മുണ്ടക്കയം- മുണ്ടക്കയത്ത് ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുകാരി നിരന്തര പീഡനത്തിന് വിധേയയായത് തെളിഞ്ഞത് വനിതാ പോലിസിന്റെ കൗണ്‍സിലിങ്ങില്‍. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ വീട്ടിലെത്തി പലതവണ സീനിയര്‍ സിവില്‍ പോലിസ് ഓഫീസറായ എന്‍ ജി പ്രിയ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനം തുറന്നുപറഞ്ഞത്. ജീവിതത്തിലേക്ക് തിരിച്ചുവന്ന പെണ്‍കുട്ടി വനിതാ പോലിസിന്റെ പിന്തുണയില്‍ തനിക്ക് നേരിട്ട ദുരനുഭവങ്ങളും അരക്ഷിതാവസ്ഥയും തുറന്നുപറയുകയായിരുന്നു. നാലു വയസ് പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടിയെ മാതാവ് ഉപേക്ഷിച്ച് പോയത്. പിതാവ് മറ്റൊരു വിവാഹം കഴിച്ച് പത്തനംതിട്ടയില്‍ താമസവുമാണ്. തുടര്‍ന്ന് വല്യമ്മയാണ് പെണ്‍കുട്ടിയെ വളര്‍ത്തിയത്.
ലോക്ക്ഡൗണില്‍ ഓണ്‍ലൈന്‍ പഠനത്തിന് പിതാവ് ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഈ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പോലിസിന് പെണ്‍കുട്ടിയുമായി പലരും വീഡിയോ ചാറ്റ് നടത്തിയതായി വ്യക്തമായത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പരിശോധന നടത്തിയ ഡോക്ടര്‍ പോലിസിനെ അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സിഐ ഷിബുകുമാറാണ് സീനിയര്‍ പോലിസ് ഓഫീസറായ പ്രിയയെ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വേണ്ടി ചുമതലപ്പെടുത്തിയത്. നിരന്തരമായ ഇടപഴകലിനിടെ താന്‍ ചെറിയ പ്രായം മുതല്‍ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.
രാഹുല്‍ രാജ് എന്ന യുവാവ് പാഞ്ചാലി മേട്ടിലും വീട്ടില്‍ വെച്ചും പല തവണ പീഡിപ്പിച്ചിരുന്നു.രണ്ടാനമ്മയുടെ വീട്ടിന് സമീപത്തെ മഹേഷ് എന്ന യുവാവും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അനന്ദു എന്നയാളും തന്നെ ഉപദ്രവിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കഴിഞ്ഞ ദിവസം പ്രതികളിലൊരാളായ അജിത്തും ഈ പെണ്‍കുട്ടിയ്‌ക്കൊപ്പം ആത്മഹത്യാ ശ്രമം നടത്തിയ മറ്റൊരു പെണ്‍കുട്ടിയെയും കുഴിമാവിന് സമീപം വെച്ച് കാണാന്‍ ആവശ്യപ്പെട്ടിരുന്നു. തിരിച്ചുവരുമ്പോള്‍ തന്റെ വല്യമ്മയുടെ സുഹൃത്ത് കണ്ടതായും വിവരം വീട്ടില്‍ അറിയുമെന്ന ഭയത്തിലാണ് രണ്ട് പേരും ചേര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. നാലു പ്രതികളെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.