Sorry, you need to enable JavaScript to visit this website.

സിനിമകൾക്ക്  വിലക്കേർപ്പെടുത്തി; രൂക്ഷ വിമർശനവുമായി സംവിധായകൻ

കൊച്ചി - പുതിയ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഘടനകൾക്കും നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഞങ്ങളോട് സിനിമയുണ്ടാക്കരുതെന്ന് പറയരുതെന്നും അങ്ങനെ ചെയ്താൽ നിങ്ങൾ ദയനീയമായി തോൽക്കുമെന്നും ലിജോ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു.


'ഇന്നു മുതൽ സിനിമയെന്നാൽ എനിക്ക് പണം ഉണ്ടാക്കാനുള്ള ഒരു ഉപകരണമല്ല. മറിച്ച് എന്റെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണ്. ഞാനൊരു സ്വതന്ത്ര സിനിമാ സംവിധായകനാണ്. സിനിമയിൽ നിന്ന് എനിക്ക് ലഭിച്ച പണം മുഴുവൻ മികച്ച സിനിമകൾ ഉണ്ടാക്കാൻ മാത്രമെ ഞാൻ മുടക്കൂ. മറ്റൊന്നിനും വേണ്ടി ചെലവാക്കില്ല. എനിക്ക് യോജിച്ചതെന്നു തോന്നുന്ന സ്ഥലത്ത് ഞാൻ എന്റെ സിനിമ പ്രദർശിപ്പിക്കും. കാരണം ഞാനാണ് അതിന്റെ സ്രഷ്ടാവ്. നാമൊരു മഹാമാരിക്കു നടുവിലാണ്. യുദ്ധസമാനമായ അന്തരീക്ഷം. ജോലിയില്ലാത്ത ആളുകൾ, ദാരിദ്ര്യം, മതപരമായ പ്രശ്‌നങ്ങൾ എല്ലാം നമ്മെ അലട്ടുന്നു. ആളുകൾ സ്വന്തം വീട്ടിലെത്താൻ വേണ്ടി മാത്രം ആയിരക്കണക്കിന് കാതങ്ങൾ സഞ്ചരിക്കുന്നു. കലാകാരന്മാർ മാനസിക വിഷമത്താൽ ജീവൻ വെടിയുന്നു.


ആളുകളെ പ്രചോദിപ്പിക്കാനായി മികച്ച കലാസൃഷ്ടികൾ ഉണ്ടാക്കേണ്ട സമയം ഇതാണ്. അവർക്ക് ജീവനോടെ ഇരിക്കാനുള്ള ഒരു പ്രതീക്ഷ നൽകുന്നതിന് ഉതകുന്ന കലാസൃഷ്ടികൾ. ഞങ്ങളോട് ജോലി നിർത്താൻ ആവശ്യപ്പെടരുത്. ഞങ്ങളോട് സൃഷ്ടികൾ ഉണ്ടാക്കരുതെന്ന് പറയരുത്. ഞങ്ങളുടെ ആത്മാർഥതയെ ചോദ്യം ചെയ്യരുത്, ഞങ്ങളുടെ സ്വാഭിമാനത്തെ ചോദ്യം ചെയ്യരുത്, നിങ്ങൾ ദയനീയമായി തോറ്റു പോകും, കാരണം ഞങ്ങൾ കലാകാരന്മാരാണ്' -ലിജോ എഴുതി.
കഴിഞ്ഞ ദിവസമാണ് 'എ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ലിജോ നടത്തിയത്. ജൂലൈ ഒന്നിന് ആ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വാർത്ത. നേരത്തെ 'ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ' എന്ന് ലിജോ ഫെയ്‌സ്ബുക്കിൽ എഴുതിയത് വിവാദമായിരുന്നു.

 

Latest News