ലക്‌നൗ- ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും നിതിന്‍ ഗഡ്കരിയും വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി അമേത്തി സന്ദര്‍ശനത്തിനൊരുങ്ങുന്നതിനിടെ സ്ഥലം എം പിയായ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് തന്റെ മണ്ഡല സന്ദര്‍ശനം മാറ്റിവയ്ക്കണമെന്ന് ജില്ലാ ഭരണകൂടം.
ഒക്ടോബര്‍ നാലു മുതല്‍ ആറു വരെയാണ് താന്‍ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലമായ അമേത്തിയില്‍ പര്യടനം നടത്താന്‍ രാഹുല്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ക്രമസമാധാന പാലനത്തിനായി പൊലീസിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി സന്ദര്‍ശനം മാറ്റിവയ്ക്കണമെന്നാണ് ജില്ലാ ഭരണകൂടം രാഹുലിനോട് നിര്‍ദേശിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന് അയച്ച കത്തിലാണീ നിര്‍ദേശം.
ഒക്ടോബര്‍ അഞ്ചിന് ദുര്‍ഗ പൂജ, ദസറ, മുഹറം ആഘോഷ പരിപാടികള്‍ പലയിടത്തും അവസാനിക്കുന്ന ദിവസമാണ്. ജില്ലയിലെ പോലീസ് സേനയില്‍ ഭൂരിപക്ഷവും ഇതുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലാകും. ഇതു ക്രമസമാധാന പാലനത്തിന് അസൗകര്യമുണ്ടാക്കും. അതുകൊണ്ട് രാഹുലിന്റെ റാലി ഒക്ടോബര്‍ അഞ്ചിന് ശേഷം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ബിജെപി അധ്യക്ഷന്‍ അമിത് ഷായും പരിവാരങ്ങളും അമേത്തിയിലെത്താനിരിക്കെ രാഹുലിന്റെ യാത്രയ്ക്ക് നിന്ത്രണമേര്‍പ്പെടുത്ത യുപിയിലെ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തി. സ്വന്തം ലോക്‌സഭാ മണ്ഡലം സന്ദര്‍ശിക്കുന്നതില്‍ നിന്നും രാഹുലിനെ തടയാന്‍ തന്ത്രങ്ങളുപയോഗിക്കുകയാണ് സര്‍ക്കാരെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അഖിലേഷ് സിങ് ആരോപിച്ചു. അമിത് ഷായുടെയും കേന്ദ്രമന്ത്രിമാരുടെ അമേത്തി സന്ദര്‍ശനത്തിന്‍രെ പ്രഭ മങ്ങിപ്പോകുമോ എന്ന ബിജെപിയുടെ ഭയമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ഒക്ടോബര്‍ 10-നാണ് അമിത് ഷായും അമേത്തിയില്‍ 2014-ല്‍ രാഹുലിനോട് പരാജയപ്പെട്ട മന്ത്രി സ്മൃതി ഇറാനിയും നിതിന്‍ ഗഡ്കരിയും ഇവിടെ എത്തുന്നത്. അമേത്തി ജില്ലാ ആസ്ഥാനം, സൈനിക് സ്‌കൂള്‍, ഒരു എഫ് എം റേഡിയോ സ്റ്റേഷന്‍, മൂന്ന് ഐടിഐകള്‍, സിവില്‍ കോടതി കെട്ടിടം, റെയില്‍വേ റോഡ് വികസന പദ്ധതികള്‍ എന്നിവയുടെ ഉല്‍ഘാടനത്തിനും തറക്കല്ലിടലിനുമായാണ് ഇവര്‍ കോണ്‍ഗ്രസിന്‍രെ കുത്തക മണ്ഡലമായ അമേത്തിയിലെത്തുന്നത്. രാഹുലിനെ ഒതുക്കാന്‍ ബിജെപി അമേത്തിയില്‍ പ്രത്യേകം കണ്ണുവച്ചുള്ള നീക്കങ്ങളാണ് ഇവിടെ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് രാഹിലുനോട് തോറ്റ് പിന്നീട് കേന്ദ്രമന്ത്രിയായ ഇറാനി ഉള്‍പ്പെടെയുള്ളവരെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പേരില്‍ ഇവിടേക്ക് എത്തിക്കുന്നത്.
അമേത്തിയിലെ പരിപാടികളുടെ തയാറെടുപ്പുകല്‍ വിലയിരുത്താന്‍ ഇറാനി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രത്യേക യോഗം വളിച്ചിരുന്നതായി അമേത്തി ജില്ലാ ബിജെപി അധ്യക്ഷന്‍ ഉമ ശങ്കര്‍ പാണ്ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്‌സഭാ, യുപി നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് അവസാനമായി അമിത് ഷാ അമേത്തിയിലെത്തിയത്. ഇറാനി മേയില്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. ഇതുവരെ പൂര്‍ത്തിയാക്കാത്ത പദ്ധതികളെ മൂടിവയ്ക്കാനാണ് ഈ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 'ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതു മുതല്‍ അമേത്തി അവരുടെ ഹിറ്റ് ലിസ്റ്റിലുണ്ട്. ഇവിടെ നിന്നും പല പദ്ധതികളും തിരിച്ചെടുക്കുകയല്ലാതെ പുതിയ ഒരു പദ്ധതിയും കൊണ്ടുവന്നിട്ടില്ല. കേന്ദ്ര മന്ത്രിസഭ ഒന്നടങ്കം ഇവിടെ വന്നാല്‍ പോലും അമേത്തിയുടെ വികസനം എന്നത് അവരെ സംബന്ധിച്ചിടത്തോളം ഗൗരവമുള്ള വിഷയമാണെന്ന് കരുതുന്നില്ല,' അമേത്തിയിലെ രാഹുലിന്റെ പ്രതിനിധി ചന്ദ്രകാന്ത് ദുബെ പറയുന്നു.