Sorry, you need to enable JavaScript to visit this website.

ഉത്തരവ് നടപ്പിലായില്ല; ഓൺലൈൻ  ക്ലാസുകളിൽ പുസ്തകമില്ലാതെ പഠനം

കൽപറ്റ- സ്‌കൂൾ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരി 29 നു പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലായില്ല. 
2020-21 അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം എല്ലാ ജില്ലകളിലും മാർച്ച് ആദ്യവാരം തുടങ്ങുമെന്നായിരുന്നു പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടറുടെ (അക്കാദമികം) ഉത്തരവിൽ. രണ്ടു മുതൽ ഏഴു വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അവസാന പരീക്ഷ തീരുന്ന മുറയ്ക്കും പത്താം ക്ലാസിലെ പുസ്തകങ്ങൾ ഒൻപതാം ക്ലാസിലെ ഫലപ്രഖ്യാപനം നടത്തുന്ന മുറയ്ക്കും വിതരണം ചെയ്യുന്നതിനു  നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതായി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നാലുമാസമായിട്ടും മുഴുവൻ പുസ്‌കങ്ങളും സ്‌കൂളുകളിലെത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിനായില്ല. ജൂൺ ഒന്നിനു ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പാഠപുസ്തകകങ്ങളില്ലാതെയാണ് വിദ്യാർഥികളുടെ പഠനം. 


കേരളത്തിലൊരിടത്തെയും ജില്ലാ ഡിപ്പോകളിൽ മുഴുവൻ പുസ്തകങ്ങളും എത്തിക്കാനായിട്ടില്ല. ചിലേടങ്ങളിൽ പുസ്തകമെത്തിച്ചെങ്കിലും ഇൻഡന്റ് പ്രകാരം ആവശ്യപ്പെട്ട മുഴുവൻ എണ്ണവും ഇല്ലാത്തതിനാൽ കുട്ടികൾക്ക് നൽകാനാവുന്നില്ല. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ സ്‌കൂളുകളിലേക്കുള്ള വിതരണം ഭാഗികമായി തുടങ്ങിയെങ്കിലും എല്ലാ ഭാഷാവിഷയങ്ങളുടെയും പുസ്തകങ്ങൾ ലഭ്യമല്ല. ഹൈസ്‌കൂൾ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം തുടങ്ങിയപ്പോൾ ആവശ്യത്തിന് കിട്ടിയില്ലെന്ന പരാതി മിക്ക ജില്ലകളിലും ഉയർന്നിരിക്കുകയാണ്. പുസ്തകങ്ങൾ ആവശ്യപ്പെട്ട് കുട്ടികളും രക്ഷിതാക്കളും ബന്ധപ്പെടുമ്പോൾ കൈമലർത്താൻ നിർബന്ധിതരാകുകയാണ് സ്‌കൂൾ അധികൃതർ. 


പാഠപുസ്തകങ്ങൾ ആവശ്യമുള്ള സ്‌കൂളുകൾ കൈറ്റിന്റെ സൈറ്റിലുള്ള 'ടെക്സ്റ്റ് ബുക്ക് സപ്ലൈ മോണിറ്ററിംഗ് സിസ്റ്റം 2020' എന്ന ലിങ്കിലാണ്  ഇൻഡന്റിംഗ് നടത്തേണ്ടത്. 2019 നവംബർ 12 മുതൽ 26 വരെയായിരുന്നു ഒറ്റത്തവണ ഇൻഡന്റിംഗിനു സമയം. സ്‌കൂളുകൾക്കാവശ്യമായ പാഠപുസ്തകങ്ങൾ അച്ചടിക്കുന്നതിനു കേരള ബുക്‌സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിയെയാണ്(കെ.ബി.പി.എസ്) ചുമതലപ്പെടുത്തിയത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയം ക്ലാസുകൾക്കുള്ള പുസ്തകങ്ങളും ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം ഭാഷകളുടെ പുസ്തകങ്ങളും ഇതിലുൾപ്പെടും. സർക്കാർ-എയ്ഡഡ്-സർക്കാർ അംഗീകൃത അൺഎയ്ഡഡ്, സി.ബി.എസ്.സി, നവോദയ സ്‌കൂളുകൾക്കുള്ള പുസ്തകങ്ങൾ വിദ്യാഭ്യാസ വകുപ്പ് മുഖേനയാണ് ലഭ്യമാക്കുന്നത്. 
ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ സർക്കാർ-എയ്ഡഡ്-സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിലായി 37,16,840 കുട്ടികളാണ് പഠിക്കുന്നത്. എൽ.പി, യു.പി. ക്ലാസുകളിൽ 16,39,011 കുട്ടികളും ഹൈസ്‌കൂൾ ക്ലാസുകളിൽ 20,77,829 കുട്ടികളുമാണുള്ളത്. 


ഇവർക്കാവശ്യമുള്ള ഭാഷാവിഷയങ്ങളുടെ 288 ടൈറ്റിൽ പുസ്തകങ്ങളാണ് കെ.ബി.പി.എസ് അച്ചടിക്കുന്നത്. എൽ.പി-56, യു.പി-99, ഹൈസ്‌കൂൾ- 123 എന്നിങ്ങനെയാണ് വിവിധ ക്ലാസുകളിലേക്കാവശ്യമായ ടൈറ്റിലുകളിലുള്ള പുസ്തകങ്ങളുടെ കണക്ക്. മാർച്ച് ആദ്യം മുതൽ ലഭ്യമായ പുസ്തകങ്ങളുടെ കണക്ക് അതേമാസം 12 മുതൽ സ്‌കൂൾ പ്രധാനാധ്യാപകർ ടെക്സ്റ്റ്ബുക്ക് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യണമെന്നു നിർദേശമുണ്ടായിരുന്നു. പാഠപുസ്തക വിതരണം മോണിറ്റർ ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന് ഉദ്യോഗസ്ഥ തലത്തിൽ സംവിധാനമുണ്ട്. പാഠപുസ്തക വിതരണത്തിനു മാത്രമായി പ്രത്യേക വിഭാഗവും വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. 
പാഠപുസ്തക വിതരണത്തിൽ ഗുരുതര വീഴ്ചയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുണ്ടായതെന്നു കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂനിയൻ സംസ്ഥാന സെക്രട്ടറി പി.പി. മുഹമ്മദ് ആരോപിച്ചു. കൊറോണയുടെയും  ലോക്ഡൗണിന്റെയും പേരുപറഞ്ഞു വിദ്യാഭ്യാവസ വകുപ്പധികൃതർ ഉത്തരവാദിത്തിൽനിന്നു ഒഴിയുന്നതിൽ ന്യായീകരണമില്ലെന്നു അദ്ദേഹം പറഞ്ഞു. 

 

Latest News