് മാത്രമല്ല, ദുബായിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ, പ്രത്യേകിച്ച് ചില്ലറ വിൽപ്പനയുടെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുകയെന്ന വലിയ ലക്ഷ്യത്തിന്റെയും കൂടെ ഭാഗമായാണ് ദുബായ് ഇക്കോണമി ഓൺലൈൻ ഷോപ്പിംഗും കോൺടാക്റ്റ്ലെസ് പേയ്‌മെന്റുകളും പ്രോത്സാഹിപ്പിക്കുന്നത്. മാളുകളും ഔട്ട്ലെറ്റുകളും വീണ്ടും തുറന്നതിനാൽ കോൺടാക്റ്റ്ലെസ് പേയ്‌മെന്റ് നഗരത്തിലെ ഷോപ്പിംഗിൽ സുരക്ഷയും സൗകര്യവും വർധിപ്പിക്കുമെന്ന് ദുബായ് ഇക്കോണമി സി.സി.സിപി (ഡയറക്ടർ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഇൻ ദ കോമേഴ്സ്യൽ കംപ്ലയൻസ് ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ) സെക്ടർ മേധാവി അഹ്മദ് അൽസാബി പറഞ്ഞു.
പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ ഗവൺമെന്റ് അധികാരികൾ, സ്വകാര്യ മേഖല, പ്രാദേശിക സമൂഹം എന്നിവർക്കെല്ലാം നിർണായക പങ്കാളിത്തം വഹിക്കാനുണ്ടെന്ന് ദുബായ് പോലീസിലെ സി.ഐ.ഡി മേധാവി ബ്രിഗേഡിയർ ജമാൽ സാലിം അൽജല്ലാഫ് വ്യക്തമാക്കിയിരുന്നു.  

Latest News