5700 കോടി രൂപ വാങ്ങി; ബി.ജെ.പിയുടെ ചൈനീസ് അയിത്തം നാടകമെന്ന് ആംആദ്മി

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റേയും ബി.ജെ.പിയുടേയും ചൈനീസ് ബഹിഷ്‌കരണ ആഹ്വാനം നാടകം മാത്രമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്. ചൈനയില്‍നിന്ന് 5,700 കോടി രൂപ വായ്പയെടുത്ത  കേന്ദ്രസര്‍ക്കാരാണ് മറുവശത്ത് അയല്‍രാജ്യത്തെ ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ നാടകം ബഹുകേമമാണ്. ചൈനയെ ബഹിഷ്‌കരിക്കാന്‍ രാജ്യത്തോട് പറയുന്നു. അതേസമയം, മോഡി സര്‍ക്കാര്‍ ചൈനയില്‍ നിന്ന് 5,700 കോടി രൂപ വായ്പയെടുക്കുന്നു. രാജ്യത്തെ സൈനികര്‍ക്ക് അതിര്‍ത്തിയില്‍ ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ കീഴടങ്ങല്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്ലാം സമര്‍പ്പിച്ചിരിക്കയാണെന്നും  സഞ്ജയ് സിംഗ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയ്ക്ക് കോവിഡ് 19 പ്രതിരോധത്തിനായി 750 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 5,688 കോടി രൂപ) ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരും ബെയ്ജിംഗ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും (എഐഐബി) കരാര്‍ ഒപ്പിട്ടതായി ധനമന്ത്രാലയം ജൂണ്‍ 19 ന് അറിയിച്ചിരുന്നു.

പാവങ്ങള്‍ക്ക് കോവിഡ് ആഘാതം കുറക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ യായാണ് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഇത്രയും തുക അനുവദിച്ചത്. ആദ്യമായാണ് ഇന്ത്യക്ക് ബജറ്റ് പിന്തുണയായി എ.ഐ.ഐ.ബി വായ്പ അനുവദിക്കുന്നത്.

ഏഷ്യയിലെ സാമൂഹികവും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്ഥാപിതമായ ബഹുമുഖ വികസന ബാങ്കാണ് എ.ഐ.ഐ.ബി. 2016 ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്ക്  ലോകമെമ്പാടുമായി 102 അംഗീകൃത അംഗങ്ങളെ ഉള്‍പ്പെടുത്തി വളര്‍ന്നിട്ടുണ്ട്.

 

Latest News