ദമാം - കെ. എം. സി. സി നേതൃത്വം നൽകിയ ദമാമിൽനിന്നുളള രണ്ടു ചാർട്ടേഡ് വിമാനങ്ങൾ കൊച്ചിയിലും കോഴിക്കോടുമെത്തി.
259 യാത്രക്കാരുമായാണ് സൗദി എയർലൈൻസ് ജംബോ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഏറെ കാലത്തെ ശ്രമങ്ങൾക്കൊടുവിലാണ് എല്ലാ കടമ്പകളും പൂർത്തീകരിച്ചു ചാർട്ടേഡ് വിമാനങ്ങൾക്ക് പറക്കാനായത്. ചാർട്ടേഡ് വിമാനങ്ങൾക്ക് കേരളത്തിലേക്ക് സർവ്വീസ് നടത്തുന്നതിന് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നൽകണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് അനിശ്ചിതത്വം നിലനിന്നിരുന്നു. അതു പിൻവലിച്ചതോടെ കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു. സുരക്ഷിതമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വിമാനത്തിൽ സീറ്റുകൾ ക്രമീകരിച്ചിരുന്നത്. യാത്രക്കാർക്കുള്ള പി പി ഇ കിറ്റുകൾ കെ എം സി സി തന്നെ സൗജന്യമായി നൽകി. കെ എം സി സി ഈസ്‌റ്റേൺ പ്രൊവിൻസ് കമ്മിറ്റിയാണ് വിമാന സർവ്വീസിനു നേതൃത്വം നൽകിയത്.
കെ എം സി സി സെൻട്രൽ കമ്മിറ്റി നേതൃത്വം നൽകിയ കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് ചാർട്ടേഡ് വിമാനം ദമാമിൽ നിന്നും 178 യാത്രക്കാരുമായാണ് കോഴിക്കോട് എത്തിയത്. ദമാം വിമാനത്താവളത്തിൽ ബോർഡിംഗ് പാസ് എടുക്കുന്നതിനും എമിഗ്രേഷൻ പൂർത്തീകരിക്കുന്നതിനും കെ എം സി സി നേതാക്കളുടെ നേതൃത്വത്തിലുള്ള വളണ്ടിയർ സംഘം വിമാനത്താവളത്തിലുണ്ടായിരുന്നു. കെ എം സി സി സൗദി നാഷണൽ സെക്രട്ടറി ഖാദർ ചെങ്കള, ഈസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ, ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, ട്രഷറർ സി പി ശരീഫ് എന്നിവർ നേതൃത്വം നൽകി.