കൊല്ലത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തി

കൊല്ലം- അഞ്ചലില്‍ ബന്ധുവിന്റെ പീഡനത്തിന് ഇരായയി കൊല്ലപ്പെട്ട ഏഴുവയസ്സുകാരിയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തി. കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും തന്നൈ അനുവദിച്ചില്ലെന്ന ആരോപണവുമായി അമ്മ രംഗത്തെത്തി.
 
കുട്ടിയുടെ അമ്മയ്‌ക്കൊപ്പം സഹോദരിയേയും ബന്ധുക്കളേയും സമീപവാസികള്‍ ചേര്‍ന്ന് നാട്ടില്‍ നിന്നും ഓടിച്ചിരിക്കുകയാണ്. കുട്ടിയുടെ മൃതദേഹം വീട്ടിനു സമീപം സംസ്‌കരിക്കാനും നാട്ടുകാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് അച്ഛന്റെ വീട്ടിലാണ് സംസ്‌കാരം നടത്തിയത്. 
 
ദുര്‍നടപ്പ് ആരോപിച്ചാണ് പ്രദേശവാസികള്‍ ഈ കുടുംബത്തിനെതിരെ രംഗത്തെത്തിയത്. ഇവിടേക്കു തിരിച്ചു വന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മ പറയുന്നു. പോലീസ് നോക്കി നില്‍ക്കെ നാട്ടുകാര്‍ ആക്രമിച്ചുവെന്നും ജനപ്രതിനിധികളടക്കം ആരും വിഷയത്തില്‍ ഇടപെട്ടില്ലെന്നും കുട്ടിയുടെ അമ്മ പറയുന്നു.
 
അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവ് രാജേഷാണ് ഏഴുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.
രണ്ട് കുഞ്ഞുങ്ങളടങ്ങുന്ന ഇവരുടെ ആറംഗ കുടുംബം ഒളി ജീവിതത്തിലാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നും ആരോപിക്കപ്പെടുന്നു. കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. കേസിലെ പ്രതി രാജേഷിന്റെ ക്രിമിനല്‍ പശ്ചാത്തലും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. കുട്ടിയുടെ മരണ ശേഷമുണ്ടായ ഇവരുടെ പ്രതികരണമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതെന്ന് സിപിഎം പ്രാദേശിക നേതാവ് പറയുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

Latest News