Sorry, you need to enable JavaScript to visit this website.

സമ്പദ്‌വ്യവസ്ഥ തകര്‍ക്കാനുള്ള ഗൂഢശ്രമം;  ചൈനയ്‌ക്കെതിരെ 'ഫയര്‍ വോള്‍' ഒരുക്കി ഇന്ത്യ

ന്യൂദല്‍ഹി- ലഡാക്ക് സംഘര്‍ഷത്തിന്റെ പിന്നാലെ സൈബര്‍ ആക്രമണത്തിലൂടെ ഇന്ത്യയെ 'ഇരുട്ടിലാഴ്ത്തി' സമ്പദ് വ്യവസ്ഥ തകര്‍ക്കാനുള്ള ഗൂഢശ്രമവും ചൈനയുടെ ഭാഗത്തുനിന്നുണ്ടാകാനിടയുണ്ടെന്ന് വൈദ്യുതവകുപ്പ് സഹമന്ത്രി ആര്‍.കെ.സിങ്.
ഇതിന്റെ സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. പ്രശ്‌നം അതീവ ഗുരുതരമാണ്. വൈദ്യുതമേഖലയിലെ ഉപയോഗത്തിന് ചൈനയില്‍നിന്നു വാങ്ങുന്ന എല്ലാ ഉപകരണങ്ങളും ഇനി മുതല്‍ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ ഉപയോഗിക്കുകയുള്ളൂ. അത്തരം ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ടെങ്കില്‍ അവ മാത്രമേ വാങ്ങുകയുള്ളൂ. അഥവാ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ പല തലത്തിലുള്ള പരിശോധനയുണ്ടാകും. അതില്‍ത്തന്നെ മാല്‍വെയര്‍, ട്രോജന്‍ ടെസ്റ്റുകളായിരിക്കും പ്രധാനമായും നടത്തുക.വൈദ്യുത മേഖലകളിലെ കംപ്യൂട്ടര്‍ സേവനങ്ങളെ ആക്രമിക്കാനായി, അപകടകാരികളായ വൈറസ് സോഫ്റ്റ്‌വെയറുകളായ മാല്‍വെയറുകള്‍ ചൈന ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക സോഫ്റ്റ്‌വെയറാണെന്നു തോന്നിപ്പിക്കുകയും അതുവഴി രഹസ്യം ചോര്‍ത്താനുള്ള സംവിധാനം ഒളിച്ചുകടത്തുകയും ചെയ്യുന്നതാണ് ട്രോജന്‍ വൈറസുകള്‍.മാല്‍വെയര്‍, ട്രോജന്‍ ആക്രമണം വിദൂരത്തിരുന്നു നടത്താനാകും. ഇവയെ നിയന്ത്രിക്കുന്നവര്‍ ഇലക്ട്രിസിറ്റി ഗ്രിഡുകളെ തകര്‍ക്കുകയും അതുവഴി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തതായും പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ആര്‍.കെ.സിങ് പറഞ്ഞു.
ചൈന, റഷ്യ, സിംഗപ്പുര്‍, അര്‍മീനിയ, അസര്‍ബൈജാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, മള്‍ഡോവ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യന്‍ വൈദ്യുത മേഖലയ്ക്കു നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളിലേറെയും. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഒരു സംഘത്തെ ഇതു സംബന്ധിച്ച അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. 'നിലവില്‍ ശക്തമായി നിലനില്‍ക്കുന്ന ഭീഷണി' എന്നാണ് വൈദ്യുതോപകരണങ്ങള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് അവരുടെ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. 'അതീവ ഗുരുതര പ്രശ്‌നമാണിത്.
പ്രതിരോധ വകുപ്പിന്റെയും മറ്റു പ്രധാന വ്യവസായങ്ങളുടെയും പ്രവര്‍ത്തനം ഉള്‍പ്പെടെ വൈദ്യുതിയെ ആശ്രയിച്ചായതിനാല്‍ തന്ത്രപരമായും ഏറെ പ്രാധാന്യമുള്ള മേഖലയാണിത്. വൈദ്യുതബന്ധം പൂര്‍ണമായും നിലച്ചാല്‍ 1224 മണിക്കൂര്‍ നേരത്തേക്ക് കൂടി ഉപയോഗിക്കാനുള്ള വൈദ്യുതിയേ സംഭരിക്കപ്പെട്ടിട്ടുള്ളൂ. അതു പ്രശ്‌നം കൂടുതല്‍ വഷളാക്കും. ഇന്ത്യയിലെ വൈദ്യുതമേഖലയ്ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ഒരു 'ഫയര്‍ വോള്‍' ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

Latest News