ഹൈദരാബാദ്- സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് മരിക്കുന്നതിനു തൊട്ടു മുമ്പ് ശ്വാസം കിട്ടുന്നില്ലെന്ന് അറിയിച്ച് പിതാവിന് യുവാവിന്റെ വീഡിയോ സന്ദേശം. കോവിഡ് വ്യാപനത്തിനിടെ ജനങ്ങള്‍ക്ക് നൊമ്പരമായി ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നാണ് കോവിഡ് ബാധിച്ച 34 കാരന്‍ തന്റെ പിതാവിന് അവസാന സന്ദേശം അയച്ചത്.
10 സ്വകാര്യ ആശുപത്രികളിലെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബുധനാഴ്ച മകനെ ഹൈദരാബാദ് സര്‍ക്കാര്‍ ചെസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പിതാവ് പറയുന്നു.
എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല ... ഞാന്‍ അപേക്ഷിച്ചെങ്കിലും കഴിഞ്ഞ മൂന്ന് മണിക്കൂറായി അവര്‍ ഓക്‌സിജന്‍ നല്‍കുന്നില്ല. എനിക്ക് ഇനി ശ്വസിക്കാന്‍ കഴിയില്ല ഡാഡി, എന്റെ ഹൃദയം നിലച്ചതുപോലെയാണ് ... ബൈ ഡാഡി. എല്ലാവരോടും വിട - സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന വിഡിയോയില്‍ പറയുന്നു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
രോഗികള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും അവഗണനയും ചൂണ്ടിക്കാണിച്ചാണ് ആളുകള്‍ വ്യാപകമായി ഇത് ട്വീറ്റ് ചെയ്യുന്നത്.
യുവാവ് മരിച്ചതായി ആശുപത്രിയില്‍നിന്ന് അറിയിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് വിഡിയോ സന്ദേശം റെക്കോര്‍ഡ് ചെയ്തതെന്ന് കരുതുന്നു.
മകന്‍ സഹായം ചോദിച്ചെങ്കിലും ആരും നല്‍കിയില്ലെന്നും അവസാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷമാണ് വിഡിയോ കണ്ടതെന്നും പിതാവ് പറഞ്ഞു. എന്റെ മകന് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കരുത്. എന്തുകൊണ്ടാണ് അവന് ഓക്‌സിജന്‍ നിഷേധിക്കപ്പെട്ടത്? മറ്റാര്‍ക്കെങ്കിലും അടിയന്തരമായി ആവശ്യം നേരിട്ടതിനാലാണോ ഓക്‌സിജന്‍ നീക്കിയത്. മകന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഹൃദയം തകര്‍ന്നുപോകുന്നു- അദ്ദേഹം പറഞ്ഞു.
മരിച്ച ദിവസം തന്നെ കുടുംബം അന്ത്യകര്‍മങ്ങള്‍ നടത്തിയിരുന്നു. പിറ്റേന്ന് രാവിലെയാണ് പരിശോധനക്കായി മകന്റെ സ്രവം നല്‍കിയിരുന്ന സ്വകാര്യ ആശുപത്രിയില്‍നിന്ന് കോവിഡ് സ്ഥിരീകരിച്ചതായുള്ള വിവരം ലഭിച്ചത്.
യുവാവുമായി അടുത്തിടപഴകിയിരുന്ന മാതാപിതാക്കളും ഭാര്യയും സഹോദരങ്ങളും ഉള്‍പ്പെടെ കുടുംബത്തിലെ ആറ് അംഗങ്ങള്‍ ആശങ്കയിലാണ്. പരിശോധനാ ഫലം ലഭിക്കുന്നതിനുമുമ്പ് തന്നെ ആശുപത്രിയില്‍നിന്ന് മൃതദേഹം കൈമാറിയെന്നും തങ്ങള്‍ക്ക് ആരും കോവിഡ് പരിശോധന നടത്തുന്നില്ലെന്നും പിതാവ് പറഞ്ഞു. അച്ഛന്‍ മരിച്ചുവെന്ന് ഇനിയും അറിയാത്ത രണ്ട് പേരമക്കള്‍ കൂടിയുണ്ടെന്നും എന്തു ചെയ്യണമെന്നുമാണ് അദ്ദേഹത്തിന്റെ ചോദ്യം.






