Sorry, you need to enable JavaScript to visit this website.

പിണറായിക്ക് സർ സി.പി സിൻഡ്രോം -വി.എം. സുധീരൻ

കരിമണൽ ഖനനത്തിനെതിരേ കോൺഗ്രസ് നേതാവ് വി.എം. സുധീരൻ തോട്ടപ്പള്ളിയിൽ ഇന്നലെ നടത്തിയ സത്യഗ്രഹസമരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ- പിണറായി സർക്കാരിന് സർ സി.പി സിൻഡ്രോമാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരേ സമരം ഉയർന്നാൽ സി.പി. നിരോധനാജ്ഞ പ്രഖ്യാപിച്ച് സമരക്കാരെ തുറുങ്കിലടക്കുമായിരുന്നു. ഇതേ നയമാണ് പിണറായി സ്വീകരിച്ചിരിക്കുന്നതെന്നും സുധീരൻ പറഞ്ഞു. കരിമണൽ ഖനനത്തിനെതിരേ തോട്ടപ്പള്ളിയിൽ സത്യഗ്രഹം നടത്തുകയായിരുന്നു അദ്ദേഹം. തന്റെ സത്യഗ്രഹ സമരത്തെ സംബന്ധിച്ച് നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് കത്തുനൽകിയിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും സമരമെന്നും അറിയിച്ചിരുന്നു. എന്നാൽ, സമരത്തിന്റെ തലേരാത്രി പുറക്കാട്ടും തൃക്കുന്നപ്പുഴയിലും കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ഏതാനും പേർ നടത്തുന്ന സമരത്തെ നേരിടാൻ ആയിരത്തിലധികം പോലീസുകാരെ നിരത്തിനിർത്തി കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയത് സർക്കാരാണ്. സർക്കാർ സ്‌പോൺസേഡ് നിയമലംഘനമാണ് തോട്ടപ്പള്ളിയിൽ നടക്കുന്നത്. പോലീസുകാർക്കു പുറമെ 500 ലധികം ലോറികളിലെ ഡ്രൈവർമാരും ക്ലീനർമാരും മറ്റ് തൊഴിലാളികളും തോട്ടപ്പള്ളിയിലുണ്ട്. കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഒരു മുൻകരുതലും ഇവരാരും സ്വീകരിച്ചിട്ടില്ലെന്നും സുധീരൻ പറഞ്ഞു. കോവിഡിന്റെ മറവിൽ എന്തുമായ്‌ക്കൊള്ളാമെന്ന ധാരണയാണ് പിണറായിക്ക്. ഒരു കാര്യത്തിലും നേരും നെറിയും കാട്ടുന്നില്ല. നേരേചൊവ്വയല്ല ഭരണം.

എല്ലാകാര്യത്തിലും കള്ളപ്രചാരണമാണ് നടത്തുന്നത്. തോട്ടപ്പള്ളിയിലെ ഖനനം പൊതുമേഖലയുടെ മറവിലാണ്. ഇവിടെ നിന്നെടുക്കുന്ന മണൽ കെ.എം.എം.എല്ലിലേക്ക് തന്നെയാണോ കൊണ്ടുപോകുന്നതെന്ന് സംശയമുണ്ട്്. സ്വകാര്യ കുത്തകകളെ സഹായിക്കാനാണ് സർക്കാർ നീക്കം. പുറക്കാട് ഗ്രാമപഞ്ചായത്ത് ഭരണഘടനാ സ്ഥാപനമാണ്. കെ.എം.എം.എല്ലിന് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോ കൊടുത്തത് കോടതി അംഗീകരിച്ചതാണ്. തൊട്ടടുത്തദിവസമാണ് കോടതിയിൽ സർക്കാർ അട്ടിമറി നടത്തിയത്. സ്റ്റോപ്പ് മെമ്മോ പിൻവലിച്ചെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയാതെ സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. ഇത് തീരജനതയോടുള്ള വെല്ലുവിളയാണ്. കുത്തകകൾക്കുവേണ്ടി കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന സ്ഥിതി. 


ജനശക്തിയെ ചോദ്യം ചെയ്യുന്നവരെല്ലാം താൽക്കാലികമായി വിജയിക്കുമെങ്കിലും ആത്യന്തികമായി നിലംപതിക്കും. അധികാരം ദുരുപയോഗപ്പെടുത്തി മുഷ്‌ക്കിലൂടെ മുന്നോട്ടുപോകാനാണ് സർക്കാർ ഭാവമെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകും. സി.പി.എം നേതാക്കൾ കമ്യൂണിസം കൈവിട്ട് മുതലാളിത്തത്തിന്റെ വക്താക്കളായി അധഃപതിച്ചു. തീരദേശത്തെ നാശത്തിലേക്ക് തള്ളിവിടുന്ന സമീപനം ഒരു കാരണവശാലും അംഗീകരിക്കില്ല. ജനദ്രോഹനടപടി അവസാനിപ്പിക്കണം. സമരം നേരിടാൻ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത് ഭീരുത്വമാണ്. ജനങ്ങളെ സമരത്തിലേക്ക് തള്ളിവിടുന്നത് സർക്കാരാണ്. കുട്ടനാടിനെ രക്ഷിക്കാൻ വേണ്ടതൊന്നും ചെയ്യാതെ ഖനനം അനുവദിക്കുന്നു. പ്രളയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ആദ്യനടപടിയായ എ.സി കനാലിന്റെ തടസ്സംമാറ്റുന്നില്ല, തണ്ണീർമുക്കം ബണ്ടിലെ നീരൊഴുക്ക് സുഗമമാക്കുന്നില്ല. സാധാരണക്കാരുടെ വികാരത്തെ തെല്ലും മാനിക്കാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. തീരദേശത്തെ ജനങ്ങളെ ബാധിക്കുന്നത് മനസ്സിലാക്കുന്നില്ല. കടലാക്രമണം തടയുന്നതിനു പകരം പ്രകൃതിക്ഷോഭത്തിലേക്ക് തള്ളിവിടുന്നു. ഖനനം കുട്ടനാടിനെ ഒരു വെള്ളഭീഷണിയേക്ക് എത്തിക്കുമെന്നും സുധീരൻ പറഞ്ഞു. 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ പി.ടി. തോമസ്, ഷാനിമോൾ ഉസ്മാൻ, അനിൽ അക്കര, ഡി.സി.സി പ്രസിഡന്റ് എം. ലിജു, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഖാലിദ്, പി. സാബു, സുനിൽജോർജ്, അനിൽ ബി. കളത്തചൻ, എം.എച്ച്. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
 

Latest News