ജനീവ- വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിതരുടെ മരണസംഖ്യ ഞായറാഴ്ച അഞ്ച് ലക്ഷത്തിലെത്തി. കോവിഡ് മുക്തമായെന്ന് കരുതിയ പല രാജ്യങ്ങളിലും അസുഖം വീണ്ടും വ്യാപിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒട്ടുമിക്ക രാജ്യങ്ങളും പോരാട്ടം തുടരുമ്പോഴാണ് ആഗോള മഹമാരി അഞ്ചു ലക്ഷം മരണമെന്ന ഗുരുതരമായ നാഴികക്കല്ല് പിന്നിടുന്നത്. ആഗോള വ്യാപകമായി ഒരു കോടി കോവിഡ് ബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ പുതിയ കൊറോണ വൈറസ് മൂലമുണ്ടാകുന്ന ശ്വാസകോശ അസുഖം പ്രായമേറിയവര്‍ക്കാണ് അപകടമെന്ന് പറയുമ്പോഴും വിവിധ രാജ്യങ്ങളില്‍ മരിക്കുന്നവരുടെ കൂട്ടത്തില്‍ മുതിര്‍ന്നവര്‍ക്കു പുറമെ ധാരാളം കുട്ടികളുമുണ്ട്.
മരണനിരക്ക് ഈയടുത്ത ആഴ്ചകളില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ റെക്കോര്‍ഡ് കേസുകള്‍ വര്‍ധിക്കുന്നതിലും ഏഷ്യയുടെ ചില ഭാഗങ്ങളില്‍ പുതുതായി രോഗം പൊട്ടിപ്പുറപ്പെടുന്നതിലും ആരോഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
കോവിഡ് മൂലം ഓരോ 24 മണിക്കൂറിലും 4,700 ലേറെ ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ജൂണ്‍ 1 മുതല്‍ 27 വരെയുള്ള ശരാശരി മരണം കണക്കിലെടുത്താണിത്. മണിക്കൂറില്‍ 196 പേരും ഓരോ 18 സെക്കന്‍ഡിലും ഒരാള്‍ വീതവും മരണത്തിനു കീഴടങ്ങുന്നു.
ഇതുവരെയുള്ള മരണങ്ങളില്‍ നാലിലൊന്ന് അമേരിക്കയിലാണ്. യു.എസില്‍ കേവിഡ് കേസുകകള്‍ കുതിച്ചുയരുകയും ചെയ്യുന്നു. തെക്കന്‍, പടിഞ്ഞാറന്‍ സ്‌റ്റേറ്റുകളിലാണ് കോവിഡ് ബാധിതരില്‍ ഗണ്യമായ വര്‍ധന.
പുതിയ കൊറോണ വൈറസ് ബാധിച്ച് ലോകത്ത് ആദ്യമരണം രേഖപ്പെടുത്തിയത് ജനുവരി ഒമ്പതിനാണ്. വൈറസിന്റെ പ്രഭവ കേന്ദ്രമായി കണ്ടെത്തിയ ചൈനീസ് നഗരമായ വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ സ്ഥിരമായി വരാറുള്ള 61 കാരന്റേതാണ് ആദ്യമരണം.
അഞ്ച് മാസത്തിനിടെയാണ് കോവിഡ് മരണസംഖ്യ ഇപ്പോള്‍ അഞ്ച് ലക്ഷത്തിലെത്തിയിരിക്കുന്നത്. മാരകമായ പകര്‍ച്ചവ്യാധികളിലൊന്നായ മലേറിയ മൂലം പ്രതിവര്‍ഷം മരിക്കുന്നവരുടെ എണ്ണത്തിന് തുല്യമാണിത്.
എയ്ഡ്‌സ്, മലേറിയ മരണങ്ങള്‍ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ 2018 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിമാസം ശരാശരി മരണം 78,000 ആണ്. മാസം 64,000 പേര്‍ എയ്ഡ്‌സ് ബാധിച്ചും 36,000 മലേറിയ ബാധിച്ചും മരിക്കുന്നുവെന്നാണ് 2018 ലെ ലോകാരോഗ്യ സംഘടനയുടെ കണക്ക്.






