Sorry, you need to enable JavaScript to visit this website.

ജെപി നദ്ദ അര്‍ദ്ധ സത്യം മാത്രം പറയുന്നതില്‍ വിദഗ്ധന്‍: പി ചിദംബരം

ന്യൂദല്‍ഹി- ബിജെപി നേതാവ് ജെപി നദ്ദ അര്‍ദ്ധസത്യം മാത്രം പറയുന്നതില്‍ വിദഗ്ധനാണെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. 2005ല്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രാജീവ്ഗാന്ധി ഫൗണ്ടേഷന്  ഇരുപത് ലക്ഷം രൂപ നല്‍കിയെന്ന പ്രസ്താവനക്ക് എതിരെയാണ് പരാമര്‍ശം. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സര്‍ക്കാര്‍ നിലപാടുകള്‍ സംബന്ധിച്ച് പ്രതിപക്ഷം ചോദ്യം ഉന്നയിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവ് മറുപടിയെന്നോണം പുതിയ ആരോപണം ഉന്നയിച്ചത്. 

രാജീവ്ഗാന്ധി ഫൗണ്ടേഷന്‍ ഇരുപത് ലക്ഷം രൂപ തിരിച്ചുനല്‍കിയാല്‍ ചൈനയുടെ കൈയ്യേറ്റങ്ങള്‍  നീക്കി നില പുന:സ്ഥാപിക്കാമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കുമോയെന്ന് പി. ചിദംബരം ചോദിച്ചു. 2005ല്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇരുപത് ലക്ഷം രൂപ രാജീവ്ഗാന്ധി ഫൗണ്ടേഷന് കൈമാറിയത് സംബന്ധിച്ച് ബിജെപി നേതാവ് ജെപി നദ്ദ അര്‍ധദ്ധസത്യം മാത്രമാണ് പറയുന്നതെന്നും ചിദംബരം പറഞ്ഞു.2005-2006,2007-2008 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം രാജീവ്ഗാന്ധി ഫൗണ്ടേഷന് വേണ്ടി ചെലവഴിച്ചുവെന്നാണ് ബിജെപി ദേശീയധ്യക്ഷന്‍ ആരോപിച്ചത്. 
,എന്നാല്‍ യുപിഎ ഭരണകാലത്ത് ഈ നിധിയില്‍ നിന്നുള്ള പണം രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കി,അന്ന്  ബോര്‍ഡില്‍ ഉണ്ടായിരുന്നത് സോണിയാഗാന്ധിയാണ്.

രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അധ്യക്ഷയും സോണിയാ ഗാന്ധിയാണ്,ഈ നടപടി തികച്ചും അപലപനീയം ആണെന്നും ബിജെപി അധ്യക്ഷന്‍ ട്വിറ്ററില്‍ പറയുന്നു. ധാര്‍മികതയേയും നടപടി ക്രമങ്ങളെയും അവഗണിച്ച് ഒട്ടും സുതാര്യം അല്ലാത്ത നടപടിയെന്നാണ് നദ്ദ ഇതിനെ വിശേഷിപ്പിച്ചത്. ഒരു കുടുംബത്തിന്റെ ധനാര്‍ത്തിക്ക് വേണ്ടി രാജ്യം വളരെയധികം വിലനല്‍കി,സ്വന്തം നേട്ടങ്ങള്‍ക്കായി നടത്തിയ കൊള്ളയ്ക്ക് കോണ്‍ഗ്രസിന്റെ രാജകുടുംബം മാപ്പ് പറയണം,നദ്ദ ട്വീറ്റ് ചെയ്തിരുന്നു. ഇതിനിടെ ചൈനയില്‍ നിന്നും രാജീവ്ഗാന്ധി ഫൗണ്ടേഷന്‍ സംഭാവന സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍ ചൈനയുടെ അധിനിവേശം സംബന്ധിച്ച കാര്യങ്ങള്‍ മറച്ചുവെക്കാന്‍ പതിനഞ്ച് വര്‍ഷം മുമ്പ് നടന്ന സംഭവങ്ങളും തമ്മില്‍ സമാനതകള്‍ സൃഷ്ടിക്കാനാണ് ബിജെപി നേതാവ് അനാവശ്യമായി ശ്രമിക്കുന്നതെന്ന് ചിദംബരം പറഞ്ഞു. അര്‍ദ്ധസത്യങ്ങള്‍ സംസാരിക്കാന്‍ നദ്ദ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. രാജീവ്ഗാന്ധി ഫൗണ്ടേഷന് നല്‍കിയ ഇരുപത് ലക്ഷം  രൂപ ആന്തമാന്‍ നികോബാറിലെ സുനാമി ദുരിതാശ്വാസങ്ങള്‍ക്കായിരുന്നുവെന്ന് തന്റെ സഹപ്രവര്‍ത്തകന്‍ രണ്‍ദീപ് സുര്‍ജോവാല ഇന്നലെ തന്നെ തുറന്നുപറഞ്ഞിരുന്നുവെന്നും ചിദംബരം ട്വീറ്റ് ചെയ്തു.

പതിനഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ഗ്രാന്റും ചൈനയുടെ കടന്നുകയറ്റവും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്ന് നദ്ദ പറയണമെന്നും അദ്ദേഹം പറഞ്ഞു.യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാനും' ഇന്ത്യന്‍ പ്രദേശത്തെ ചൈനീസ് നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും അദ്ദേഹം നദ്ദയോട് അഭ്യര്‍ത്ഥിച്ചു, ഒരു ഉപഗ്രഹ ചിത്രം പങ്കുവെച്ച്, അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യയുടെ മാറ്റവും ചൈനയുടെ നിലപാടും വ്യക്തമാക്കുന്നു.

Latest News