Sorry, you need to enable JavaScript to visit this website.

ഓഹരി വിപണിയിലെ സൂചനകൾ ശുഭകരമല്ല

ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ ജൂണിൽ കാഴ്ച്ചവെച്ച കുതിച്ചു ചാട്ടം തുടരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. കടന്ന് പോയ മാസം പ്രമുഖ ഓഹരി സൂചികകൾ 15 ശതമാനം ഉയർന്നു. ഈ കാലയളവിൽ നിഫ്റ്റി 1354 പോയിന്റും സെൻസെക്‌സ് 4562 പോയിന്റും വർധിച്ചു. പിന്നിട്ടവാരം എൻ എസ് ഇ 138 പോയിന്റും ബി എസ് ഇ 439 പോയിന്റും കയറിയെങ്കിലും വിപണിയുടെ സാങ്കേതിക വശങ്ങൾ നൽകുന്ന സൂചനകൾ അത്ര ശുഭകരമല്ല. 


വിദേശ ഫണ്ടുകളുടെ പിൻതുണയിൽ കോവിഡ് പ്രതിസന്ധികൾക്കിടയിലും അവർ ഇന്ത്യൻ വിപണിയോട് കാണിച്ച താൽപര്യം തുടരണമെന്ന കാര്യം ഉറപ്പ് പറയാനാവാത്ത സാഹചര്യമാണ്. സാമ്പത്തിക മാന്ദ്യം ഓരോ ആഴ്ച്ച കടന്ന് പോകുംതോറും രൂക്ഷമാക്കുന്നു. ആ നിലയ്ക്ക് പ്രാദേശിക നിക്ഷേപകരും പ്രവാസികളും കരുതലോടെ ചുവട് വെപ്പ് നടത്തണ്ട ദിവസങ്ങളാണ് മുന്നിലുള്ളത്. മാർച്ചിലെ 7500 റേഞ്ചിൽനിന്ന് നിഫ്റ്റി ഇതിനകം 3000 പോയിന്റ് കയറി. ഇതിനിടയിൽ നിർണായക പ്രതിരോധങ്ങൾ പലതും സൂചിക തകർത്തത് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. എന്നാൽ ഫണ്ടുകൾ ഏത് നിമിഷവും ചുവട് മാറ്റാനുള്ള സാധ്യത ഒരു സാങ്കേതിക തിരുത്തലിന് ഇടയാക്കാം. 
ബോംബെ സൂചിക 34,499 ൽ നിന്ന് 35,706 വരെ ഉയർന്നു. മുൻ നിര ഓഹരികളിലെ നിക്ഷേപ താൽപര്യത്തിനിടയിൽ ഒരു വിഭാഗം ഫണ്ടുകൾ ലാഭമെടുപ്പ് നടത്തിയതിനാൽ ക്ലോസിങിൽ 35,171 പോയിന്റിലാണ്. ഈവാരം 34,544 ലെ താങ്ങ് നിലനിർത്തി 35,751 ലേയ്ക്ക് ഉയരാൻ ശ്രമിക്കാം. ഈ നീക്കം വിജയിച്ചാൽ ലക്ഷ്യം 36,332 പോയിന്റാണ്. എന്നാൽ ആദ്യ താങ്ങിൽ കാലിടറിയാൽ സെൻസെക്‌സ് 33,918 ലേയ്ക്ക് തിരുത്തൽ കാഴ്ച്ചവെക്കാം.   


നിഫ്റ്റി സൂചിക 10,244 ൽ നിന്ന് 10,553 വരെ ഉയർന്ന ശേഷം വാരാന്ത്യം 10,383 പോയിന്റിലാണ്. നിലവിൽ നിഫ്റ്റിക്ക് 10,531 ലെ പ്രതിരോധം തകർക്കാനായാൽ 10,680 പോയിന്റിനെ സൂചിക ഉറ്റ് നോക്കാം. എന്നാൽ അതിന് മുമ്പായി തന്നെ ഫണ്ടുകൾ ലാഭമെടുപ്പിന് രംഗത്ത് ഇറങ്ങാം. സൂചിക അതിന്റെ 200 ആഴ്ച്ചകളിലെ ശരാശരിയായ 10,377 പോയിന്റിന് മുകളിലാണ്. ഓപ്പറേറ്റർമാരുടെ നീക്കങ്ങൾ വിലയിരുത്തിയാൽ ലാഭമെടുപ്പിന് സാധ്യതയുണ്ട്. നിഫ്റ്റി ഈവാരം 10,255 ലെ ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 10,128 വരെ തിരുത്തൽ തുടരാം. 
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ് നിക്ഷേപകർക്ക് ആത്മവിശ്വാസം പകരുകയാണ്. 29.78 ൽ നിന്ന് 28.33 ലേയ്ക്ക് താഴ്ന്നശേഷം 29.50 ലാണ്. ഈവാരം 30.13 ലെ പ്രതിരോധം നിലനിൽക്കുവോളം നിഫ്റ്റി സുരക്ഷിത മേഖലയിൽ തന്നെ നീങ്ങും. എന്നാൽ ആ തടസം മറികടന്നാൽ മുൻനിര ഓഹരികളിൽ വിൽപ്പന സമ്മർദ്ദം ഉടലെടുക്കും. 


ഫോറെക്‌സ് മാർക്കറ്റിൽ ഇന്ത്യൻ രൂപയുടെ മൂല്യം 76.18 ൽനിന്ന് 75.32 ലേയ്ക്ക് കരുത്ത് കാണിച്ച ശേഷം 75.60 ലാണ്. താൽക്കാലികമായി രൂപ മികവിലാണ്. ക്രൂഡ് ഓയിലിന് രണ്ടാം വാരവും തളർച്ച. മാർച്ചിൽ ബാരലിന് 40 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ട ശേഷം ആ റേഞ്ചിലേയ്ക്ക് പിന്നീട് ഉയരാനായില്ല, വാരാന്ത്യം എണ്ണ 38.16 ഡോളറിലാണ്. സ്വർണ വിപണി ബുള്ളിഷെങ്കിലും നിക്ഷേപകർ ലാഭമെടുപ്പ് നടത്തി. ഓഗസ്റ്റ് അവധി 1796 ഡോളർ വരെ കയറിയെങ്കിലും വാരാവസാനം 1770 ലേയ്ക്ക്  താഴ്ന്നു. മഞ്ഞലോഹം 1800 ലെ പ്രതിരോധം തകർക്കാനുള്ള നീക്കത്തിലാണ്.

 

Latest News