Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

കേരളത്തിലെ ചെറുകിട തുറമുഖ വികസനം

ചൈന, ഫിലിപ്പൈൻസ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, തുടങ്ങിയ ആസിയാൻ രാജ്യങ്ങളിൽ നിലവിലുള്ളതിന് സമാനമായി രാജ്യത്ത് ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം രൂപപ്പെടുത്തിയ  നിയമമാണ് മാരിടൈം നിയമം. ഇതിനനുസൃതമായി എല്ലാ സംസ്ഥാനങ്ങളും അതത് സംസ്ഥാന മാരിടൈം ബോർഡ് ഉണ്ടാക്കുകയും മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ ഇതിൽ ബഹുദൂരം മുന്നേറുകയും ചെയ്തു.
ഇത് പ്രകാരം കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതിയിൽപെട്ട തുക വിനിമയം പോലും നടപ്പാക്കണമെങ്കിൽ സംസ്ഥാനത്ത് മാരിടൈം ബോർഡ് മുഖാന്തിരമേ കഴിയൂ എന്ന് കേന്ദ്ര സർക്കാർ മാരിടൈം ആക്ടിൽ വിഭാവനം ചെയ്യുന്നുണ്ട്.
നിർഭാഗ്യകരമെന്ന് പറയട്ടെ, കേരളത്തിൽ രൂപീകരിച്ച് രണ്ട് വഷമായിട്ടും കേരള മാരിടൈം ബോർഡിന് പുതുതായി ഒരു കപ്പൽ കൊണ്ടുവരാൻ സാധിച്ചില്ലെന്ന് മാത്രമല്ല, ചരക്ക് ഗതാഗതം നടത്തിയിരുന്ന ശ്രേയസ്, കരുതൽ എന്നിവ നിർത്തൽ ചെയ്യുകയുമുണ്ടായി. ഗ്രേറ്റ് സീ വേമ്പനാട് താൽക്കാലികമായി ഓപ്പറേഷൻ ഷട്ട് ഡൗൺ ചെയ്യുകയും ചെയ്യുകയാണുണ്ടായത്.
മുൻകാലങ്ങളിൽ സർക്കാർ വെസ്സൽ ഓപ്പറേറ്റേർസിന് കൊടുത്തുകൊണ്ടിരുന്ന കാർഗോ ഇൻസെന്റീവ് സ്‌കീം പൊതുഖജനാവിലെ പണം കൊള്ള  ചെയ്യുകയാണെന്നും ഇത് ഉടനെ നിർത്തൽ ചെയ്യണമെന്നും ചെയർമാൻ സർക്കാറിന് എഴുതി.
നാറ്റ് പാക് വിഷയത്തെ കുറിച്ച് പഠിച്ച് കേരള സർക്കാരിന് എഴുതി കൊടുത്ത റിപ്പോർട്ടിൽ സംസ്ഥാനത്തെ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിൽ റോഡിലൂടെ വരുന്ന മുഴുവൻ കണ്ടെയിനറുകളും ജലഗതാഗതം ആക്കാം. ഇതു വഴി കേരളത്തിലെ റോഡുകളുടെ ദൈർഘ്യാവസ്ഥ കൂട്ടുകയും  ഇത്രയും വാഹനങ്ങൾ അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മലിനീകരണ തോത് കുറച്ച് കൊണ്ടു വരികയുമാവാം. ഇതിലൂടെ  സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സന്തുലനം ഉറപ്പ് വരുത്തുകയും കണ്ടെയിനർ ചരക്ക് ലോറികളത്രയും റോഡിൽ നിന്ന് മാറുന്നത്  വഴി വാഹന പെരുപ്പത്തിന്റെ തോത് കുറക്കാം.  
ചെറുകിട പാസഞ്ചർ വാഹനങ്ങളുടെ ഒഴുക്ക് സുഗമമാക്കുകയും വഴി ജനങ്ങൾക്കും സർക്കാരിനും ഒരെ പോലെ ഉപകാരപ്പെടുന്ന രീതിയിൽ കപ്പൽ ഗതാഗതം നിലവിൽ വരും. അത് കച്ചവടക്കാർക്കും കയറ്റിറക്കുമതിക്കാർക്കും ഗുണം ചെയ്യും.   നാട്ടിൽ വികസനം രൂപപ്പെടുകയും വിദേശ കപ്പൽ സർവ്വീസുകൾ അവരുടെ ഓഫീസുകൾ ഇവിടെ തുറക്കുന്നതിലൂടെ സംസ്ഥാനത്തെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസങ്ങൾ സൃഷ്ടിക്കാം.  ചുരുങ്ങിയ ചെലവിൽ ചരക്കു ഗതാഗതം സാധ്യമാകുന്നതോടെ സാധനങ്ങൾക്ക്  വില കുറയും.  ഇതിലൂടെ  നാട്ടിൽ വളർച്ച വരുന്നത് സർക്കാരിനും പോർട്ടിനും നികുതി വരുമാനം കൂട്ടും. 
സർക്കാരിന്റെ ഫിനാൻസ് ഡിപ്പാർട്ട്‌മെന്റും പോർട്ട്, ലോ ഡിപ്പാർട്ട്‌മെന്റും വിഷയം പഠിച്ചു. എന്നിട്ട്  വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും കാണുകയും ക്യാബിനറ്റ് നോട്ടാക്കുകയും ചെയ്തു.  പ്രസ്തുത ഇൻസെന്റീവ് സ്‌കീം കേവലം ഊഹത്തിന്റെ അടിസ്ഥാനത്തിൽ പ്രായോഗികമല്ല എന്ന് പറഞ്ഞപ്പോൾ അന്നത്തെ ഫിനാൻസ് സെക്രട്ടറി മനോജ് ജോഷി മറുചോദ്യമുന്നയിച്ചു.  ഇൻസെന്റീവിന് ബദൽ നിർദ്ദേശം ഉന്നയിക്കാൻ ചെയർമാനോട് നിർദ്ദേശിച്ചപ്പോൾ അദ്ദേഹം കൈമലർത്തുകയാണ് ചെയ്തത്. 
മാരിടൈം നിയമത്തിൽ അഗ്രഗണ്യനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചെയർമാൻ ഇൻസെന്റീവ് വിഷയത്തിൽ സെക്രട്ടറിയേറ്റിലെ പോർട്ട്, ഫിനാൻസ്, ലോ വകുപ്പിലെ മുഴുവൻ ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും അപ്രീതി സമ്പാദിക്കുകയായിരുന്നു ഫലം. പേരെടുത്ത ഐ.എ.എസുകാരൻ പോലും ഈ ചെയർമാന്റ കീഴിൽ തന്റെ 2 വർഷം നഷ്ടപ്പെട്ടെന്ന് വിലപിക്കുകയും ചെയ്ത് തന്നെ എത്രയും പെട്ടന്ന് മറ്റൊരു വകുപ്പിലെക്ക് മാറ്റിത്തരണമെന്ന് സർക്കാരിനോട് അപേക്ഷിച്ചിരിക്കുകയാണ്. 
ഇത് മനസ്സിലാക്കിയ മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്താണ് കഴിഞ്ഞ വർഷാവസാനം സർക്കാരിൽ നിന്ന് വിരമിച്ച സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥയായ ലിഡാ ജേഖബിനെ വൈസ് ചെയർപേഴ്‌സൺ സ്ഥാനത്ത് നിയമിച്ചു.  അവർ പ്രത്യേക താൽപര്യമെടുത്ത് ബേപ്പൂർ സന്ദർശിച്ചു.  മെമ്പർ പ്രകാശ് അയ്യർ, പോർട്ട് ഓഫീസർ, പോർട്ടിലെയും ഹാർബർ എഞ്ചിനിയറിംഗിലെയും ലക്ഷദ്വീപ് ഡിപ്പാർട്ട്‌മെന്റിലെയും ഉദ്യോഗസ്ഥർ, കയറ്റിറക്കുമതിക്കാർ, ചേംബർ ഓഫ് കൊമെഴ്‌സ്, ഷിപ്പിംഗ് ഓപ്പറേറ്റർമാർ എന്നിവരുമായി കൂടിയാലോചന നടത്തുകയും ചെയ്തു. 2020 ഫെബ്രുവരി യിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും പോർട്ട്/ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് ഗവൺമെന്റ് ഓർഡർ ആക്കി ഇറക്കുകയും ചെയ്തു.  സർക്കാർ ഇറക്കിയ ഉത്തരവിനെ അട്ടിമറിക്കുകയാണ് ചെയർമാൻ ചെയ്തത്. 
ചേംബർ അംഗങ്ങൾ വിഷയം വൈസ് ചെയർപേഴ്‌സണിന്റെയും മെമ്പർ പ്രകാശ് അയ്യരുടെയും ശ്രദ്ധയിൽ പെടുത്തി. ചെയർപേഴ്‌സൺ തങ്ങളുടെ ഭാഗം കേട്ട് തീരുമാനം എടുക്കാമെന്ന് ചേംബർ അംഗങ്ങൾക്ക് ഉറപ്പ് നൽകിയിരിക്കെയാണ് ഇപ്പോഴത്തെ ചെയർമാൻ അദ്ദേഹത്തിന്റെ വൈസ് ചെയർ പേഴ്‌സണെതിരെ ഹൈക്കോടതിയിൽ കേസ് കൊടുത്തത്.  കോടതി  അപേക്ഷ തള്ളുകയുമാണുണ്ടായത്. 
ഇത്രയൊക്കെ സർക്കാരിന് ചെലവ് വന്നിട്ടും  സംസ്ഥാനത്തെ ജലഗതാഗതത്തെ വികസനത്തിന് ആക്കം കൂട്ടുന്ന ഒരു പദ്ധതിയും ബേപ്പൂരിൽ കൊണ്ടുവരാൻ ശ്രമം കാണിക്കുന്നില്ല. അഴീക്കലിൽ ഒരു മാരിടൈം എഞ്ചീനിയറിംഗ് കോളെജ് ഉടനെ വരും എന്ന് വാർത്ത വന്നിരുന്നു. 
നിലവിലെ പോർട്ട് ഓഫീസറുടെ നേതൃത്ത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ബേപ്പൂരിന്റെ കാര്യത്തിൽ ചെയ്തത്ര പോലും ചെയർമാന്റെ നേതൃത്വത്തിൽ ചെയ്യാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ 45 മാസമായി ബോർഡിന്റെ ഒരു യോഗം വിളിക്കാൻ പോലും  ഇദ്ദേഹം തയ്യാറായിട്ടില്ല. സ്ഥലം എം.എൽ എയുടെയും ലോക്‌സഭാ എം.പി.യുടെയും നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികൾ, ഹാർബർ എഞ്ചിനിയറിംഗ്, പോർട്ട്, കസ്റ്റംസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, കോസ്റ്റ് ഗാർഡ്, ഷിപ്പിംഗ് ഏജന്റ്‌സ്, വെസ്സൽ ഓപ്പറേറ്റേഴ്‌സ്, സ്റ്റീമർ ഏജന്റ്‌സ്, ഇറക്കുമതി വ്യവസായികൾ, ചേംബർ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പോർട്ട് അഡൈ്വസറി കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനം പോർട്ട് ഓഫീസർ സർക്കാരിലെക്കെഴുതിയെങ്കിലും ചെയർമാൻ ഇടപ്പെട്ട്  ഫയൽ മരവിപ്പിച്ചിരിക്കയാണ്.
പിണറായി സർക്കാരിന്റെ അഞ്ച് വർഷ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയിരിക്കെ ഈ ചെയർമാന്റെ നേതൃത്വത്തിലുള്ള മാരിടൈം ബോർഡ് തികഞ്ഞ പരാജയമാണെന്ന് വ്യക്തം.  കോവിഡ് പ്രതിസന്ധി ലോകോത്തര നിലവാരത്തിൽ കൈകാര്യം ചെയ്ത മുഖ്യമന്ത്രിക്കും സർക്കാരിനും കളങ്കമാവും ഈ നിഷ്‌ക്രിയത്വം.  
 

Latest News