തിരുവനന്തപുരം- ഇ-മൊബൈലിറ്റി പദ്ധതിയിൽ ഗുരുതര അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4500 കോടി രൂപയുടെ ഇ-മൊബിലിറ്റി പദ്ധതിയിലാണ് അഴിമതി ഉന്നയിച്ചത്.പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് കൺസൾട്ടൻസി കരാർ നൽകിയത് ദുരൂഹമാണെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ടെണ്ടർ പോലുമില്ലാതെ കരാർ നൽകിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സെബി വിലക്കേർപ്പെടുത്തിയ കമ്പനിക്കാണ് കൺസൾട്ടൻസി കരാർ നൽകിയത്. കമ്പനിക്കെതിരെ മുൻ നിയമകമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എ.പി.ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ എതിർപ്പും നിലനിൽക്കുമ്പോഴാണ് നിരോധനമുള്ള ബഹുരാഷ്ട്രാ കമ്പനിക്ക് കരാർ നൽകാനുള്ള തീരുമാനം എടുത്തത്. മാനദണ്ഡങ്ങളെ പൂർണമായും കാറ്റിൽപറത്തിയാണ് കരാർ നൽകിയതെന്നും ചെന്നിത്തല ആരോപിച്ചു.