Sorry, you need to enable JavaScript to visit this website.

ആലപ്പാടിന് പിന്നാലെ തോട്ടപ്പള്ളിയും; കുട്ടനാടിനെ രക്ഷിക്കാനെന്ന വ്യാജേന വൻതോതിൽ കരിമണൽ ഖനനം

ആലപ്പുഴ- കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിന്റെ പകുതിയിലേറെ കടൽ കൊണ്ടുപോയി. അതിനുകാരണമായതു അവിടുത്തെ കരിമണൽ ഖനനമാണ്. പിന്നീട് ആറാട്ടുപുഴയിൽ ഖനനത്തിനായി ശ്രമം നടത്തിയപ്പോൾ വലിയ ജനകീയ പ്രക്ഷോഭത്തിലൂടെ അധികാരികളെ പിന്മാറ്റി. ഇപ്പോൾ പ്രളയത്തിൽനിന്ന് കുട്ടനാടിനെ രക്ഷിക്കാനെ വ്യാജേന തോട്ടപ്പള്ളിയിൽ വൻതോതിൽ കരിമണൽ ഖനനം നടക്കുന്നു. സി.പി.എം ഒഴികെയുള്ള മറ്റല്ലാ രാഷ്ട്രീയ കക്ഷികളുടെയും സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെയും എതിർപ്പും സമരവും അവഗണിച്ചുകൊണ്ടാണ് തോട്ടപ്പള്ളിയിലെ ഖനനം. സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ ഖനനത്തിനെതിരേ നിത്യേന പ്രക്ഷോഭം നടത്തുന്നുണ്ടെങ്കിലും കോടതി വിധിയുടെ മറവിൽ പോഴിമുഖത്തുനിന്ന് ഇരുവശത്തേക്കും ഖനനം നിർലോഭം നടത്തുകയാണ്. നൂറുക്കണക്കിന് ലോറികളിലാണ് കരിമണൽ ചവറ കെ.എം.എം.എല്ലിലേക്ക് കൊണ്ടുപോകുന്നത്.

ജനകീയ സമരം ശക്തിപ്പെട്ടതോടെ തോട്ടപ്പള്ളി പ്രദേശം ഉൾപ്പെടുന്ന തൃക്കുപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ ആലപ്പുഴ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കാലത്ത് കുട്ടനാടൻ പ്രദേശങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് വലിയുന്നതിന് എല്ലാ വർഷവും തോട്ടപ്പള്ളി പൊഴി മുറിക്കാറുണ്ട്. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിലൂടെയെത്തുന്ന വെള്ളം തോട്ടപ്പള്ളി പൊഴിയിലേക്ക് എത്താൻ വെട്ടിയുണ്ടാക്കിയ പുത്തനാറിന്റെ ശേഷിക്കനുസരിച്ചാണ് ഒരോ വർഷവും മഴക്കാലത്തിനുമുമ്പ് പൊഴി മുറിക്കുത്. ഒട്ടനവധി പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഖനനത്തിന് പിന്നിൽ വൻ ലോബി തന്നെയുണ്ട്. സാധാരണഗതിയിൽ എല്ലാ വർഷവും പൊഴി മുറിക്കാറുണ്ടെങ്കിലും മണൽ അവിടെ തന്നെ നിക്ഷേപിക്കും. പലഘട്ടങ്ങളിലും കുട്ടനാടൻ പാടശേഖരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും മണൽ ഉപയോഗിക്കാറുണ്ട്. കെ.എം.എം.എല്ലിൽ നിന്ന് കൊണ്ടുവന്ന മണൽ വേർതിരിക്കാനുള്ള സ്‌പൈറൽ യൂനിറ്റ് സ്ഥാപിക്കാനുള്ള ശ്രമം ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു.

കോടികളുടെ അഴിമതിയാണ് ഇപ്പോഴത്തെ കരിമണൽ ഖനനത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത്. കുട്ടനാടിനെ പ്രളയത്തിൽനിന്ന് രക്ഷിക്കാൻ വിദഗ്ധർ നിർദേശിച്ച പ്രാഥമിക കാര്യങ്ങളൊന്നും ചെയ്യാതെയാണ് പോഴിയിലെ മണ്ണ് നീക്കുന്നതിന്റെ പേരിൽ വൻതോതിൽ ഖനനം നടത്തുന്നത്. ഇവിടെനിന്ന് മണലെടുത്താൽ തീരശോഷണത്തിന് കാരണമാവുകയും രൂക്ഷമായ കടലാക്രമണം നേരിടേണ്ടിയും വരും. മുൻകാലങ്ങളിൽ സുനാമി ദുരന്തം വിതച്ച തീരങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ചാൽ ഒരു കാര്യം ബോധ്യമാകും. ഈ തീരങ്ങളിലാണ് ഏറ്റവും കൂടുതൽ മണൽഖനനവും നടക്കുന്നത്. തായ്‌ലന്റും ശ്രീലങ്കയും തമിഴ്‌നാടും കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളുമെല്ലാം തെളിവുകളായി നമുക്ക് മുന്നിലുണ്ട്. പോളണ്ട് കഴിഞ്ഞാൽ സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കുട്ടനാട്. തോട്ടപ്പള്ളിയിലെ മണൽഖനനം കുട്ടനാട് പ്രദേശത്തെ തന്നെ വെള്ളത്തിൽ മുക്കിക്കൊല്ലുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പ്. 


കരിമണൽ ഖനനത്തിന്റെ പ്രധാനദോഷം കടൽതീരത്തെ ക്രമേണ ഇല്ലാതാക്കുമെതാണ്. കൊല്ലം ജില്ലയിലെ ഖനനം നടത്തുന്ന പ്രദേശത്ത് 110 കൊല്ലത്തിനിടയിൽ 197.04 ഹെക്ടർ പ്രദേശം കടലെടുത്തു. കൂടാതെ ഖനനംമൂലം കടലിന്റെ മണൽ നിക്ഷേപവും നഷ്ടമായി. ഇത് കടലാക്രമണത്തിലേയ്ക്കായിരിക്കും നയിക്കുക. ഖനനം ഉയർത്തുന്ന മറ്റൊരു പ്രധാന വെല്ലുവിളി പ്രദേശത്തെ ജനങ്ങൾക്കുണ്ടാകുന്ന മാരകരോഗങ്ങളാണ്. ത്വക്ക് രോഗം മുതൽ ക്യാൻസർ വരെയുള്ളവയ്ക്ക് പ്രദേശവാസികൾ വിധേയരാകും. ലോകത്തിൽ ഏറ്റവും കൂടുതൽ റേഡിയേഷനുള്ള പ്രദേശമാണ് കൊല്ലം ജില്ലയിലെ ഖനനം നടക്കു ചവറ, നീണ്ടകര, പൊൻമന, ആലപ്പാട് പ്രദേശങ്ങൾ. കരിമണലിൽ അടങ്ങിയിരിക്കുന്ന തോറിയം ഏറെ അണുപ്രസരണശേഷിയുള്ളതാണ്. ഗർഭസ്ഥ ശിശുമുതൽ വൃദ്ധൻമാർവരെ ഇവിടെ മാരകമായ രോഗങ്ങളുടെ പിടിയിലാണെന്ന് ഐ.ആർ.ഇ മേഖലയിൽ നടത്തുന്ന പഠനങ്ങൾ വെളിപ്പെടുത്തുന്നു. 


ഇൽമനൈറ്റ്, മോണോസൈറ്റ്, സിൽമനൈറ്റ്, സിലിക്ക, സിർക്കോ, ഗ്രൈനൈറ്റ് തുടങ്ങിയ ധാതുക്കൾ അടങ്ങിയ മണ്ണാണ് കരിമണൽ. പെയിന്റും തുണിത്തരങ്ങളും പ്ലാസ്റ്റിക്കും റബർ ഉൽപന്നങ്ങളും പോലുള്ള സാധാരണ വസ്തുക്കൾ മുതൽ യുദ്ധോപകരണങ്ങളും ബഹിരാകാശ യാനങ്ങളുമെല്ലാം നിർമിക്കാൻ കഴിയുമെന്നത് ഇതിന്റെ വ്യാവസായിക പ്രധാന്യം വർധിപ്പിക്കുന്നു. ടൈറ്റാനിയത്തിന്റെ ലോഹ അയിരുകളായ ഇൽമനൈറ്റിനും റൂട്ടൈലിനും വൻ സാമ്പത്തിക പ്രധാന്യവുമുണ്ട്. സിറാമിക് വ്യവസയത്തിലും അണുശക്തി രംഗത്തും ഇവ വൻതോതിൽ ഉപയോഗിക്കപ്പെടുന്നു. വെൽഡിംഗ് ഇലക്ട്രോഡ് ഉണ്ടാക്കാനായി റൂട്ടൈൽ ഉപയോഗിക്കുന്നു. സാനിറ്ററി വസ്തുക്കൾ, ടൈൽ, കളിമൺ പാത്രങ്ങൾ, ലോഹങ്ങൾ മുറിക്കാനും മിനുസപ്പെടുത്താനുമുള്ള ഉപകരണങ്ങൾ, ഡീസൽ എൻജിൻ, ഇൻസുലേഷൻ സാധനങ്ങൾ, സീലുകൾ എന്നിവ നിർമിക്കുവാൻ സിൽക്കോണും ഉപയോഗിക്കുന്നു. റയർഎർത്ത് ക്ലോറൈഡ്, റയർഎർത്ത് ഓസ്‌കൈഡ്, സീറിയം ഓക്‌സൈഡ്, ടൈസോഡിയം ഫോസ്‌ഫേറ്റ്, തോറിയം ഓക്‌സൈഡ് എന്നിവ വേർതിരിക്കാൻ മോണോസൈറ്റാണ് ഉത്തമം. ടൈൽ, പോളിഷിംഗ് ഉപകരണങ്ങളുടെ നിർമാണത്തിന് ഗാർനൈറ്റും അലുമിനിയം ഉൽപാദനത്തിന് സിൽമനൈറ്റും ഉപയോഗിക്കുന്നു.


കേരളത്തിൽനിന്നും വിദേശത്തേയ്ക്ക് കയറ്റിയയച്ച കയറിൽ പറ്റിപ്പിടിച്ച കറുത്ത മണ്ണിന്റെ സവിശേഷത ആദ്യം തിരിച്ചറിഞ്ഞത് ബ്രിട്ടീഷുകാരാണ്. കേരളത്തിലെ കരിമണലിൽ 55 ശതമാനം ഇൽമനേറ്റ് അടങ്ങിയിട്ടുണ്ട്. 25 ശതമാനത്തിൽ കൂടുതൽ ഇൽമനേറ്റ് അടങ്ങിയ കരിമണൽ ലോകത്ത് മറ്റെങ്ങും ഇല്ലന്നെതാണ് പ്രധാന സവിശേഷത. കേരളത്തിന്റെ തീരപ്രദേശത്ത് ഒരു ചതുരശ്രമീറ്റർ സ്ഥലത്ത് 475 കിലോ ഇൽമനൈറ്റും 146 കിലോ സിർക്കണും 122 കിലോ സിൽമനൈറ്റും 61 കിലോ റൂട്ടൈനും അടങ്ങിയ കരിമണലാണുള്ളത്. ഇതിന്റെ മൂല്യനിർണയം കണക്കാക്കുമ്പോൾ ഒരു സെന്റ് ഭൂമിയിൽ നിന്ന് ലഭിക്കുക കോടികളായിരിക്കും. 2003 ൽ എ.കെ. ആന്റണിയുടെ കാലത്തെ യു.ഡി. എഫ് സർക്കാരാണ് ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്ത് കരിമണൽ ഖനനം നടത്താൻ ആദ്യം നീക്കം നടത്തിയത്. ജനകീയ സമരം ശക്തമായപ്പോൾ ആ നീക്കം ഉപേക്ഷിച്ചു.


കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കുംഭകോണമായിരുന്നു ആലപ്പുഴ ജില്ലയിലെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് 2003 ൽ നടന്നത്. കരിമണൽ മാഫിയ ഖനനം നടത്തുവാൻ വൻ സന്നാഹവുമായി രംഗത്തിറങ്ങി. എന്നാൽ തീരദേശത്ത് ജനവികാരം ശക്തമായപ്പോൾ ആന്റണി സർക്കാർ പദ്ധതി ഉപേക്ഷിച്ചു. അതിന് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ആലപ്പുഴ ജില്ലയിലെ തീരപ്രദേശത്ത് കരിമണൽഖനനം നടത്തുകയില്ലാ എന്നത്. പൊതുമേഖലയിൽ ആയാലും സ്വകാര്യമേഖലയിൽ ആയാലും ഖനനം വൻ ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്നായിരുന്നു എൽ.ഡി.എഫ് വിലയിരുത്തൽ. ആ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ഒൻപതിൽ എട്ട് നിയമസഭാ സീറ്റുകളിലും എൽ.ഡി.എഫ് തിളക്കമാർന്ന വിജയം നേടി. ഇത് കരിമണൽ ഖനനത്തിനെതിരെ നടത്തിയ രാഷ്ട്രീയ സമരങ്ങളുടെ വിജയം കൂടിയായിരുന്നു.

ഇതേ മുന്നണിയുടെ സർക്കാരാണ് ഇപ്പോൾ വൻ പ്രതിഷേധങ്ങൾക്കിടയിലും തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടത്തുന്നത്. മുന്നണിയിലെ സി.പി.ഐ ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും ഖനനത്തിനെതിരേ പ്രക്ഷോഭത്തിലുണ്ടെങ്കിലും സി.പി.എം അതൊന്നും ഗൗനിക്കുന്നില്ല. ഖനനം നടക്കുന്ന പ്രദേശം ഉൾപ്പെടുന്ന പുറക്കാട് പഞ്ചായത്ത് ഭരിക്കുന്ന സമിതി ഖനനത്തിനെതിരേ സ്റ്റോപ്പ് മെമ്മോ കൊടുത്തെങ്കിലും സർക്കാർ ഇടപെട്ട് പിൻവലിപ്പിച്ചുവെന്നാണ് ആക്ഷേപം. അതേസമയം, മൈനിംഗിനായി ലൈസൻസ് പോലുമില്ലാതെ നടക്കുന്ന ഖനനം തീരദേശത്തെ ജനതയോടുള്ള വെല്ലുവിളിയാണെന്നാണ് പ്രക്ഷോഭത്തിലുള്ളവർ ആരോപിക്കുന്നത്.


 

Latest News