Sorry, you need to enable JavaScript to visit this website.

ഗോ രക്ഷാ നേതാവിനെ കൊലപ്പെടുത്തി; വീഡിയോ പുറത്ത്

ഭോപ്പാല്‍- മധ്യപ്രദേശില്‍ ഗോ രക്ഷാ സംഘവുമായി ബന്ധമുള്ള 35 കാരനെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച ശേഷം വെടിവെച്ചു കൊന്നു. ഹോഷാംഗാബാദ് ജില്ലയിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ദൃക്‌സാക്ഷിയായ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

വിശ്വ ഹിന്ദു പരിഷത്ത് ഗോ രക്ഷാ സംഘത്തിന്റെ   ജില്ലാ ചുമതലയുള്ള രവി വിശ്വകര്‍മ്മ എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ടുപേരോടൊപ്പം മടങ്ങുമ്പോള്‍ ഭോപ്പാലില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള പിപാരിയ പട്ടണത്തില്‍വെച്ചാണ് കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.

വിശ്വകര്‍മ്മയെയും മറ്റ് രണ്ട് പേരെയും ഒരു സംഘം മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം രണ്ട് റൗണ്ട് വെടിവച്ചുവെന്നും അതിലൊന്ന് വിശ്വകര്‍മയുടെ നെഞ്ചില്‍ തറച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരച്ചുവെന്നും പോലീസ് പറഞ്ഞു. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ സതീഷ് അന്ധ്വാന്‍ പറഞ്ഞു.

10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണണെന്നും പോലീസ് പറഞ്ഞു. വിശ്വകര്‍മയും അക്രമികളും തമ്മിലുള്ള പഴയ ശത്രുതയുടെ ഫലമായിരിക്കാം കൊലപാതകമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍  കരുതുന്നു.

സംഭവത്തിന്റെ വീഡിയോയില്‍ ആറ് മുതല്‍ എട്ട് വരെയാളുകളാണുള്ളത്. ചിലര്‍ തൂവാലകളും സ്‌കാര്‍ഫുകളും കൊണ്ട് മുഖം മറച്ചിരുന്നു. ഒരു പാലത്തിന് സമീപമാണ് കാര്‍ ആക്രമിച്ചത്.   വീഡിയോ റെക്കോര്‍ഡുചെയ്യുന്നയാളോട് സ്ഥലത്തുനിന്ന് പോകാന്‍   ഒരു സ്ത്രീ ആവശ്യപ്പെടുന്നതും കേള്‍ക്കാം. കാറിന്റെ ഗ്ലാസുകള്‍ തകര്‍ത്താണ് വിഎച്ച്പി നേതാവിനൊപ്പം ഉണ്ടായിരുന്ന രണ്ടുപേരെ കാറില്‍ നിന്ന് പുറത്തിറക്കിയത്.
 
ആസൂത്രിതമായ കൊലപാതകമാണെന്ന് പ്രദേശത്തെ വിഎച്ച്പി നേതാവ് ഗോപാല്‍ സോണി പറഞ്ഞു. വിഎച്ച്പിയുടെ ഗോ രക്ഷ വിഭാഗത്തിന്റെ ജില്ലാ മേധാവിയായി പ്രവര്‍ത്തിച്ചിരുന്ന വിശ്വകര്‍മയുടെ കൊലപാതകം വിശദമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും നിലവില്‍ പശു കശാപ്പ് നിയമവിരുദ്ധമാണെങ്കിലും  ഗോ ജാഗ്രതാ സംഘങ്ങള്‍ നിയമം കൈയിലെടുക്കുന്നത് പലയിടത്തും സംഘര്‍ഷത്തിനു കാരണമാകാറുണ്ട്.

 

Tags

Latest News