മക്ക- ഉംറയും ത്വവാഫും മസ്ജിദുൽ ഹറാമിൽ നമസ്‌കാരവും ഭാഗികമായി പുനരാരംഭിക്കാൻ നീക്കം. പള്ളിയിലേക്ക് വരുന്നവരുടെ പേരുവിവരങ്ങൾ ശേഖരിക്കുന്നതോടൊപ്പം സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ എന്നിവ പാലിച്ചിരിക്കണം. പ്രവേശന കവാടത്തിൽ വ്യക്തി വിവരങ്ങളും നൽകേണ്ടിവരും. കോവിഡ് രോഗികൾ്ക്കും 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങളുള്ളവരുമായി സമ്പർക്കം പുലർത്തിയവർക്കും പ്രവേശനമുണ്ടാകില്ല.
കൂടുതൽ പേരെത്തുന്നത് നിയന്ത്രിക്കുന്നതിന് തവക്കൽനാ ആപ് വഴി തസ് രീഹ് എടുക്കേണ്ടിവരും. ഇതിനുളള സൗകര്യം ആപിൽ ഉടൻ ഏർപ്പെടുത്തും. നിലവിൽ മക്കയിൽ രാവിലെ ഒമ്പത് മുതൽരാത്രി എട്ടുവരെ മക്ക നിവാസികൾക്കും തസ് രീഹ് ഉള്ളവർക്കും മാത്രമേ പ്രവേശനമുള്ളൂ.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കിംഗ് ഫഹ്ദ് വാതിലിലൂടെയാണ് മതാഫിലേക്ക് പ്രവേശനം നൽകുക. ജിസ്‌റുന്നബി, സഫാ ഭാഗം വഴി പുറത്തിറങ്ങാം. 94, 89 വാതിലുകൾ വഴി ഇഹ്‌റാമിലല്ലാത്തവർക്ക് പ്രവേശിക്കാം. മതാഫിൽ ഇഹ്‌റാമിലുള്ളവർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. കിംഗ് ഫഹദ്, കിംഗ് അബ്ദുല്ല വികസന ഭാഗങ്ങളിലാണ് നമസ്‌കാരം നടക്കുക. ഗ്രൗണ്ട്, രണ്ട്, മുകൾ ഭാഗം എന്നിവ ത്വവാഫുകാർക്കും ഒന്നാം നില വയോജനങ്ങൾക്കും ഭിന്ന ശേഷിക്കാർക്കുമാണ്. മതാഫിൽ ബാരിക്കേഡ് ഉപയോഗിച്ച് മുന്നു പാതകൾ ഒരുക്കും.






