Sorry, you need to enable JavaScript to visit this website.

വൈറലായി സൗദി റോയൽ ഗാർഡ് ഉദ്യോഗസ്ഥയുടെ ഫോട്ടോ

റോയൽ ഗാർഡ് ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കുന്ന സൗദി യുവതി ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ. 
റിയാദിലെ തെരുവിൽ കാറോടിക്കുന്ന സൗദി യുവതി. 

റിയാദ്- റോയൽ ഗാർഡ് ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കുന്ന സൗദി യുവതിയുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു. സൗദിയിൽ റോയൽ ഗാർഡിൽ വനിതകൾ ജോലി ചെയ്യുന്നത് സ്ഥിരീകരിക്കുന്ന ഫോട്ടോ ആദ്യമായാണ് പുറത്തുവരുന്നത്. റോയൽ ഗാർഡിലെ പുരുഷ ഉദ്യോഗസ്ഥനൊപ്പം മികച്ച അച്ചടക്ക മുറയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ട വനിതാ ഉദ്യോഗസ്ഥയുടെ ചിത്രമാണ് പുറത്തുവന്നത്. 


ഏറെ അഭിമാനത്തോടെ ഇത് സാമൂഹികമാധ്യമ ഉപയോക്താക്കൾ ഏറ്റെടുക്കുകയും വ്യാപകമായി പങ്കുവെക്കുകയും ചെയ്തു. ട്വിറ്ററിൽ റോയൽ ഗാർഡ് എന്ന പേരിലുള്ള ഹാഷ്ടാഗിൽ ഈ ഫോട്ടോ ഉപയോക്താക്കൾ വ്യാപകമായി പങ്കുവെച്ചു. സൗദി വനിതകളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും അവരിൽ അഭിമാനം കൊള്ളുകയും ചെയ്യുന്ന വാചകങ്ങളുടെ അകമ്പടിയോടെയാണ് സാമൂഹികമാധ്യമ ഉപയോക്താക്കൾ ഈ ഫോട്ടോ പങ്കുവെച്ചത്. 
വിവിധ മേഖലകളിൽ പുരുഷന്മാർക്കൊപ്പം സുപ്രധാന പങ്ക് വഹിക്കുന്നവരായി മാറിയ സൗദി വനിതകളിലുള്ള അഭിമാനം നിരവധി പേർ പ്രകടിപ്പിച്ചു. പ്രാദേശിക, ആഗോള തലങ്ങളിൽ സാന്നിധ്യം തെളിയിച്ച സൗദി വനിതകളുടെ കഴിവുകളും സ്ഥാനവും കുറച്ചുകാണുന്നതിനെ അംഗീകരിക്കില്ലെന്നും ഇവർ പറഞ്ഞു. 


സൗദിയിൽ മുൻ കാലത്ത് അപ്രാപ്യമായിരുന്ന പദവികളും തൊഴിൽ മേഖലകളുമെല്ലാം ഇപ്പോൾ വനിതകളെ തേടിയെത്താൻ തുടങ്ങിയിട്ടുണ്ട്. ഗവൺമെന്റ് വകുപ്പുകളിലും സ്വകാര്യ മേഖലയിലും ഉന്നത പദവികൾ അലങ്കരിക്കുന്ന എമ്പാടും വനിതകളുണ്ട്. ജവാസാത്ത് ഡയറക്ടറേറ്റും ജയിൽ വകുപ്പും അടക്കമുള്ള സുരക്ഷാ വകുപ്പുകളിൽ നൂറുക്കണക്കിന് വനിതകൾ ജോലി ചെയ്യുന്നു. എയർ ട്രാഫിക് കൺട്രോൾ ടവറുകളിൽ എയർ ട്രാഫിക് കൺട്രോളർമാരായും സൗദി വനിതകൾ ജോലി ചെയ്യുന്നുണ്ട്. ഇതിനു പുറമെ എയർ ഹോസ്റ്റസുമാരായും അസിസ്റ്റന്റ് പൈലറ്റുമാരായും സൗദി യുവതികളെ വിമാന കമ്പനികൾ നിയമിക്കാൻ തുടങ്ങിയിട്ടുണ്ട്. 


അറബ് ലോകത്ത് വനിതകൾക്ക് ഏറ്റവും മികച്ച രാജ്യം സൗദി അറേബ്യയാണെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രശസ്തമായ അമേരിക്കൻ മാസിക നടത്തിയ അഭിപ്രായ സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലോകത്ത് 2,56,700 വനിതകളെ പങ്കെടുപ്പിച്ച് അമേരിക്കൻ മാസികയായ സിയോവേൾഡ് (ഇഋഛണഛഞഘഉ) നടത്തിയ സർവേയിലാണ് അറബ് രാജ്യങ്ങളിൽ വനിതകൾക്ക് ഏറ്റവും മികച്ച സ്ഥലമായി സൗദി അറേബ്യയെ തെരഞ്ഞെടുത്തത്. ലോകത്ത് വനിതകൾക്ക് ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ 89-ാം സ്ഥാനത്താണ്. അറബ് ലോകത്ത് രണ്ടാം സ്ഥാനത്ത് ഒമാനും മൂന്നാം സ്ഥാനത്ത് ജോർദാനും നാലാം സ്ഥാനത്ത് യു.എ.ഇയും ആണ്. ഖത്തർ, കുവൈത്ത്, ലിബിയ, ഈജിപ്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് യഥാക്രമം തൊട്ടുപിന്നിൽ. 


ലോകത്ത് വനിതകൾക്ക് ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ 91-ാം സ്ഥാനത്തും ജോർദാൻ 96-ാം സ്ഥാനത്തും യു.എ.ഇ 100-ാം സ്ഥാനത്തും ഖത്തർ 107-ാം സ്ഥാനത്തും കുവൈത്ത് 111-ാം സ്ഥാനത്തും ലിബിയ 117-ാം സ്ഥാനത്തും ഈജിപ്ത് 124-ാം സ്ഥാനത്തും ബഹ്‌റൈൻ 128-ാം സ്ഥാനത്തുമാണ്. ഒന്നാം സ്ഥാനത്ത് സ്വീഡനും രണ്ടാം സ്ഥാനത്ത് ഡെന്മാർക്കും മൂന്നാം സ്ഥാനത്ത് ഹോളണ്ടും നാലാം സ്ഥാനത്ത് നോർവേയുമാണ്. 

 

Latest News