Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൃഷിയിടങ്ങൾ മേച്ചിൽപ്പുറമാക്കി കാട്ടാനകൾ; ഗതിമുട്ടിയ കർഷകർ പ്രക്ഷോഭത്തിലേക്ക്

ഈസ്റ്റ് ചീരാലിൽ കാട്ടാന നശിപ്പിച്ച കൃഷിയിടം.

ബത്തേരി-നെൻമേനി, നൂൽപ്പുഴ പഞ്ചായത്തുകളിൽ  വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ച് പരിധിയിൽവരുന്ന ഗ്രാമങ്ങളിൽ കാട്ടാനശല്യം രൂക്ഷമായി.ഈസ്റ്റ് ചീരാൽ, വരിക്കേരി,പാട്ടത്ത്,പൂമറ്റം,കമ്പകൊടി,പുതുശേരി,അയനിപ്പുര, കുണ്ടൂർ, നമ്പ്യാർകുന്ന്, കാപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനശല്യം വർധിച്ചത്. ദിസവവും സന്ധ്യമയങ്ങുംമുമ്പേ ഒറ്റയ്ക്കും കൂട്ടായും കാടിറങ്ങുകയാണ് ആനകൾ. നേരം നന്നേ പുലരുംവരെ കൃഷിയിടങ്ങൾ മേച്ചിൽപ്പുറമാക്കുന്ന അവ കൊടിയ കൃഷിനാശം വരുത്തുന്നതിനു പുറമേ ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുകയാണ്. കഴിഞ്ഞ ദിവസം ഈസ്റ്റ് ചീരാലിലും സമീപങ്ങളിലുമായി നിരവധി കർഷകരുടെ വിളകൾ ആനകൾ നശിപ്പിച്ചു. പുളിയാമക്കൽ ജോയ്, മണ്ണിൽ  രാജൻ, വരിക്കേരി  കുഞ്ഞിരാമൻ, പാട്ടത്ത് വിജയൻ, ചിറക്കര കുഞ്ഞുമോൻ, പി.ആർ.ഉഷ ,വി.സന്തോഷ്, എ.വിശ്വനാഥൻ... ഇങ്ങനെ നീളുകയാണ് കൃഷിനാശം സംഭവിച്ച കർഷകരുടെ നിര.
കൃഷിയിടങ്ങളിൽ രാത്രി കാവൽ കിടക്കാനും ഭയപ്പെടുകയാണ് കർഷകർ. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും തുരത്താൻ ശ്രമിക്കുന്നവർക്കുനേരേ പാഞ്ഞടുക്കുകയാണ് ആനകൾ.  ഈസ്റ്റ് ചീരാലിനു സമീപം കൃഷിയിടത്തിലെ മാടത്തിൽ രാത്രി കാവലിലായിരുന്ന പ്ലസ് ടു വിദ്യാർഥി നിഖിലിനുനേരേ കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണം ഉണ്ടായി. തലനാരിഴയ്ക്കാണ് നിഖിൽ രക്ഷപ്പെട്ടത്.
കാട്ടാനശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട്  കാർഷിക പുരോഗമന സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്താനുള്ള തീരുമാനത്തിലാണ്  ഈസ്റ്റ് ചീരാലിലും സമീപങ്ങളിലുമുള്ള കർഷകർ. കൃഷിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ വനം-വന്യജീവി വകുപ്പ് വീഴ്ച വരുത്തുന്ന സാഹചര്യത്തിലാണ് സമരം.   ആദ്യപടിയായി കാർഷിക ജൂലൈ രണ്ടിനു പഴൂർ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തും. വന്യജീവിശല്യത്തിനു പരിഹാരം കാണുന്നതിനു ദീർഘ-ഹ്രസ്വകാല പദ്ധതികൾ നടപ്പിലാക്കുന്നതിനു പകരം കർഷകവിരുദ്ധ നടപടികളാണ് വനം-വന്യജീവി വകുപ്പ് സ്വീകരിക്കുന്നതെന്നു കാർഷിക പുരോഗമന സമിതി  നേതാക്കളായ ഡോ.പി.ലക്ഷ്മണൻ, വി.കെ.ഷാജി, കണ്ണിവട്ടം കേശവൻ ചെട്ടി, കെ.ഒ.ഷിബു, പി.ഷൺമുഖൻ, അനീഷ് ചീരാൽ, സി.എ.അഫ്‌സൽ എന്നിവർ പറഞ്ഞു.  
വന്യജീവികൾമൂലം കൃഷിക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾക്കുനേരേ വനം-വന്യജീവി വകുപ്പ് കണ്ണടയ്ക്കുകയാണ്. ജാഗ്രതാസമിതി യോഗം വിളിച്ചുചേർക്കുന്നതിൽപോലും ഉത്തരവാദപ്പെട്ടവർ വീഴ്ച വരുത്തുകയാണ്. കാടൻകൊല്ലി മുതൽ കാപ്പാട് വരെ 18 കിലോമീറ്റർ  പ്രതിരോധസംവിധാനം  ഏർപ്പെടുത്തുന്നതിനുള്ള പദ്ധതി ഫയലിൽ  ഉറങ്ങുകയാണ്. അതേസമയം കൃഷിയിടത്തിന്റെ അതിരിലെ വേലിയിൽ വന്യജീവികൾ കുടുങ്ങിയാൽ കുതിച്ചെത്തിയാണ് വനപാലകർ നടപടി സ്വീകരിക്കുന്നതെന്നും കാർഷിക പുരോഗമന സമിതി നേതാക്കൾ പറഞ്ഞു.

Latest News