Sorry, you need to enable JavaScript to visit this website.

ജിദ്ദയിലേക്ക് പുതിയ ഇന്ത്യൻ കോൺസൽ ജനറൽ, നൂർ റഹ്മാൻ ശൈഖ് വിദേശമന്ത്രാലയത്തിലേക്ക്

സദർ എ. ആലം, നൂർ റഹ്മാൻ ശൈഖ്

ജിദ്ദ- മലയാളികളുൾപ്പെടെയുള്ള പ്രവാസി ഇന്ത്യക്കാർക്കിടയിൽ പ്രിയംനേടിയ ജനകീയ നയതന്ത്രജ്ഞൻ ജിദ്ദയോട് വിട പറയുന്നു.
ഹജ് കോൺസൽ, കോൺസൽ ജനറൽ എന്നീ നിലകളിൽ രണ്ടു ടേമുകളിലായി സൗദി പശ്ചിമ പ്രവിശ്യയിലെ ഇന്ത്യക്കാർക്ക് മികച്ച സേവനം നൽകിയ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ഡൽഹി കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുകയാണ്. അധികം വൈകാതെ അദ്ദേഹത്തിന് ജോയന്റ് സെക്രട്ടറി പദവി ലഭ്യമാകുമെന്നറിയുന്നു. അടുത്ത മാസം ജിദ്ദയോട് വിട പറയുന്ന മണിപ്പൂർ സംസ്ഥാനക്കാരനായ നൂർ റഹ്മാൻ ശൈഖിന്റെ പിൻഗാമിയായി ബിഹാറിൽ നിന്നുള്ള സദർ എ. ആലം ചുമതലേയേൽക്കും. ഐക്യരാഷ്ട്രസഭയിലെ ഫസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണിപ്പോൾ സദർ എ. ആലം.

 ജിദ്ദയിലെ സേവനകാലം തന്റെ ജീവിതത്തിലെ അവിസ്മരണീയവും ആഹ്ലാദകരവുമായ അനുഭവമാണ്. സൗദിയിൽ ജീവിക്കുന്ന ഓരോ ഇന്ത്യക്കാരന്റേയും ക്ഷേമകാര്യങ്ങളിൽ ഈ രാജ്യം പുലർത്തി വരുന്ന ജാഗ്രതയും കരുതലും എടുത്ത് പറയേണ്ടതും സൗദി ഭരണാധികാരികളോടുള്ള കടപ്പാട് നാമെപ്പോഴും മനസ്സിൽ സൂക്ഷിക്കേണ്ടതുമാണ്. ഇന്ത്യയുടെ യശസ്സ് ഈ പ്രവാസ ലോകത്ത് നാം ഉയർത്തിപ്പിടിക്കുകയും വേണം. ഇവിടത്തെ ഇന്ത്യക്കാർക്ക് നൽകാനുള്ള സന്ദേശമിതാണ്-  കോൺസൽ ജനറൽ നൂർ റഹ്മാൻ ശൈഖ് മലയാളം ന്യൂസിനോട് പറഞ്ഞു.


മലയാളി സംഘടനകൾക്കും പ്രവർത്തകർക്കും എപ്പോഴും കോൺസുലേറ്റിന്റെ വാതിൽ തുറന്നിട്ട 2004 ബാച്ച് ഐ.എഫ്.എസുകാരനായ നൂർ റഹ്മാൻ ശൈഖിന്റെ ആദ്യനിയമനം ജോർദാൻ തലസ്ഥാനമായ അമ്മാനിലായിരുന്നു. ജിദ്ദയിൽ ഹജ് കോൺസലായും ഡെപ്യൂട്ടി കോൺസൽ ജനറലായും മൂന്നു വർഷം സേവനമനുഷ്ഠിച്ചു ( 2012 -2015). ഐക്യരാഷ്ട്രസഭയിലെ പെർമനന്റ് സെക്രട്ടറി പദിവിയിലിരിക്കെ 2016 ൽ ജിദ്ദയിൽ കോൺസൽ ജനറലായി നിയമിതനായി. തുടർന്നുള്ള നാലു വർഷങ്ങളിൽ ഇന്ത്യക്കാരുടെ ഹജ്‌സേവനത്തിൽ പ്രശംസനീയമായ സേവനമാണ് ഇദ്ദേഹം അനുഷ്ഠിച്ചത്. 2016 ൽ 1,36,000 ഇന്ത്യക്കാരുണ്ടായിരുന്ന ഹാജിമാരുടെ ക്വാട്ട 2019 ആയപ്പോൾ രണ്ടുലക്ഷമായി ഉയർത്തിയതിനു പിന്നിലെ ആതിഥേയരാജ്യത്തെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും നിബന്ധനകൾ ക്രമീകരിക്കുന്നതിനും നൂർ റഹ്മാൻ െൈശഖ് നേതൃത്വം നൽകി. സൗദി ഓജർ കമ്പനി പ്രതിസന്ധികാലത്ത് 2000 ഇന്ത്യൻ തൊഴിലാളികളെ സുരക്ഷിതമായി തിരിച്ചയക്കുന്നതിനും അദ്ദേഹം മുൻകൈയെടുത്തു. യോഗവിദ്യയ്ക്ക് സൗദി അറേബ്യയുടെ ഔദ്യോഗിക അംഗീകാരം നേടിയെടുക്കുന്നതിനും ആദ്യമായി സൗദി വനിതയായ നൗഫ് അൽ മർവായിയുടെ യോഗാ ഫൗണ്ടേഷനെ ആദരിക്കുന്നതിനും അത് വഴി അവർക്ക് പത്മശ്രീ ലഭ്യമാകുന്നതിനും യോഗാ വിദഗ്ധൻ കൂടിയായ സി.ജിയുടെ പ്രവർത്തനങ്ങൾ സഹായകമായി. കോവിഡ് പ്രതിസന്ധിയുടെ ഈ സന്ദിഗ്ധഘട്ടത്തിൽ മലയാളികളുൾപ്പെടെയുള്ള ആ.ിരക്കണക്കിന് ഇന്ത്യക്കാരുടെ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകുന്നതിന് സഹപ്രവർത്തകരോടൊപ്പം സദാ സേവനനിരതനായിരിക്കുകയാണ് കോൺസൽ ജനറൽ. മെഡിക്കൽ ബിരുദധാരിണിയായ ഡോ. നാസ്‌നിൻ റഹ് മാനാണ് പത്‌നി. നാലു മക്കൾ.

 

Latest News