കൊണ്ടോട്ടി - വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ വിമാനങ്ങളെത്തിയതോടെ നാട്ടിലേക്ക് മടങ്ങാൻ വാഹനങ്ങളില്ലാതെ പ്രവാസികൾ ദുരിതത്തിലാകുന്നു. കരിപ്പൂരിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ യാത്രക്കാരാണ് വന്നെത്തുന്നത്. എന്നാൽ മതിയായ കെ.എസ്.ആർ.ടി സി ബസുകളോ, ടാക്‌സികളോ ലഭ്യമാകുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. ദിവസേന 20 ലേറെ വിമാനങ്ങളാണ് കരിപ്പൂരിലെത്തുന്നത്. വീടുകളിൽ നിന്ന് യാത്രക്കാരെ സ്വീകരിക്കാൻ വാഹനങ്ങളെത്താത്തതിനാൽ എയർപോർട്ട് ടാക്‌സികൾ തികയാതെ വരുന്ന അവസ്ഥയാണ്.
കെ.എസ്.ആർ.ടി.സി ബസുകളുടെ അഭാവവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. രാവിലെ എയർപോർട്ടിൽ എത്തുന്ന പലർക്കും രാത്രിയോടെ ബസിൽ പോകേണ്ട ഗതികേടാണ്. കഴിഞ്ഞ ദിവസം 24 വിമാനങ്ങളിലായി കരിപ്പൂരിലെത്തിയത് 4500 ലേറെ പ്രവാസികളാണ്. ഇന്നലെ കരിപ്പൂരിലെത്തിയ പ്രവാസികൾ മതിയായ വാഹനം സൗകര്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ചു. യാത്രക്കാർക്ക് വെള്ളമടക്കം വിമാനത്താവളത്തിൽ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കോവിഡ്-19നെ തുടർന്ന് പ്രവാസി മടങ്ങിവരവ് ആരംഭിച്ചതിന് ശേഷം കൂടുതൽ വിമാനങ്ങളാണ് കരിപ്പൂരിലെത്തുന്നത്.