ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ്; പ്രധാന പ്രതി ഷെരീഫ്  അറസ്റ്റില്‍

കൊച്ചി- നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷെരീഫ് അറസ്റ്റില്‍. ഇയാളെ കൊച്ചിയില്‍ രഹസ്യമായി എത്തിച്ച ശേഷമാണ് പോലിസ് അറസ്റ്റ് ചെയ്ത വിവരം പുറത്തുവിട്ടത്.ഇയാളെ രഹസ്യകേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തതതായും വിവരമുണ്ട്. തമിഴ്‌നാട്ടില്‍ ഒളിവിലായിരുന്ന ഷെരീഫ് കോടതിയില്‍ കീഴടങ്ങാന്‍ ശ്രമം നടത്തുന്നതിനിടെയാണ് അറസ്റ്റ്.

ഷംന അടക്കമുള്ള മറ്റ് പെണ്‍കുട്ടികളില്‍ നിന്നും പണം തട്ടിയ കേസുകളില്‍ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നാണ് ആരോപണം. ഇയാള്‍ക്കെതിരെ ലൈംഗിക ചൂഷണം അടക്കമുള്ള പരാതികളുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ പരാതികളും ഒറ്റ പരാതിയായി കണ്ട് തെളിവ് ശേഖരിക്കാനാണ് പോലിസിന്റെ നീക്കം.

അതേസമയം കേസ് പിന്‍വലിപ്പിക്കാന്‍ കനത്ത സമ്മര്‍ദ്ദമുള്ളതായി പരാതിക്കാരിയായ മോഡല്‍ അറിയിച്ചു. അതേസമയം ഷംന കാസിം ഷൂട്ടിങ് ആവശ്യാര്‍ത്ഥം ഹൈദരാബാദിലാണ് ഉള്ളത്. തിരിച്ചെത്തിയാല്‍ ഉടന്‍ മൊഴിയെടുക്കും. കേസില്‍ ഏഴ് പ്രതികളാണ് ഉള്ളതെന്ന് പോലിസ് അറിയിച്ചു.
 

Latest News