Sorry, you need to enable JavaScript to visit this website.

യെമന്‍ സൈനികരെ കബളിപ്പിച്ച് പണം തട്ടിയ രണ്ട് പേര്‍ പൂനെയില്‍ അറസ്റ്റില്‍

മുംബൈ- എംബസി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മുംബൈയില്‍ ചികിത്സയിലുള്ള യെമന്‍ സൈനികരില്‍നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയ രണ്ട് യെമന്‍ പൗരന്മാര്‍ പിടിയിലായി.
മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ക്കെന്ന വ്യാജേന 2.05 ലക്ഷം രൂപ വാങ്ങി സൈനികരെ കബളിപ്പിച്ച  ഫഹദ് റദ്്‌വാന്‍ അല്‍ മസ്താരി (33), അലി അബ്ദുല്‍ഗനി അലി അല്‍ ഗൗസി (24) എന്നിവരെയാണ് പൂനെയില്‍ വെച്ച് പൊവായി  പോലീസ് അറസ്റ്റ് ചെയ്തത്.
യെമന്‍ ആഭ്യന്തര യുദ്ധത്തില്‍ പരിക്കേറ്റ അഞ്ച് സൈനികര്‍ ഫെബ്രുവരിയിലാണ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ്. ഇവര്‍ ഇപ്പോള്‍ പൊവായ് ലേക്ക് ബ്ലൂ റെസിഡന്‍സിയില്‍ താമസിക്കുകയാണ്. ഭന്ദൂപ്പിലെ ഫോര്‍ട്ടിസ് ആശുപത്രിയിലായിരുന്നു ചികിത്സ.
ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് പ്രതികള്‍ ദല്‍ഹിയില്‍നിന്നുള്ള  യെമന്‍ എംബസി ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി സൈനികരെ സമീപിച്ചത്. നവി മുംബൈയിലെ അപ്പോളോ ആശുപത്രിയില്‍ മെച്ചപ്പെട്ട ചികിത്സ ഒരുക്കാമെന്നായിരുന്നു വാഗ്ദാനം. ഇതു വിശ്വസിച്ച സൈനികര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് തങ്ങളുടെ പാസ്‌പോര്‍ട്ടുകളും ബാങ്ക് അക്കൗണ്ട് പാസ് വേഡുകളും നല്‍കി.
പ്രതികളായ ഇരുവരും അഞ്ച് യെമന്‍ സൈനികരുടെ ബാങ്ക് അക്കൗണ്ട് കോഡുകള്‍ ഉപയോഗിച്ച് 11,500 സൗദി റിയാലിന് തുല്യമായ തുക പിന്‍വലിക്കുകയായിരുന്നു.  യെമന്‍ കോണ്‍സുലേറ്റില്‍ അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി സൈനികര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പൊവായ് പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ കോളുകളും മറ്റും പരിശോധിച്ചാണ് പ്രതികള്‍ പൂനെയിലാണെന്ന് മനസ്സിലാക്കിയതെന്നും ഉടന്‍ തന്നെപോലീസ് സംഘത്തെ അങ്ങോട്ട് അയച്ചെന്നും പൊവായ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സുധാകര്‍ കാംബ്ലെ പറഞ്ഞു.  പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മുംബൈയിലെത്തിച്ചു.

 

Latest News