റിയാദ് - വിസിറ്റ് വിസ ഇഖാമ (ഹവിയ്യതു മുഖീം) ആക്കി മാറ്റാൻ രാജ്യത്തെ നിയമം അനുവദിക്കുന്നില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന വിദേശ ഡോക്ടർ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയെയും രണ്ടു മക്കളെയും ഫെബ്രുവരിയിലാണ് വിസിറ്റ് വിസയിൽ രാജ്യത്തേക്ക് കൊണ്ടുവന്നത്. ഇവരുടെ വിസിറ്റ് വിസ മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കാലാവധി ഓഗസ്റ്റിൽ അവസാനിക്കും. ഈ സാഹചര്യത്തിൽ ഭാര്യയുടെയും മക്കളുടെയും വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാൻ സാധിക്കുമോയെന്നായിരുന്നു വിദേശ ഡോക്ടറുടെ അന്വേഷണം. വിദേശങ്ങളിലുള്ളവരുടെ കാലാവധി അവസാനിച്ച റീ-എൻട്രി വിസ ദീർഘിപ്പിക്കാനുള്ള സംവിധാനം പുനരാരംഭിക്കുന്നതിനെ കുറിച്ച് കൊറോണ പ്രതിസന്ധി അവസാനിച്ച ശേഷം അറിയിക്കുമെന്നും ജവാസാത്ത് വ്യക്തമാക്കി.