Sorry, you need to enable JavaScript to visit this website.

വിവാദങ്ങൾ അടിസ്ഥാനരഹിതം; വാരിയംകുന്നത്ത് സിനിമയിലേക്ക് തിരിച്ചുവരും-റമീസ്

മലപ്പുറം- പൃഥിരാജ് നായകനാകുന്ന വാരിയംകുന്നത്ത് സിനിമയിലേക്ക് തിരക്കഥാകൃത്ത് എന്ന നിലയിൽ തിരിച്ചുവരുമെന്നും തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാനാകുമെന്നും തിരക്കഥാകൃത്തുക്കളിൽ ഒരാളായ റമീസ് മുഹമ്മദ്. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു റമീസ്.
റമീസിന്റെ വിശദീകരണം:
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.

എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.

ഈ വിവരങ്ങൾ 'വാരിയംകുന്നൻ' എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും റമീസ് വ്യക്തമാക്കി.

 

Latest News