ഹൃദ്രോഗത്തിന് പൂജ; സ്ത്രീകളെ കബളിപ്പിച്ച് 82 ലക്ഷം തട്ടി

തിരുവനന്തപുരം- പൂജയിലൂടെ ഹൃദ്രോഗം മാറ്റാമെന്ന്  വാഗ്ദാനം ചെയ്ത് അമ്മേയേയും മകളേയും കബളിപ്പിച്ച് 82 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍.  കാസര്‍കോട് കാഞ്ഞങ്ങാട് ആനന്ദാശ്രമം പൊട്ടന്‍കുളം വീട്ടില്‍ ഷാജിയുടെ മകന്‍ (19) അലക്‌സാണ് അറസ്റ്റിലായത്.
അസുഖം മാറ്റാമെന്ന് പറഞ്ഞ് പരിചയപ്പെട്ട ശേഷം തിരുവനന്തപുരം സ്വദേശികളായ അമ്മയേയും മകളേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി.
അമ്മയും മകളും പാലാരിവട്ടം വൈഎംസിഎയില്‍ രണ്ടുമാസത്തോളം വാടകക്ക് താമസിച്ചപ്പോഴാണ്  റൂംബോയി ആയിരുന്ന അലക്‌സിനെ പരിചയപ്പെട്ടത്. ഇവരില്‍ അമ്മയുടെ ഹൃദയസംബന്ധമായ അസുഖം  മനസ്സിലാക്കിയ പ്രതി തനിക്ക് പൂജ അറിയാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. പൂജ തുടങ്ങുന്നതിനും മറ്റമായി ഒമ്പത് ലക്ഷം രൂപയാണ് ആദ്യം കൈപ്പറ്റിയത്. പിന്നീട് പല തവണകളായി 16 ലക്ഷം രൂപ വാങ്ങി. തുടര്‍ന്ന് പരാതിക്കാരിയുടെ മകളെ ചിറ്റൂര്‍ റോഡിലേക്ക് വിളിച്ചുവരുത്തി  കൂടുതല്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍ മാതാവിന് മരണം സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയായിരുന്നു.  മകളുടെ എടിഎം കാര്‍ഡ് തട്ടിയെടുത്ത പ്രതി പിന്നീട് 45 ലക്ഷത്തോളം രൂപ പിന്‍വലിച്ചു. പണത്തിനായി വീണ്ടും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്.  
പ്രതി അലക്‌സ് പാനായികുളത്ത് ഒരു ആഡംബര വില്ലയും ഒരു ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണുകളും ആഡംബര ബൈക്കും മറ്റും വാങ്ങിയതായി കണ്ടെത്തി.

 

Latest News