Sorry, you need to enable JavaScript to visit this website.

തലശേരി-മൈസൂരു റെയിൽ പദ്ധതി; സാധ്യത മങ്ങുന്നു

കൽപറ്റ-റെയിൽവേ മന്ത്രാലയത്തിന്റെയും കേരള സർക്കാരിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ  വിഭാവനം ചെയ്ത തലശേരി-മാനന്തവാടി-പുൽപള്ളി-കടഗോള-മൈസൂരു റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതിനു സാധ്യത മങ്ങുന്നു. പദ്ധതിക്കായി കബനി നദിക്കു സമാന്തരമായി 11.05 കിലോമീറ്റർ തുരങ്കപ്പാത നിർമിക്കാൻ കർണാടക സർക്കാരിന്റെ  തത്വത്തിലുള്ള  സമ്മതം  ഉണ്ടെങ്കിലും  കർണാടക വനം വകുപ്പ് അനുമതി നൽകാൻ തയാറാകുന്നില്ല. പദ്ധതിക്കു പച്ചക്കൊടി വീശാൻ വിസമ്മതിക്കുകയാണ് പരിസ്ഥിതിവാദികളും. പദ്ധതിക്കെതിരായ പോരാട്ടത്തിൽ ഉറച്ചുനിൽക്കുകയാണ് കർണാടകയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങൾ. പരിസ്ഥിതിയുടെയും  ജൈവവൈവിധ്യത്തിന്റെയും ശോഷണത്തിനു പദ്ധതി ആക്കംകൂട്ടുമെന്നാണ് ഹരിതസംഘടനാസാരഥികളുടെ വാദം.
റെയിൽവേ പിങ്ക് ബുക്കിൽ ഉൾപ്പെടുത്തിയ  നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽ പദ്ധതിയെ തഴഞ്ഞു കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ നിർദേശിച്ചതാണ് തലശേരി-മൈസൂരു പാത. തലശേരിയെ കൂത്തുപറമ്പ്, മാനന്തവാടി, തൃശിലേരി, കുട്ട, തിത്തിമത്തി വഴി മൈസൂരുമായി ബന്ധിപ്പിക്കുന്ന വിധത്തിലാണ്  ആദ്യം പാത വിഭാവനം ചെയ്തത്. വൈകാതെ  ഡൽഹി മെട്രോ റെയിൽ കോർപറേഷൻ(ഡി.എം.ആർ.സി) പദ്ധതിയുടെ കേരള ഭാഗത്തു സർവേ നടത്തി പ്രൊജക്ട് റിപ്പോർട്ട് തയാറാക്കി. എന്നാൽ പദ്ധതിക്കെതിരെ കൂർഗിലെ പരിസ്ഥിതി സംഘടനകൾ രംഗത്തുവന്നു. പരിസ്ഥിതിലോലമായ കുടകിലൂടെ റെയിൽപാത അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റി ഉൾപ്പെടെ പരിസ്ഥിതി പ്രസ്ഥാനങ്ങൾ.  ഈ സാഹചര്യത്തിലാണ് തലശേരി-മാനന്തവാടി-പുൽപള്ളി കൊളവള്ളി-എച്ച്.ഡികോട്ട-കടഗോള-മൈസൂരു പാതയെക്കുറിച്ചു ആലോചന മുറുകിയത്. ഈ പാതയുടെ കേരള ഭാഗത്തെ ഡി.പി.ആർ കൊങ്കൺ റെയിൽ കോർപറേഷനാണ്  തയാറാക്കിയത്. കർണാടക ഡി.പി.ആർ തയാറാക്കിയില്ലെങ്കിലും നാഗർഹോള കടുവാസങ്കേതത്തിൽ കബനി നദിയോടു ചേർന്നുള്ള ഭാഗത്തു തുരങ്കം നിർമിച്ചു പാത യാഥാർഥ്യമാക്കുന്നതിനു അനുകൂല നിലപാട് സ്വീകരിക്കുകയായിലുന്നു.  പക്ഷേ, ഈ പദ്ധതിക്കെതിരെയും കുടകിലേതടക്കം പരിസ്ഥിതി സംഘടനകൾ രംഗത്തുവന്നു. തലശേരി-മൈസൂരു,  കുശാൽനഗർ-മൈസൂരു റെയിൽ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തടയുന്നതിനു കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റി മുൻ പ്രസിഡന്റ് റിട്ടയേർഡ് കേണൽ സി.പി.മുത്തണ്ണ കർണാടക ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹരജി സമർപ്പിച്ച് അനുകൂല ഉത്തരവ് നേടി. പാരിസ്ഥിതികാനുമതി നേടിയശേഷം മാത്രം ഈ റെയിൽ പദ്ധതികളുമായി മുന്നോട്ടുപോയാൽ മതിയെന്നാണ് ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് അധ്യക്ഷനായ കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ത്യൻ റെയിൽവേക്കു നിർദേശം നൽകിയത്.
തലശേരിയിൽനിന്നു കുടകിലൂടെ മൈസൂരുവിലേക്കുള്ള റെയിൽ പദ്ധതി റെയിൽ മന്ത്രാലയം എഴുതിത്തള്ളിയിട്ടില്ല. പദ്ധതി പരിഗണനയിലുണ്ടെന്നാണ് ഫെബ്രുവരി അഞ്ചിനു കെ.മുരളീധരൻ എം.പിയുടെ ചോദ്യത്തിനുകേന്ദ്ര റെയിൽ മന്ത്രി പീയുഷ് ഗോയൽ ലോക്‌സഭയിൽ മറുപടി നൽകിയത്. പദ്ധതിയുടെ ഡി.പി.ആർ തയാറാണെന്നും വിഷയത്തിൽ കേരള, കർണാടക സർക്കാരുകൾ തീരുമാനമെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനെ ഗൗരവത്തോടെയാണ് കുടകിലെ പ്രകൃതി സ്‌നേഹികൾ കണ്ടത്.  കുടകിന്റെ ചില ഭാഗങ്ങളിൽ അടുത്തിടെ മണ്ണിടിച്ചിൽ ഉണ്ടായി. ഇതിനെയും കുടകിലൂടെയുള്ള റെയിൽ പദ്ധതിക്കെതിരായ നീക്കത്തിൽ ഉപയോഗപ്പെടുത്താനാണ് പരിസ്ഥിതി സംഘടനകളുടെ പരിപാടി.
മലബാറിനെ ബംഗളൂരുമായി  എളുപ്പം ബന്ധിപ്പിക്കുന്നതാണ് തലശേരിയിൽനിന്നു മൈസൂരുവിലേക്കു വിഭാവനം ചെയ്ത രണ്ടു റെയിൽ പാതകളും. നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽ പദ്ധതിയും മലബാറിനു ഏറെ ഗുണം ചെയ്യും. ഈ പദ്ധതികളിൽ ഒന്നെങ്കിലും പാളംകയറും എന്ന പ്രതീക്ഷ വയനാട്ടിലടക്കം മലബാറിന്റെ വിവിധ ഭാഗങ്ങളിലുള്ളവരിൽ അണയുകയാണ്.

 

Latest News