Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം; എസി കോച്ചുകളില്‍  പുതിയ സംവിധാനമൊരുക്കാന്‍ റെയില്‍വേ

ന്യൂദല്‍ഹി-കോവിഡ് പശ്ചാത്തലത്തില്‍ എസി ട്രെയിനുകളിലെ കോച്ചുകളില്‍ ഇനി മുതല്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്ക് സമാനമായ രീതിയില്‍ ശുദ്ധവായു ക്രമീകരിക്കാനൊരുങ്ങി റെയില്‍വേ. എസി കോച്ചുകളിലെ റൂഫ് മൗണ്ട് എസി പാക്കേജ് ഓപ്പറേഷന്‍ തിയേറ്ററുകളിലേതു പോലെ മണിക്കൂറില്‍ 16-18 തവണ വായു പൂര്‍ണമായും മാറ്റുമെന്ന് അധികൃതര്‍ അവകാശപ്പെട്ടു.
വൈറസ് വ്യാപനം ഉണ്ടാകാതിരിക്കാനായി ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ട്രെയിനുകളിലെ എസി യൂണിറ്റുകള്‍ പരിഷ്‌കരിച്ചത്. എസി കോച്ചുകളിലെ വായു മണിക്കൂറില്‍ 12 തവണ പൂര്‍ണമായും മാറ്റണമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നത്.
മുമ്പ് എസി ട്രെയിനുകളില്‍ മണിക്കൂറില്‍ ആറുമുതല്‍ എട്ടുതവണ വരെയാണ് വായു പൂര്‍ണമായും മാറ്റിയിരുന്നത്. ഇപ്രകാരം കോച്ചുകളിലേക്ക് എത്തുന്ന വായുവില്‍ 20 ശതമാനം മാത്രമാണ് ശുദ്ധവായു. ബാക്കിയുള്ള 80 ശതമാനവും റിസര്‍ക്കുലേറ്റ് ചെയ്യപ്പെടുന്ന വായുവായിരുന്നു. വായുസഞ്ചാരത്തിലുണ്ടാകുന്ന വര്‍ധനവ് ഊര്‍ജ ഉപഭോഗത്തിലും 1015 ശതമാനം വരെ വര്‍ധനവ് ഉണ്ടാക്കും.എന്നാല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി നല്‍കേണ്ടി വരുന്ന തുകയാണ് ഇതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സാധാരണഗതിയില്‍ എസി റിസര്‍ക്കുലേറ്റ് ചെയ്യപ്പെട്ട വായുവാണ് ഉപയോഗിക്കുക. അതിനാല്‍ വളരെ വേഗത്തില്‍ തണുപ്പ് പടരും. എന്നാല്‍ ഓരോ തവണയും ശുദ്ധവായു ഉപയോഗിക്കുമ്പോള്‍ തണുക്കാന്‍ അല്പസമയം കൂടുതല്‍ വേണ്ടി വരും. അതുകൊണ്ടാണ് കൂടുതല്‍ ഊര്‍ജ ഉപഭോഗം ഉണ്ടാകുന്നത്. നിലവില്‍ രാജധാനി ട്രെയിനുകളില്‍ പരീക്ഷിച്ച ഈ സംവിധാനം വൈകാതെ മറ്റു എസി കോച്ചുകളിലും നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ക്കായി പുതപ്പ് വിതരണം ചെയ്യാത്തതിനാല്‍ സെന്‍ട്രലൈസ്ഡ് എസിയുടെ താപനില 25 ഡിഗ്രി ആയി നിലനിര്‍ത്തും നേരത്തേ ഇത് 23 ആയിരുന്നു. ചൈനീസ് ഗവേഷകര്‍ നടത്തിയ ഒരുപഠനത്തില്‍ മാത്രമാണ് എസിയില്‍ ദ്രവകണങ്ങളിലൂടെ വൈറസ് വ്യാപനം വര്‍ധിക്കുമെന്ന നിഗമനത്തിലെത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ വന്നിട്ടില്ല.

Latest News